സിയാലിന് ഇക്കുറി വമ്പൻ സാമ്പത്തിക നേട്ടം.2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,142.17 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുമുന്‍ വര്‍ഷം 1,014 കോടിയും. 12.62 ശതമാനമാണ് വര്‍ധന. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് സിയാലിന്റെ വരുമാനം കൂടാന്‍ കാരണം.
489.84 കോടി രൂപയാണ് ഇക്കുറി ലാഭം. 2023-24 കാലയളവില്‍ ലഭിച്ച 412.57 കോടി രൂപയുടെ ലാഭക്കണക്കാണ് തിരുത്തിയത്. 76,068 വിമാനങ്ങളാണ് ഇക്കുറി കൊച്ചി വിമാനത്താവളം വഴി കടന്നു പോയത്. 31,820 അന്താരാഷ്ട്ര വിമാനങ്ങളും 44,248 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെയാണിത്. 1,11,95,965 യാത്രക്കാരാണ് ഇക്കാലയളവില്‍ കൊച്ചിയിലെത്തിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 7.28 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.
ആഭ്യന്തര സെക്ടറില്‍ 59.26 ലക്ഷം പേരും രാജ്യാന്തര സെക്ടറില്‍ 52.69 ലക്ഷം പേരും കൊച്ചിയിലെത്തി എന്നാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലാഭം പ്രഖ്യാപിച്ചതിന്റെ ഭാഗമായി
239 കോടിയുടെ ലാഭവിഹിതം ഓഹരി ഉടമകള്‍ക്ക് ലഭിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം 27ന് ഓണ്‍ലൈനായി ചേരുന്ന വാര്‍ഷിക പൊതുയോഗത്തിലുണ്ടാകും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിച്ച 33,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്ക് ഇക്കൊല്ലം ഡിസംബറില്‍ പൂര്‍ത്തിയാകും. അതും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 300 പേര്‍ക്കുള്ള കോ വര്‍ക്കിംഗ് സ്പേസ്, ഏവിയേഷന്‍ അക്കാഡമിക് കോഴ്സുകള്‍ നടത്താനുള്ള ക്ലാസ് റൂമുകള്‍, സെമിനാര്‍ ഹാള്‍, റെസ്റ്റോറന്റ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ടാകും. ഇതോടൊപ്പം വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്.




