അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍, ഗ്യാസ് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന് ആരോപിച്ച് ഇന്ത്യക്കുമേല്‍ അധിക താരിഫ് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനുനയിപ്പിക്കാനാണ് നീക്കം. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി ഗോയലും സംഘവും യുഎസിലാണുള്ളത്.
‘വരും വര്‍ഷങ്ങളില്‍ യുഎസുമായുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അടുത്ത സുഹൃത്തുക്കള്‍, സ്വാഭാവിക പങ്കാളികള്‍ എന്ന നിലയില്‍, ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങളില്‍ യുഎസ് പങ്കാളിത്തത്തിന്റെ വളരെ ഉയര്‍ന്ന ഘടകമുണ്ടാകും,’ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ ഗോയല്‍ പറഞ്ഞു.
വ്യാപാരക്കമ്മി കുറയ്ക്കാന്‍ ശ്രമം
ഇന്ത്യയും യുഎസും തമ്മില്‍ നിലവില്‍ 45.7 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണുള്ളത്. ഇത് കുറച്ചുകൊണ്ടു വരണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. യുഎസില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്താല്‍ ഇന്ത്യക്ക് ഈ കമ്മി കുറെയൊക്കെ കുറച്ചുകൊണ്ടു വരാനാകും. ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള ചില നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.
ഓഗസ്റ്റില്‍ യുഎസില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബറിലും നവംബറിലുമായി അഞ്ച് മില്യണ്‍ ബാരല്‍ യുഎസ് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഐഒസി (ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്) കരാറൊപ്പിട്ടിട്ടുണ്ട്. ബിപിസിഎലും റിലയന്‍സ് ഇന്‍ഡസ്ട്രീസും രണ്ട് മില്യണ്‍ ബാരല്‍ യുഎസ് ക്രൂഡ് ഓയില്‍ വാങ്ങി.
റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരും
ഇതൊക്കെയാണെങ്കിലും റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് കുറയ്ക്കാന്‍ ഇന്ത്യ തയാറായിട്ടില്ല. ബിസിനസ് നടക്കേണ്ടതു പോലെ നടക്കുമെന്നും വാങ്ങേണ്ടാത്തവര്‍ ഇന്ത്യയില്‍ നിന്ന് ഓയില്‍ വാങ്ങേണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ റഷ്യന്‍ ക്രൂഡ് പതിവുപോലെ വാങ്ങാനാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഇന്ത്യയുടെ എണ്ണ വാങ്ങല്‍
2024-25 ല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 35.1% റഷ്യയില്‍ നിന്നാണ്. ഇറാഖില്‍ നിന്ന് 19.1% എണ്ണയും സൗദി അറേബ്യയില്‍ നിന്ന് 14% എണ്ണയും ഇന്ത്യ വാങ്ങി. യുഎഇയില്‍ നിന്ന് 9.7%, കുവൈറ്റില്‍ നിന്ന് 2.8% എന്നിങ്ങനെയാണ് ഇറക്കുമതി. യുഎസില്‍ നിന്ന് 4.6% എണ്ണയാണ് ഇന്ത്യ കഴിഞ്ഞവര്‍ഷം വാങ്ങിയത്. 2021-22 ല്‍ ഇത് 8.9 ആയിരുന്നു.


