തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിഭാഗം ഒരു ബ്ലഡ് ബാഗ് വികസിപ്പിക്കുന്നതില്‍ വിജയം കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സി ബാലഗോപാല്‍ എന്ന ഐഎഎസ് ഓഫീസര്‍ ഇതിനെക്കുറിച്ചറിയാന്‍ അവിടെയെത്തിയത്. കൗതുകത്തിന്റെ പേരില്‍ വെറുമൊരു സന്ദര്‍ശനം. റിസര്‍ച്ച് വിഭാഗത്തെ നയിക്കുന്ന പ്രൊഫ. എ വി രമണിയുമായുള്ള കൂടിക്കാഴ്ച എന്നാല്‍ ചരിത്രമായി. ലോകത്തെ തന്നെ ഏറ്റവും വലിയ ബ്ലഡ് ബാഗ് മാനുഫാക്ചറിംഗ് കമ്പനികളിലൊന്നായ ടെറുമോ പെന്പോളിലേക്കുള്ള ആശയത്തിനാണ് അവിടെ വിത്തു പാകപ്പെട്ടത്.
തിരികെ വീട്ടിലെത്തിയ അദ്ദേഹം ഐഎഎസ് രാജിവെച്ച് ബിസിനസ് തുടങ്ങുന്നു എന്ന് മാതാപിതാക്കളെ അറിയിച്ചു. പിതാവിന്റെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ‘നീ ഞങ്ങളുടെ ആഗ്രഹങ്ങള്‍ മാനിച്ചുകൊണ്ട് ഐഎഎസ് എഴുതി വിജയിച്ചു. യുആര്‍ ഡൂയിംഗ് വെല്‍, ഞങ്ങള്‍ സന്തുഷ്ടരാണ്. ഇനി നീ എന്ത് തീരുമാനിച്ചാലും ഞങ്ങള്‍ നിന്റെ കൂടെ ഉണ്ടാവും. നിനക്ക് രാജി വെക്കണമെങ്കില്‍ നീ രാജി വെച്ചോ,’ എന്നായിരുന്നു അച്ഛന്റെ പ്രതികരണം. കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയശേഷം മാതാപിതാക്കളുടെ ആഗ്രഹ പ്രകാരമാണ് 1976 ല്‍ ബാലഗോപാല്‍ യുപിഎസ്സി പരീക്ഷ എഴുതി പാസായത്. 1977 ല്‍ മണിപ്പൂര്‍ കാഡറില്‍ ഐഎഎസ് നിയമനം. പിതാവിന്റെ അനാരോഗ്യവും മറ്റും കേരളത്തിലേക്ക് തിരികെയെത്തേണ്ടത് അത്യാവശ്യമാക്കിയിരുന്നു.
പിതാവിന്റെ മറുപടി അദ്ദേഹത്തെ വിസ്മയിപ്പിക്കാന് ഒരു കാരണവുമുണ്ട്. കുടുംബത്തിലെ ആദ്യത്തെ ഓണ്ട്രപ്രണര് ആകാനാണ് ബാലഗോപാലിന്റെ പുറപ്പാട്. അമ്മയുടെയും അച്ഛന്റെയും കുടുംബത്തില്‍ മൂന്ന് നാല് തലമുറ പിന്നോട്ട് പോയാലും എല്ലാവരും അധ്യാപകരോ പിന്നീട് എന്ജിനീയര്മാരോ ഡോക്ടര്‍മാരോ ബ്യൂറോക്രാറ്റ്സോ ഒക്കെയാണ്. വളരെ സുരക്ഷിതവും ഉന്നത നിലയില്‍ എത്താവുന്നതുമായ ഒരു കരിയര്‍ ഉപേക്ഷിച്ചാണ് വിജയിക്കുമോ എന്ന് ഉറപ്പില്ലാത്ത ഒരു ബിസിനസ് പരീക്ഷണത്തിന് തുനിയുന്നത്. എതായാലും കുടുംബത്തിന്റെ അപ്രതീക്ഷിത പിന്തുണ ആവേശമായി.
ധാരണ തിരുത്തുന്നു
ഇന്ത്യന്‍ തദ്ദേശീയ ഗവേഷണ മേഖലയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ക്ക് സാങ്കേതികമായി ഗുണമേന്മ പോരെന്ന തെറ്റായ ധാരണ വ്യവസായ ലോകത്ത് നിലനില്‍ക്കുന്ന കാലമായിരുന്നു എണ്‍പതുകള്‍. ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളുടെ മികച്ച ഗവേഷണ സംവിധാനത്തെക്കുറിച്ചും സാങ്കേതിക കണ്ടെത്തലുകളെക്കുറിച്ചും ബാലഗോപാലിനെ ബോധവല്‍ക്കരിക്കുകയാണ് പ്രൊഫസര്‍ രമണി ചെയ്തത്. ഈ സാങ്കേതിക വിദ്യയെ വിശ്വസിക്കാനും ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ടെക്നോളജിയെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും ബാലഗോപാല്‍ സന്നദ്ധമായതോടെ ചരിത്രം പിറന്നു.
1985 ല്‍ പെന്‍പോള്‍ എന്ന പേരില്‍ ബ്ലഡ് ബാഗ് മാനുഫാക്ചറിംഗ് കമ്പനിക്ക് സി ബാലഗോപാല്‍ രൂപം കൊടുത്തു. പെനിന്‍സുല പോളിമേഴ്സിന്റെ ചുരുക്കപ്പേരായിരുന്നു പെന്‍പോള്‍. തിരുവനന്തപുരം ആസ്ഥാനമാക്കി 1987 ല്‍ 1 കോടി രൂപ മൂലധനത്തില്‍ പ്ലാന്റ് സജ്ജമായി. കെഎസ്ഐഡിസി, എന്‍ആര്‍ഡിസി (നാഷണല്‍ റിസര്‍ച്ച് ഡെവലപ്മെന്റ് കോര്പ്പറേഷന്), ഐഡിബിഐ (ഇന്‍ഡസ്ട്രിയല്‍ ഡെവലപമെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എന്നീ സ്ഥാപനങ്ങളും സംരംഭത്തില്‍ പങ്കാളികളായി. എസ്ബിടിയും വായ്പ നല്കി. ശ്രീചിത്രയില്‍ നിന്ന് ലഭിച്ച സാങ്കേതിക വിദ്യയെ വരുതിയിലാക്കി ഉല്‍പ്പാദനം ആരംഭിക്കാനുള്ള സാങ്കേതിക പരിജ്ഞാനം നേടിയെടുക്കാന്‍ സമയവും അധ്വാനവും ഏറെ വേണ്ടിവന്നു. പോളിമര്‍ കെമിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. സിഎസ്ബി നായരുടെ അനുഭവപരിചയവും നേതൃത്വവുമാണ് കമ്പനിക്ക് തുണയായത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ബ്ലഡ് ബാഗുകള്‍ പെന്‍പോള്‍ നിര്‍മിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിലെ കടുത്ത സാങ്കേതിക മാനദണ്ഡങ്ങള്‍ പാസായി എക്സ്പോര്‍ട്ടും ആരംഭിച്ചു.
വെല്ലുവിളികള്‍ ശക്തം
എന്നാല്‍ വെല്ലുവിളികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെയായിരുന്നു. സംരംഭം തുടക്കത്തില്‍ വലിയ നഷ്ടത്തിലേക്ക് പോയി. പണം ഇട്ടുകൊണ്ടേയിരിക്കേണ്ട കാലമായിരുന്നു അത്. ഒപ്പമുള്ള സ്ഥാപനങ്ങള്‍ എങ്കിലും ബാലഗോപാലിനെ വിശ്വസിച്ച് നിക്ഷേപം തുടര്‍ന്നു. കമ്പനിയില്‍ അദ്ദേഹത്തിന്റെ ഓഹരി 40% ല്‍ നിന്ന് 10 ശതമാനത്തിലേക്ക് താഴ്ന്നു. 1991 ല്‍ ഇന്ത്യ സ്വീകരിച്ച ഉദാരവല്‍ക്കരണ നയം വിദേശ കമ്പനികള്‍ക്ക് വാതില്‍ തുറന്നു. ആറോളം ബഹുരാഷ്ട്ര വമ്പന്മാരുമായാണ് വിപണിയില്‍ മല്‍സരിക്കേണ്ടിയിരുന്നത്. അവരാവട്ടെ ഇന്ത്യയിലേക്ക് ബ്ലഡ് ബാഗുകള്‍ കുറഞ്ഞ ചെലവില്‍ ഡംപ് ചെയ്ത് പെന്പോളിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
‘ഞങ്ങളുടെ വെല്ലുവിളി മുന്നില്‍ കണ്ടുകൊണ്ട് രണ്ടുമൂന്ന് ബഹുരാഷ്ട്ര വമ്പന്മാര് അവരുടെ പ്രൊഡക്ട്സ് ഡംപ് ചെയ്യാന്‍ തുടങ്ങി. ഈ ഡംപിംഗ് കാരണം നമുക്ക് പ്രൊഡക്ട് വില്ക്കാന് പറ്റുന്നില്ല. ഉല്‍പ്പാദിപ്പിച്ച ബ്ലഡ് ബാഗുകള്‍ കുന്നുകൂടി കിടക്കുന്നു. വില്ക്കാന് പറ്റാത്തതിനാല്‍ ഡീലേഴ്സ് തിരിച്ചയച്ചിരിക്കുന്നു. ബ്ലഡ് ബാഗുകള്‍ മാത്രം ഉണ്ടാക്കുന്ന, അതിനായി ഡിസൈന്‍ ചെയ്ത ഡെഡിക്കേറ്റഡ് ഫാക്റ്ററിയാണ്. ഇന്ത്യയുടെ വ്യവസായ ചരിത്രത്തിലെ ആദ്യത്തെ ആന്റി ഡംപിംഗ് ഡ്യൂട്ടി പെറ്റീഷന് ഇതോടെ ഞാന്‍ അങ്ങനെ ഫയല്‍ ചെയ്തു. പ്രൊഡക്ഷന്‍ നല്ല സക്സസ്ഫുള്‍ ആയെന്ന് വിചാരിച്ചപ്പോഴേക്കും അത് അടച്ചുപൂട്ടേണ്ടി വന്നു. അതും തീരെ പ്രതീക്ഷിക്കാത്ത, ഡംപിംഗ് എന്ന ഒരു കാര്യത്തിന്. അതൊരു എന്‍ഡ് ഓഫ് ദ ലൈഫ് പോലെ ഒരു കാര്യമായി അപ്പോള്‍ തോന്നി,’ ബാലഗോപാല്‍ പറഞ്ഞു.
നിര്‍ണായക ഏറ്റെടുപ്പ്
വിദേശ ബ്ലഡ് ബാഗ് നിര്‍മാണ കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നുറപ്പായതോടെ ഏറ്റുമുട്ടലൊഴിവാക്കി ഈ അവസരം ഉപയോഗിക്കാനാണ് അദ്ദേഹം പിന്നീട് ശ്രമിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജപ്പാന് ആസ്ഥാനമായ, ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് മാനുഫാക്ചററായ ടെറുമോ കോര്പ്പറേഷന് 1999 ല്‍ പെന്പോളിനെ ഏറ്റെടുത്തു. വന്‍ അവസരങ്ങളാണ് ഇതിനൊപ്പമെത്തിയത്. അടുത്ത 10 വര്‍ഷത്തിനിടെ ഉല്‍പ്പാദന വര്‍ധനവിനായി മൂന്നു തവണ വന്‍ മൂലധന നിക്ഷേപം ടെറുമോ നടത്തി. ശ്രീചിത്ര വികസിപ്പിച്ച സാങ്കേതിക വിദ്യക്ക് ജപ്പാന് ബഹുരാഷ്ട്ര കമ്പനി വക നൂറില്‍ നൂറ് മാര്‍ക്ക്. ടെറുമോയുടെ സാങ്കേതിക വിദ്യയേക്കാള്‍ കുറഞ്ഞ ചെലവില്‍ മികച്ച ബ്ലഡ് ബാഗുകള്‍ നിര്‍മിക്കാന്‍ പെന്പോളിന് സാധിച്ചിരുന്നു. ഇത് മൂന്നാം ലോകരാജ്യങ്ങളടക്കം നിരവധി പുതിയ വിപണികളിലേക്ക് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ടെറുമോ പെന്പോളിനെ സഹായിച്ചു.
ചാരിതാര്‍ഥ്യത്തോടെ പടിയിറക്കം
2011 ല്‍ ചാരിതാര്‍ഥ്യത്തോടെ തന്റെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് സി ബാലഗോപാല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ചു. 50 തൊഴിലാളികളുമായി ആരംഭിച്ച സ്ഥാപനം അപ്പോഴേക്കും 1200 തൊഴിലാളികളിലേക്ക് വളര്‍ന്നിരുന്നു. 64 രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തു നിന്ന് ബ്ലഡ് ബാഗുകള്‍ കയറ്റുമതി ചെയ്തു.
മികച്ച അംബാസഡര്‍
വ്യവസായ കേരളത്തിന് ഒരു മികച്ച അംബാസഡറെയാണ് ബാലഗോപാലിലൂടെ ലഭിച്ചത്. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഇവിടെ ഒന്നും നടക്കില്ലെന്നുമുള്ള ധാരണകളെ അദ്ദേഹം വസ്തുതകളും ജീവിക്കുന്ന ഉദാഹരണങ്ങളും നിരത്തി ഖണ്ഡിച്ചു. ഇടക്കാലത്ത് ഫെഡറല്‍ ബാങ്കിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുത്തു. ഇന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) സാരഥ്യം വഹിക്കുന്ന അദ്ദേഹം, കേരളത്തെ സംബന്ധിച്ച ഈ നെഗറ്റീവ് നരേറ്റീവ് തിരുത്തിയെഴുതുന്നത് തന്റെ ജീവിതലക്ഷ്യമായി തന്നെ കരുതി പ്രവര്‍ത്തിക്കുന്നു.




