യൂറോപ്പിലെ ഏറ്റവും വലിയ എയറോസ്പേസ് കമ്പനിയായ എയര്‍ബസിന്റെ ഒരു യോഗം ഈ ആഴ്ച ഡെല്‍ഹിയില്‍ നടക്കാന്‍ പോകുകയാണ്. ആദ്യമായാണ് എയര്‍ബസിന്റെ ഒരു യോഗം ഇന്ത്യയില്‍ സംഘടിപ്പിക്കുന്നത്. ആഗോള വ്യോമയാന, എയറോസ്പേസ് വിപണിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ചയും രാജ്യം ഏറെ പ്രതീക്ഷയോടെ കാണുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ യൂറോപ്യന്‍ വിമാനക്കമ്പനയുടെ ഡയറക്ടര്‍മാര്‍ യോഗം ചേരാന്‍ ഡെല്‍ഹി തിരഞ്ഞെടുത്തത് പ്രതീക്ഷയോടെ വേണം കാണാന്‍.
സാധാരണഗതിയില്‍ ഇത്തരം യോഗങ്ങള്‍ യൂറോപ്പില്‍ തന്നെയാണ് എയര്‍ബസ് നടത്താറുള്ളത്. അല്ലെങ്കില്‍ എയര്‍ബസിന്റെ നിര്‍മ്മാണം ഉള്ള രാജ്യങ്ങളില്‍. 2018ല്‍ ചൈനയില്‍ എയര്‍ബസ് യോഗം നടന്നിരുന്നു. അതുപക്ഷേ, A320 വിമാനങ്ങളുടെ ഒടുവിലത്തെ അസംബ്ലിംഗ് നടക്കുന്ന ഇടം എന്ന നിലയ്ക്കായിരുന്നു.
എയര്‍ബസ് ഡയറക്ടര്‍മാര്‍ വരുംദിവസങ്ങളില്‍ തലസ്ഥാനത്തെത്തുമെന്ന് വാര്‍ത്തയുടെ സ്രോതസ്സിനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യം മെയ്ക്ക് ഇന്‍ ഇന്ത്യ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സമയം കൂടിയാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ വിമാനങ്ങളുടെ പ്രാദേശിക നിര്‍മ്മാണത്തിന് എയറോസ്പേസ് കമ്പനികളെ സര്‍ക്കാര്‍ രാജ്യത്തേക്ക് ക്ഷണിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ 1500ലധികം യാത്രാവിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാന്‍ എയര്‍ബസ്, ബോയിംഗ് തുടങ്ങിയ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യാസന്ദര്‍ശനത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഇന്‍ഡിഗോ, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. വരുംവര്‍ഷങ്ങളില്‍ ആയിരത്തോളം വിമാനങ്ങളാണ് ഈ രണ്ടുകമ്പനികള്‍ക്കായി എയര്‍ബസ് ഡെലിവറി ചെയ്യാനിരിക്കുന്നത്. 2023-ല്‍ ഇന്‍ഡിഗോ 500 എയര്‍ബസ് 320 ഫാമിലി ജെറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. വാണിജ്യ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഖ്യയാണിത്. എയര്‍ഇന്ത്യയ്ക്കായി ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രങ്ങളും എയര്‍ബസ് രാജ്യത്ത് തുടങ്ങുന്നുണ്ട്.
ഹൈദരാബാദിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, കര്‍ണ്ണാടകയിലെ ഡൈനമാറ്റിക്സ് ടെക്നോളജീസ് എന്നിവയും എയര്‍ബസ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ സന്ദര്‍ശിക്കും. എയര്‍ബസിന്റെ ആഗോള വിതരണ കമ്പനികളില്‍ ആദ്യസ്ഥാനത്താണ് ഈ കമ്പനികള്‍.
സന്ദര്‍ശനത്തിന്റെ പ്രാധാന്യം
എയര്‍ബസ് ഇന്ത്യയ്ക്ക് തന്ത്രപരമായ പ്രാധാന്യം തന്നെയാണ് വാര്‍ഷിക യോഗത്തിനായി അവര്‍ ന്യൂഡെല്‍ഹി തിരഞ്ഞെടുത്തതില്‍ പ്രതിഫലിക്കുന്നത്. വളര്‍ന്നുവരുന്ന സജീവമായ വിപണി എന്ന നിലയില്‍ മാത്രമല്ല, ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തന്ത്രപ്രധാന കേന്ദ്രമെന്ന നിലയിലും അവര്‍ ഇന്ത്യയെ കാണുന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് എയര്‍ബസ് പ്രതിനിധികള്‍ തന്നെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിര്‍മ്മാണം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് എയര്‍ബസ്. c-295 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ക്കായി ഗുജറാത്തിലെ വഡോദരയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുകയാണ് കമ്പനി. യാത്രാവിമാനങ്ങള്‍ക്കായി കര്‍ണ്ണാടകയിലെ കോലാറിലും എയര്‍ബസിന്റെ നിര്‍മ്മാണ കേന്ദ്രം വരുന്നുണ്ട്. പക്ഷേ ചൈനയിലേത് പോലെ വിമാനം അസംബിള്‍ ചെയ്യുന്ന കേന്ദ്രങ്ങള്‍ എന്നതിലുപരിയായി ഘടക ഭാഗങ്ങള്‍ സമാഹരിക്കുന്ന ഇടമായാണ് എയര്‍ബസ് ഇന്ത്യയെ കാണുന്നത്. ഇന്ത്യയില്‍ നാല്‍പ്പതോളം വിതരണക്കാര്‍ എയര്‍ബസിനുണ്ട്. ഏതാണ്ട് 1.4 ബില്യണ്‍ ഡോളറിന്റെ ഘടകഭാഗങ്ങളാണ് കമ്പനി ഇന്ത്യയില്‍ നിന്നും സമാഹരിക്കുന്നത്. ഇത് 2030ഓടെ 2 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷ.