ഇന്ത്യന്‍ സംരംഭക മേഖലയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളിലൊരാള്‍- രതന് ടാറ്റ. 2025 ഒക്റ്റോബര്‍ 9 ന് അദ്ദേഹം വിടവാങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. രതന് ടാറ്റയുടെ അഭാവം ടാറ്റ ഗ്രൂപ്പ് ശരിക്കും തിരിച്ചറിയുന്ന കാലമാണിത്. ടാറ്റ ഗ്രൂപ്പിന്റെയുള്ള കഴിഞ്ഞ ഒരു വര്‍ഷമായി പൊട്ടലുകളും ചീറ്റലുകളും ശക്തിയാര്‍ജിച്ചു വരുന്നു. ഉപകമ്പനികളുടെ വിപണി മൂല്യത്തില്‍ ഗണ്യമായ ഇടിവാണ് ഈ ഒരു വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്. ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ കമ്പനിയില്‍ ഇടപെടേണ്ടി വന്നിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മല സീതാരാമനും ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. നേതൃതലത്തിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സണ്‍സിന്റെ നിയന്ത്രണം കൈയാളുന്ന ടാറ്റ ട്രസ്റ്റ്സിലാണ് പ്രശ്നങ്ങള്‍. ടാറ്റ സണ്‍സിന്റെ 66% ഓഹരികളുടെ ഉടമസ്ഥാവകാശമുള്ള ടാറ്റ ട്രസ്റ്റ്സാണ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയുള്ളതാണെന്ന് ഉറപ്പാക്കുന്നത്. ടാറ്റയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും ട്രസ്റ്റ്സിനാണ്. ഓട്ടോ, സ്റ്റീല്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഐടി തുടങ്ങി വിവിധ മേഖലകളിലുള്ള നൂറിലേറെ ഉപ കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ടാറ്റ സണ്‍സും.
പിന്നില്‍ നാല്‍വര്‍ സംഘം
രതന്റെ വിടവാങ്ങലിനു ശേഷം ടാറ്റ ട്രസ്റ്റിലും അതിലൂടെ ടാറ്റ സണ്‍സിലും ചില വ്യക്തികള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. രതന് ടാറ്റ ഇടപെട്ട് ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തുനിന്ന് പുറത്താക്കിയ അന്തരിച്ച സൈറസ് മിസ്ത്രിയുടെ ഷാപൂര്‍ജി പല്ലോന്‍ജി കുടുംബമാണ് അദ്ദേഹത്തിന്റെ അഭാവത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഡാരിയസ് ഖംബട്ട, ജഹാംഗീര്‍, പ്രമിത് ഝവേരി, മെഹ്ലി മിസ്ത്രി എന്നിവരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. സൈറസിന്റെ അര്ദ്ധസഹോദരയാണ് മെഹ്ലി.
രതന്റെ മരണശേഷം ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാനായ അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയുടെ നേതൃത്വം ഷാപൂര്‍ജി പല്ലോന്‍ജി കുടുംബം അംഗീകരിക്കുന്നില്ല. ടാറ്റ സണ്‍സിന്റെ നിയന്ത്രണം കൈയാളാനാണ് ഇവരുടെ ശ്രമം. ടാറ്റ സണ്‍സിന്റെ ബോര്‍ഡ് മീറ്റിംഗിന്റെ മിനിറ്റ്സ് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍. മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗിനെ ടാറ്റ സണ്‍സ് സ്വതന്ത്ര ഡയറക്ടറാക്കാനുള്ള തീരുമാനത്തിനും നാല്‍വര്‍ സംഘം തടയിട്ടു. ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാനായ നോയല്‍ ടാറ്റയുടെ അധികാരം ചോദ്യം ചെയ്യുന്നതും ടാറ്റ സണ്‍സിന്റെ ഭരണപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് ഈ നീക്കങ്ങള്‍.
പ്രധാന പ്രശ്നം അധികാരം മാത്രമല്ല, സാമ്പത്തികം കൂടിയാണ്. ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നാണ് 18% ഓഹരിയുള്ള ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ആവശ്യം. കടക്കെണിയില്‍ പെട്ടിരിക്കുന്ന ഷാപൂര്‍ജി ഗ്രൂപ്പ്, ഇതാണ് രക്ഷപെടാനുള്ള ഒരു മാര്‍ഗമായി കണ്ടിരിക്കുന്നത്. എന്നാല്‍ നോയല്‍ ടാറ്റയും ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരനും ഇതിന് എതിരാണ്. ടാറ്റ സണ്‍സിന്റെ എന്‍ബിഎഫ്സി രജിസ്ട്രേഷന് പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് നോയല്‍. ഇതും മിസ്ത്രി വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
എന്തുകൊണ്ട് സര്‍ക്കാര്‍ ഇടപെടല്‍?
ടാറ്റ എന്നത് ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ തന്നെ ഒരു പര്യായമാണ്. 100 ല്‍ ഏറെ കമ്പനികളാണ് ടാറ്റ സണ്‍സിന്റെ കീഴിലുള്ളത്. ഇതില്‍ 29 കമ്പനികള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ കമ്പനികളുടെ മാത്രം സംയോജിത വിപണി മൂലഝനം 436 ബില്യണ്‍ ഡോളറാണ്. ആറ് ഭൂഖണ്ഡങ്ങളിലെ 100 ല്‍ ഏറെ രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ തന്നെ നിര്‍ണായക സ്വാധീനമുള്ള ടാറ്റ ഗ്രൂപ്പില്‍ ഒരു തകര്‍ച്ചയുണ്ടായാല്‍ അത് സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണിയിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ഈ വര്‍ഷം ടാറ്റയുടെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണി മൂല്യം 33.5 ലക്ഷം കോടി രൂപയില്‍ നിന്ന് 26 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു കഴിഞ്ഞു. 20 ശതമാനത്തിലേറെ ഇടിവാണ് വിപണി മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ടാറ്റ മോട്ടേഴ്സ് മുതല്‍ ടിസിഎസ് വരെയുള്ള കമ്പനികള്‍ ഈ വര്‍ഷം നിക്ഷേപകരെ കടുത്ത നിരാശയിലാക്കി.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ നിര്‍ണായക ഇടപെടലുണ്ടായിരിക്കുന്നത്. നോയല്‍ ടാറ്റയെയും ടാറ്റ ട്രസ്റ്റ്സ് വൈസ് ചെയര്‍മാര്‍ വേണു ശ്രീനിവാസന്, ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന്, ട്രസ്റ്റി ഡാരിയസ് ഖംബട്ട എന്നിവരെ വിളിച്ചു വരുത്തിയ അമിത് ഷായും നിര്‍മല സീതാരാമനും പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമാണെങ്കില്‍ പ്രശ്നമുണ്ടാക്കുന്ന ട്രസ്റ്റികളെ പുറത്താക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രതന് എന്ന ക്യാപ്റ്റന്‍
ആരായിരുന്നു ടാറ്റ ഗ്രൂപ്പിന് രതന് ടാറ്റ എന്നതിന്റെ ഉത്തരമാണ് ഈ പ്രതിസന്ധികളൊക്കെയും. ഏത് പ്രതിസന്ധിയിലും തളരാത്ത ഒരു യഥാര്‍ത്ഥ നായകനായിരുന്നു രതന്. 1991 ല്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റ രതന്, ഗ്രൂപ്പിനെ ഒരു ആഗോള ബ്രാന്‍ഡായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 21 വര്‍ഷമാണ് രതന് ടാറ്റ ഗ്രൂപ്പിനെ നയിച്ചത്. ഇക്കാലയളവില്‍ ഗ്രൂപ്പിന്റെ വരുമാനം 40 ഇരട്ടിയും ലാഭം 50 ഇരട്ടിയും വളര്‍ന്നു.
2012 ല്‍ രതന്, ടാറ്റ ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് വിരമിച്ചതോടെയാണ് ഷാപൂര്‍ജി പല്ലോന്‍ജി കുടുംബത്തിലെ സൈറസ് മിസ്ത്രി ടാറ്റ് സണ്‍സ് ചെയര്മാന് സ്ഥാനത്തേക്കെത്തിയത്. ടാറ്റ ഗ്രൂപ്പിന്റെ വിശാലമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി സൈറസ് പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ റിട്ടയര്‍മെന്റ് മാറ്റിവെച്ച് രതന് വീണ്ടും കളത്തിലിറങ്ങി. പോരാട്ടത്തിനൊടുവില്‍ സൈറസ് 2016 ല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് തെറിച്ചു. ആടിയുലയുകയായിരുന്ന ഗ്രൂപ്പിന്റെ സാരഥ്യം 78 ാം വയസിലെത്തിയ രതന് വീണ്ടും ഏറ്റെടുത്തു. പ്രശ്നങ്ങള്‍ പരിഹരിച്ച് ടാറ്റ ഗ്രൂപ്പിനെ വീണ്ടും അദ്ദേഹം സ്ഥിരതയിലേക്കെത്തിച്ചു.
ആര്‍ക്കും സങ്കോചമില്ലാതെ സമീപിക്കാവുന്ന ഒരു വിനീത വ്യക്തിത്വമായിരുന്നു രതന്. കൊളാബയില്‍ നിരത്തിലൂടെ നടന്ന് സാധാരണക്കാരുമായി കുശലം പറയുന്ന രതന് ഒരു നിത്യക്കാഴ്ചയായിരുന്നു. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുതെന്ന നിര്‍ബന്ധത്തോടെ ഒട്ടും പരസ്യപ്പെടുത്താതെ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു. ബിസിനസ് മേഖലയില്‍ ഉയര്‍ന്നു പറക്കാനുള്ള അഭിലാഷം വെച്ചുപുലര്‍ത്തുമ്പോഴും മനുഷ്യനെന്ന നിലയില്‍ ഒട്ടും അഹന്തയില്ലാതെ ലളിതജീവിതം നയിച്ച ഒരു വ്യക്തി.
ഏറ്റെടുക്കല്‍ തന്ത്രം
ഇന്ത്യയിലെ ഒന്നാം നിര ബിസിനസ് ഗ്രൂപ്പായി വളര്‍ന്നെങ്കിലും ടാറ്റയുടെ പരിമിതി മറ്റാരേക്കാളും രതന് നന്നായി അറിയാമായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കമ്പനിയുടെ ഓരോ പ്രൊഡക്റ്റിനേയും എത്തിക്കാനുള്ള സാങ്കേതിക വിദ്യകള്‍ അദ്ദേഹം നിരന്തരം തേടി. പരിമിതികള്‍ പരിഹരിക്കാനുള്ള രതന്റെ ഏറ്റവും വലിയ തന്ത്രമായിരുന്നു ആഗോള തലത്തിലെ വമ്പന്‍ ഏറ്റെടുപ്പുകള്‍. ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് ഈ ഏറ്റെടുപ്പുകള്‍ നിര്‍ണായകമാവുകയും ചെയ്തു.
2000 ല്‍ ബ്രിട്ടീഷ് തേയിലക്കമ്പനിയായ ടെറ്റ്ലിയെ 450 മില്യണ്‍ ഡോളര്‍ മുടക്കി ഏറ്റെടുത്തായിരുന്നു തുടക്കം. ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ഏറ്റെടുപ്പായി ഇത്. ഇതോടെ ടാറ്റ ടീ ലോകത്തെ ഏറ്റവും വലിയ തേയിലക്കമ്പനികളിലൊന്നായി മാറി. 2004 ല്‍ ദക്ഷിണ കൊറിയ ആസ്ഥാനമായ ഡെയ്വൂ കൊമേഴ്സ്യല്‍ വെഹിക്കിള്‍സിനെ 102 മില്യണ്‍ ഡോളര്‍ മുടക്കി ഏറ്റെടുത്തതോടെ നൂതന ട്രക്ക് നിര്‍മാണ സാങ്കേതിക വിദ്യ ടാറ്റയ്ക്ക് സ്വന്തമായി. ടാറ്റ ട്രക്കുകളും വലിയ വാഹനങ്ങളും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
2007 ല്‍ യുകെയിലെ കോറസ് സ്റ്റീലിനെ 12.9 ബില്യണ്‍ ഡോളറിനാണ് ടാറ്റ ഏറ്റെടുത്തത്. ടാറ്റയുടെ ഏറ്റെടുപ്പുകളില്‍ ഏറ്റവും വലുതായിരുന്നു ഇത്. ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുപ്പും ഇതാണ്. ഇതോടെ ടാറ്റ സ്റ്റീല്‍ ലോകത്തെ 10 വമ്പന്‍ സ്റ്റീല്‍ കമ്പനികളിലൊന്നായി വളര്‍ന്നു.
2008 ല്‍ വാഹന ലോകത്തെ ഞെട്ടിച്ച് ഫോഡില്‍ നിന്ന് ബ്രിട്ടീഷ് ആഡംബര വാഹന ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ രതന് ഏറ്റെടുക്കുന്നു. കിതച്ചോടുകയായിരുന്ന ടാറ്റ മോട്ടേഴ്സ് പിന്നീട് കുതിച്ചത് ചരിത്രം. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലേക്ക് ഒരേ സമയം നൂതന സാങ്കേതിക വിദ്യയും ജെഎല്‍ആറിന്റെ കരുത്തുറ്റ പ്ലാറ്റ്ഫോമും സംയോജിപ്പിച്ചായിരുന്നു ടാറ്റ മോട്ടേഴ്സ് കരുത്തുനേടിയത്. 2012 ല്‍ യുഎസ് ആസ്ഥാനമായ സ്റ്റാര്‍ബക്സുമായി പങ്കാളിത്തമുണ്ടാക്കി ഇന്ത്യയില്‍ സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റുകള് തുടങ്ങി കോഫി ഷോപ്പുകളിലൂടെ എങ്ങനെ ലാഭം കൊയ്യാമെന്നും രതന് കാണിച്ചുതന്നു. ഏകദേശം അറുപതോളം അന്താരാഷ്ട്ര ഏറ്റെടുക്കലുകളാണ് രതന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് നടത്തിയത്.