മരുന്ന് നിര്‍മാണ മേഖലയിലെ ലയന, ഏറ്റെടുക്കല്‍ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ഭീമനായ അരബിന്ദോ ഫാര്‍മ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സെന്റിവയെ ഏറ്റെടുക്കാനുള്ള അരബിന്ദോ ഫാര്‍മയുടെ നീക്കം വിജയം കണ്ടേക്കും.
5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 48,000 കോടി രൂപ) എന്ന വമ്പന്‍ തുകയ്ക്കാണ് അരബിന്ദോ ഫാര്‍മ പ്രേഗ് കമ്പനിയെ ഏറ്റെടുക്കുന്നത്. നീക്കം വിജയിച്ചാല്‍ ഒരു ഇന്ത്യന്‍ ഫാര്‍മ കമ്പനി ആഭ്യന്തര തലത്തിലും, അന്താരാഷ്ട്ര തലത്തിലും നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലായി ഇത് മാറും.
ചെക്ക് റിപ്പബ്ലിക്, റൊമാനിയ, സ്ലൊവാക്കിയ തുടങ്ങിയ പടിഞ്ഞാറന്‍ യൂറോപ്യന്‍ വിപണികളില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ അരബിന്ദോ ഫാര്‍മയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വയാട്രിസിന്റെ ആഗോള ബയോസിമിലര്‍ ബിസിനസ് പ്രമുഖ ഫാര്‍മ കമ്പനിയായ ബയോകോണ്‍ നേരത്തെ 3.3 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു. ഈ റെക്കോഡാകും പഴങ്കഥയാകുക.
130ലധികം രാജ്യങ്ങലിലേക്ക് കയറ്റുമതിയുള്ള അരബിന്ദോ ഫാര്‍മ കഴിഞ്ഞ വര്‍ഷമാണ് ചൈനയില്‍ ഉല്‍പ്പാദന പ്ലാന്റ് തുടങ്ങിയത്. 2025 ജൂണ്‍ പാദത്തില്‍ 824 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേ പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനമാകട്ടെ 7,868 കോടി രൂപയും.