യുഎസില്‍ താമസിച്ച് ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് ആവശ്യമായ എച്ച്-1ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറിലേക്ക് (എകദേശം 88 ലക്ഷം രൂപ) ഉയര്‍ത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ കമ്പനികളേക്കാളുപരി യുഎസിന് തന്നെയാണ് തിരിച്ചടിയാവുകയെന്ന് നിതി ആയോഗ് മുന്‍ സിഇഒയും ജി-20 യില്‍ ഇന്ത്യയുടെ ഷേര്പ്പയുമായിരുന്ന അമിതാഭ് കാന്ത്. ആഗോള നൈപുണ്യത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ് ട്രംപെന്ന് കാന്ത് ചൂണ്ടിക്കാട്ടി. യുഎസിന്റെ ഇന്നൊവേഷനെ ഞെരുക്കുകയും ഇന്ത്യയില്‍ ഇന്നൊവേഷനെ ഗംഭീരമായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. അമേരിക്കയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാണ്.
‘പരീക്ഷണ ശാലകളുടെയും പേറ്റന്റുകളുടെയും ഇന്നൊവേഷന്റെയും സാറ്റാര്ട്ടപ്പുകളുടെയും അടുത്ത തരംഗം ബെംഗളൂരു, ഹൈദരാബാദ്, പുനെ, ഗുഡ്ഗാവ് എന്നിവിടങ്ങളിലേക്ക് തള്ളിവിടുകയാണ് ആഗോള ടാലന്റിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചുകൊണ്ട് അമേരിക്ക ചെയ്തിരിക്കുന്നത്,’ അമിതാഭ് കാന്ത് എക്സില്‍ കുറിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വികസിത ഭാരതമെന്ന സ്വപ്നത്തിലും ഭാഗധേയം വഹിക്കാനുള്ള അവസരമാണ് ഇത് ഒരുക്കിയിരിക്കുന്നതെന്നും കാന്ത് നിരീക്ഷിച്ചു.
കമ്പനികള്‍ക്ക് തിരിച്ചടി
ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം യുഎസ് കമ്പനികള്‍ക്ക് സേവനം നല്കുന്ന ഇന്ത്യന്‍ ഐടി മേഖലയിലാകെ ഞെട്ടലുളവാക്കിയിട്ടുണ്ട്. കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ജീവനക്കാരെ യുഎസിലെത്തിച്ചിരുന്നത് ഈ താല്‍ക്കാലിക വിസ ഉപയോഗിച്ചാണ്. ഏകദേശം നാല് ലക്ഷം രൂപയായിരുന്ന വിസ ചാര്‍ജാണ് 88 ലക്ഷം രൂപയിലേക്ക് ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജീവനക്കാരെ നിയമിച്ച് കുറഞ്ഞ ചെലവില്‍ യുഎസ് കമ്പനികള്‍ക്ക് സേവനം നല്‍കിയിരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് തിരിച്ചടിയാണ്. ഏറ്റവുമധികം എച്ച്-1ബി വിസ പ്രയോജനപ്പെടുത്തുന്നതും ഇന്ത്യക്കാരാണ്, 2024 ല്‍ യുഎസ് അനുവദിച്ച 71% എച്ച്-1ബി വിസയും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിരുന്നത്.
ജീവനക്കാരെ തിരിച്ചു വിളിച്ച് കമ്പനികള്‍
ട്രംപിന്റെ എച്ച്-1ബി വിസ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ, ജെപി മോര്ഗന് തുടങ്ങിയ കമ്പനികള്‍ എല്ലാ ജീവനക്കാരും അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കാനും യുഎസില്‍ തുടരാനും നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ള ജീവനക്കാര്‍ അടിയന്തരമായി യുഎസില്‍ തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 21 ഞായറാഴ്ച മുതലാണ് പുതിയ എച്ച്-1ബി നയം നിലവില്‍ വരിക.




