ആദ്യപാദത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് വമ്പന്‍ ബോണസ് നല്കി സന്തോഷിക്കാന്‍ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ്. ശരാശരി 80 ശതമാന തോതില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനാണ് ഇന്‍ഫോസിസ് ആലോചിക്കുന്നതെന്ന് മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്തു.
ഓരോ തലത്തിലുമുള്ള ജീവനക്കാര്‍ക്ക് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ് ആയിരിക്കും ലഭിക്കുക. PL4 ജീവനക്കാര്‍ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കി 80 ശതമാനം മുതല്‍ 89 ശതമാനം വരെയാണ് ബോണസ് നിശ്ചയിച്ചിരിക്കുന്നത്. PL5 വിഭാഗത്തിലുള്ളവര്‍ക്ക് 78 ശതമാനം മുതല്‍ 87 ശതമാനം വരെ ബോണസ് ലഭിക്കാം. PL6 വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് 75 ശതമാനം മുതല്‍ 85 ശതമാനം വരെ ബോണസിന് സാധ്യതയുണ്ട്.
PL4 വിഭാഗത്തില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് റേറ്റിംഗ് കിട്ടിയവര്ക്് 89 ശതമാനം ബോണസിന് യോഗ്യതയുണ്ടാകും. ഇതേ വിഭാഗത്തില്‍ ശ്രദ്ധ ആവശ്യമാണ് എന്ന റേറ്റിംഗ് ലഭിച്ചാലും നിരാശരാകേണ്ടതില്ല, 80 ശതമാനം ബോണസ് ലഭിക്കും. അതുപോലെ PL6 വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് 85 ശതമാനം ബോണസും മെച്ചപ്പെടുത്തല്‍ ആവശ്യമാണ് എന്ന റേറ്റിംഗ് ലഭിച്ചവര്‍ക്ക് 75 ശതമാനവും ബോണസ് ലഭിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ശരാശരി ബോണസ് കമ്പനി വളരെയധികം കൂട്ടിയിട്ടുണ്ട്. മുന്‍വര്‍ഷം 65 ശതമാനം ബോണസാണ് കമ്പനി യോഗ്യതയുള്ള ജീവനക്കാര്‍ക്ക് അനുവദിച്ചത്.
ജീവനക്കാരുടെ ഇ-ഡോക്കറ്റുകളില് പെര്‍ഫോമന്‍സ് ബോണസ് ലെറ്ററുകള്‍ അപ്ലോഡ് ചെയ്യുമെന്നാണ് ക്മ്പനി അറിയിച്ചിരിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനി മികച്ച ലാഭം കൊയ്തിരുന്നു. ആദ്യപാദത്തിലെ കമ്പനിയുടെ ലാഭം മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.7 ശതമാനം ഉയര്‍ന്ന് 6,921 കോടി രൂപയിലെത്തി. വരുമാനം 7.5 ശതമാനം വര്‍ധിച്ച് 42,279 കോടി രൂപയിലെത്തി.




