രക്ഷപെടുക എന്ന ഒറ്റ ലക്ഷ്യവുമായി ഇരുപത്തെട്ടാം വയസില്‍ ആ പാലക്കാടുകാരന്‍ ഇന്ത്യ വിട്ടത് പോക്കറ്റില്‍ വെറും 50 രൂപയുമായി. ഇന്ന് ആസ്തി 31,500 കോടി രൂപ. ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്റെ ജീവിതകഥ എക്കാലവും സംരംഭകരെ പ്രചോദിപ്പിക്കുന്നതാണ്.
1958 ല്‍ പത്തുവയസുകാരനായ പിഎന്‍സി മേനോന് തന്റെ തണലായിരുന്ന പിതാവിനെ നഷ്ടപ്പെട്ടു. കുടുംബം ദാരിദ്രത്തിലായി. സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. സ്വപ്നങ്ങളൊക്കെയും തകര്‍ന്നടിയുന്നതുപോലെ. ചുമലില്‍ കുടുംബഭാരം. ഇന്റീരിയര്‍ ഡെക്കറേഷന് ബിസിനസാണ് അദ്ദേഹം ജീവിതമാര്‍ഗമായി കണ്ടെത്തിയത്. 1976 ല്‍ കടം വാങ്ങിയും മറ്റും പണം സംഘടിപ്പിച്ച് ഭാഗ്യം തേടി ഗള്‍ഫിലേക്ക്.
ഭാഗ്യാന്വേഷിയായി ഒമാനില്‍
ഒമാനിലെത്തിയ അദ്ദേഹം തനിക്ക് പ്രാവീണ്യമുള്ള ഇന്റീരിയര്‍ ഡെക്കറേഷന് ബിസിനസ് തന്നെയാണ് അവിടെയും തുടങ്ങിയത്. കഠിനാധ്വാനം ഫലം കണ്ടു. വര്‍ഷങ്ങള്‍ പിന്നിടവെ, മികച്ച ഇന്റീരിയര്‍ ഡെക്കറേഷന് സ്ഥാപനമെന്ന നിലയില്‍ പിഎന്‍സി മേനോന്റെ സംരംഭം പേരെടുത്തു. യൂറോപ്യന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളെയടക്കം അദ്ദേഹത്തിന്റെ കമ്പനി പിന്നിലാക്കി. സുല്‍ത്താല്‍ ഖബൂസ് ഗ്രാന്‍ഡ് മോസ്കും അല്‍ ബുസ്താന്‍ പാലസുമടക്കം ഗംഭീര നിര്‍മിതികള്‍ പിറന്നു. ബ്രൂണെ സുല്‍ത്താന്റെ കൊട്ടാരം ഡിസൈന്‍ ചെയ്ത് നിര്‍മിച്ചതോടെ ഈ മലയാളി സംരംഭകന്റെ പ്രശസ്തി മധ്യേഷ്യയിലെങ്ങും പരന്നു.
ശോഭ പിറക്കുന്നു
1995 ല്‍ ഇന്ത്യയിലേക്ക് തിരികെയെത്തിയ അദ്ദേഹം, ബെംഗളൂരുവില്‍ ഭാര്യ ശോഭയുടെ പേരില്‍ ശോഭ ഡെവലപ്പേഴ്സ് തുടങ്ങുന്നു. ഡിസൈന്‍ മുതല്‍ ഫര്‍ണിച്ചര്‍ വരെ എല്ലാം സ്വയം നിര്‍മിക്കുന്ന ബാക്ക്വേഡ് ഇന്റഗ്രേഷന്‍ മാതൃകയാണ് അദ്ദേഹത്തിന്റെ ബിസിനസിനെ വിശ്വാസ്യതയുടെ പര്യായമാക്കിയത്. മറ്റാരും പിന്തുടരാത്ത ഒരു യുണീക്ക് മാതൃക. 337 കോടി രൂപ ചെലവില്‍ മൈസൂരിലെ ക്യാംപസ് നിര്‍മിക്കാന്‍ ഇന്‍ഫോസിസ് ചുമതലപ്പെടുത്തിയത് ശോഭയെയാണ്.
വമ്പന്‍ ഐപിഒ
2006 ല്‍ ശോഭ ലിമിറ്റഡ് ഐപിഒ എത്തി. 126 ഇരട്ടിയാണ് ഐപിഒ ഓവര്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്. 15,940 കോടി രൂപയാണ് ഇന്ന് ശോഭയുടെ വിപണി മൂല്യം.
ഫോര്‍ബ്സ് ഇന്ത്യ റിച്ച് ലിസ്റ്റില്‍ എണ്‍പത്തേഴാം സ്ഥാനമാണ് പിഎന്‍സി മേനോന്.
ജനസേവനം
ബില്‍ ഗേറ്റ്സിന്റെയും വാറന്‍ ബഫറ്റിന്റെയും നേതൃത്വത്തിലുള്ള ദ ഗിവിംഗ് പ്ലഡ്ജില്‍ അംഗമായിക്കൊണ്ട് സമ്പത്തിന്റെ 50% സമൂഹത്തിനായി സംഭാവന ചെയ്യാന്‍ അദ്ദേഹം പ്രതിജ്ഞ ചെയ്തിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ലോകത്തെ ഏറ്റവും മികച്ച സംരംഭകരിലൊരാളായി മാറിയെങ്കിലും ഇന്നും സ്വന്തം ജന്മനാടിനായി തുടിക്കുന്ന ഹൃദയമാണ് അദ്ദേഹത്തിന്റേത്. ശ്രീകുരുംബ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ പതിനായിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം നിര്‍വഹിക്കുന്നു. പാലക്കാട്ടെ രണ്ട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ഉന്നമനത്തിനായി വലിയ തുക ചെലവിടുന്നു. പിന്നിലേക്കൊന്നു പോയാല്‍ പത്താം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട ഒരു ബാലനെ നമുക്ക് കാണാം. ഇന്ന് നിരവധി സംരംഭകര്‍ക്കും സമൂഹത്തിലും പ്രേരണയായി നില്ക്കുന്ന വടവൃക്ഷ സമാനമായ ഒരു സംരംഭകന് പിന്നില്‍ സാഹചര്യങ്ങളോട് പടവെട്ടിയ കരുത്തും അനുഭവപരിചയവുണ്ട്.







