സീറോ-വേസ്റ്റ്-ടു-ലാന്‍ഡ്ഫില്‍ അംഗീകാരം നേടി അദാനി എനര്‍ജി സൊല്യൂഷന്‍സ്. ആഗോള ടോട്ടല്‍ ക്വാളിറ്റി അഷ്യുറന്‍സ് കമ്പനിയായ ഇന്റെര്ടെക് ആണ് അദാനി എനര്‍ജിക്ക് ഈ അംഗീകാരം നല്‍കിയത്. കമ്പനിയുടെ എല്ലാ പ്രവര്‍ത്തന സൈറ്റുകളും കോര്‍പ്പറേറ്റ് ആസ്ഥാനവും ഈ നേട്ടം സ്വന്തമാക്കിയെന്ന് അദാനി എനര്‍ജി സൊല്യൂഷന്‍സ് അറിയിച്ചു.
കമ്പനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 90 ശതമാനം മാലിന്യവും പുറന്തള്ളാതെ അളവ് കുറയ്ക്കുകയോ പുനരുപയോഗിക്കുകയോ റീസൈക്കിള്‍ ചെയ്യുകയോ വീണ്ടെടുക്കുകയോ ചെയ്ത് മാലിന്യം ലഘൂകരിക്കുന്നവരെയാണ് സീറോ വേസ്റ്റ് ടു ലാന്‍ഡ്ഫില്‍ എന്ന അംഗീകാരത്തിന് തിരഞ്ഞെടുക്കുന്നത്. സ്രോതസ്സുകള്‍ സംരക്ഷിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി കരുതിവെക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും ലക്ഷ്യമിടുന്ന മാലിന്യ സംസ്കരണ നയമാണത്.
കമ്പനിയുടെ സുസ്ഥിരത യാത്രയിലെ എടുത്തപറയേണ്ട നേട്ടമാണ് സീറോ വേസ്റ്റ് സര്ട്ടിഫിക്കേഷന്. 2021 സാമ്പത്തിക വര്‍ഷത്തിലാണ് കമ്പനി സുസ്ഥിരതാ (പരിസ്ഥിതി, സമൂഹം, ഭരണം-ഇഎസ്ജി) യജ്ഞങ്ങള്‍ ആരംഭിച്ചത്. ഇഎസ്ജി ബെഞ്ച്മാര്ക്കിംഗില് ലോകത്തിലെ ഏറ്റവും മുന്‍നിരയിലുള്ള 10 ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനികളിലൊന്നായി മാറുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
നൂറ് ശതമാനം ഡൈവേര്ഷന് നിരക്കും പുറന്തള്ളുന്ന മാലിന്യം 0% ആണെന്നാണ് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 99.8%, 99.88%, 99,.99 ശതമാനമായിരുന്നു ഡൈവേര്ഷന് നിരക്ക്. ഇതോടെ തുടര്‍ച്ചയായ മൂന്ന് വര്‍ഷം 99% ഡൈവേര്ഷന് നിരക്ക് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ട്രാന്സ്മിഷന് കമ്പനിയെന്ന നേട്ടവും അദാനി എനര്‍ജിക്ക് ലഭിച്ചു.
16 സംസ്ഥാനങ്ങളിലായി 54 കേന്ദ്രങ്ങളിലാണ് അദാനി എനര്‍ജി സൊല്യൂഷന്‍സ് പ്രവര്‍ത്തിക്കുന്നത്.