കണ്‍ഫ്യൂഷനും ഒരു ബ്രാന്‍ഡ് സ്ട്രാറ്റജിയാണ്. ഉദാഹരണത്തിന് പ്രീമിയം കാറുകളുടെ ഉസ്താദുമാരായ ഫോക്സ്വാഗണ് സോസേജും കെച്ചപ്പുമെല്ലാമായി വിപണിയിലെത്തിയാലോ? ഫോക്സ് വാഗണ്‍ ടൊമാറ്റോ കെച്ചപ്പ് വില്‍ക്കേണ്ട കാര്യമുണ്ടോ എന്നാണ് ആദ്യം നമ്മുടെ മനസിലേക്ക് വരുന്ന ചോദ്യം. ആ കണ്ഫ്യൂഷന് തന്നെയാണ് കമ്പനിക്കും വേണ്ടത്, തങ്ങളുടെ ബ്രാന്‍ഡിന്റെ വിസിബിസിറ്റി ഒന്നുകൂടി കൂട്ടാന്‍. ഏതായാലും ഫോക്സ് വാഗണ്‍ കറിവസ്റ്റ് മിറ്റ് കെച്ചപ്പ് എന്ന പേരില്‍ ജര്‍മന്‍ സോസേജും കെച്ചപ്പും 1970 കളില്‍ വിപണിയിലെത്തിക്കുക തന്നെ ചെയ്തു.
ബര്‍ഗര്‍ കിംഗിന്റെ ബോഡി സ്പ്രേ
ഇത്തരം അപ്രതീക്ഷിത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി ഹിറ്റാക്കിയ വേറെയും ബ്രാന്‍ഡുകളുണ്ട്. യുഎസ് ബര്‍ഗര്‍ ഭീമനായ ബര്‍ഗര്‍ കിംഗ്, ഫ്ളെയിം എന്ന പേരില്‍ 2008 ല്‍ ഒരു ബോഡി സ്പ്രേ വിപണിയിലെത്തിച്ചു. വേവിച്ച ഇറച്ചിയുടെ മണവുമായി ഒരു സ്പ്രേ. വിപണി പിടിച്ചെടുക്കുന്നതിനേക്കാള്‍ ഒരു വ്യത്യസ്ത ബ്രാന്‍ഡിംഗ് സ്ട്രാറ്റജിയായിരുന്നു ഇതും. പ്രമുഖ സ്നാക്ക് ബ്രാന്‍ഡായ ചീറ്റോസ് 205 ല്‍ ഒരു ലിപ് ബാം പരീക്ഷണാര്‍ത്ഥത്തില്‍ പുറത്തിറക്കിയിരുന്നു. ഏതാനും മാസങ്ങളേ ഈ ലിപ് ബാം വിപണിയിലുണ്ടായുള്ളൂ. ഉപഭോക്താക്കള്‍ മുഖം തിരിച്ചതോടെ പ്രൊഡക്റ്റ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി.
1000 ഡോളറിന്റെ ഇഷ്ടിക!
നൈക്കി, അഡിഡാസ്, ലൂയിസ് വൂട്ടണ്‍ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുമായി കൊളാബറേറ്റ് ചെയ്യുന്ന പ്രമുഖ സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡായ സുപ്രീം, തങ്ങളുടെ ലോഗോ ഉള്‍പ്പെടുത്തിയ ഒരു മണ് ഇഷ്ടികയാണ് 2016 ല്‍ പുറത്തിറക്കിയത്. 40 ഡോളറായിരുന്നു ഈ ഇഷ്ടികയുടെ വില. വലിയ ഹൈപ്പുണ്ടായതോടെ ഇഷ്ടികയുടെ റീട്ടെയ്ല്‍ വില 1000 ഡോളര്‍ കടന്നു. തങ്ങളുടെ പ്രീമിയം സ്വഭാവമാണ് ഇതിലൂടെ സുപ്രീം ലോകത്തിനുമുന്നില്‍ വിളംബരം ചെയ്തത്.
കെഎഫ്സിയുടെ ബോഡി ലോഷന്‍
ബര്‍ഗര്‍ കിംഗ് ബോഡി സ്േ്രപ ഇറക്കിയപ്പോള്‍ വറുത്ത കോഴിയിറച്ചിയുടെ മണവുമായി 2016 ല്‍ ഒരു സണ്‍സ്ക്രീം ലോഷന്‍ പുറത്തിറക്കി കെഎഫ്സിയും കളം പിടിച്ചു. 3000 ബോട്ടില്‍ എക്സ്ട്രാ ക്രിസ്പി സണ്‍സ്ക്രീം ലോഷന്‍ ഒരു വെബ്സൈറ്റിലൂടെ സൗജന്യമായി വിറ്റഴിക്കുകയാണ് കെഎഫ്സി ചെയ്തത്. ആസ്വാദ്യകരമായ മണമുള്ള ലോഷന്‍ കഴിക്കരുതെന്ന് കമ്പനി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി. ബോഡി ലോഷനെക്കുറിച്ച് അത്ര മെച്ചപ്പെട്ട അഭിപ്രായമല്ല ജനങ്ങള്‍ പ്രകടിപ്പിച്ചതെങ്കിലും കെഎഫ്സിയുടെ ബ്രാന്‍ഡ് സ്ട്രാറ്റജി ശ്രദ്ധിക്കപ്പെട്ടു.
കോള്‍ഗേറ്റിന്റെ പാളിയ പരീക്ഷണം
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി തികച്ചും വ്യത്യസ്തമായ പ്രൊഡക്റ്റുകള്‍ ഇറക്കിയ ബ്രാന്‍ഡുകളുമുണ്ട്. ടൂത്ത് പേസ്റ്റ് ബ്രാന്‍ഡായ കോള്‍ഗേറ്റ്, എണ്‍പതുകളില്‍ ഫ്രോസണ്‍ ഫുഡ് പുറത്തിറക്കി ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ടൂത്ത് പേസ്റ്റുകള്‍ക്ക് പേരുകേട്ട കോള്‍ഗേറ്റിന്റെ ഫുഡ് ബ്രാന്‍ഡ് ആളുകള്‍ക്ക് അംഗീകരിക്കാനായില്ല. പരാജയപ്പെട്ട പരീക്ഷണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇതും വിപണിയില്‍ ഒരു ചെറിയ കാലത്തേക്ക് ചര്‍ച്ചയായി.
യുഎസിലെ ലക്ഷ്വറി ജൂവല്‍റി ബ്രാന്‍ഡായ ടിഫാനി 2017 ല്‍ വെള്ളി കൊണ്ടുള്ള ഒരു കാന്‍ പുറത്തിറക്കി. 86000 രൂപയായിരുന്നു പെന്സിലുകളും പേനയുമൊക്കെ ഇട്ടുവെക്കാനുള്ള കാനിന്റെ വില. ബ്രാന്‍ഡിന്റെ പ്രീമിയം സ്വഭാവമാണ് ഇവിടെയും വിളംബരം ചെയ്യപ്പെട്ടത്.




