2006 മുതൽ മലയാളിയുടെ ഭക്ഷ്യശീലങ്ങൾക്ക് രുചിക്കൂട്ട് നൽകിയിരുന്ന ബ്രാഹ്മിൻസ് ഫുഡ്സ് എന്ന ബ്രാൻഡ് 2023 ൽ വിപ്രോ ഏറ്റെടുത്തശേഷം, 1968 ൽ ആരംഭിച്ച വിഷ്ണു നമ്പൂതിരി ഗ്രൂപ്പിൽ നിന്നും പുതിയ ബ്രാൻഡ് വിപണിയിലെത്തുകയാണ്. ശ്രീനാഥ് വിഷ്ണുവിന്റെ നേതൃത്വത്തിൽ വിഷ്ണു ഭവൻ എന്ന ബ്രാൻഡിൽ ഫ്രോസൺ ഫുഡ്സ് ആണ് വിപണിയിൽ എത്തുന്നത്. നിലവിൽ കൈകാര്യം ചെയ്തിരുന്ന മസാല – അച്ചാറുകൾ തുടങ്ങിയവയുടെ ബിസിനസിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ഉൽപ്പന്ന നിരയുമായാണ് ശ്രീനാഥ് വിഷ്ണു എത്തുന്നത്.

കേരളത്തിന്റെ ആധികാരികമായ പരമ്പരാഗത രുചികൾ കടൽ കടത്തുക , ഏവർക്കും എളുപ്പത്തിൽ പരമ്പരാഗത രുചി വൈവിധ്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് വിഷ്ണു ഭവൻ വിപണിയിൽ സജീവമാകുന്നത്. കഴിഞ്ഞ വർഷം നിശബ്ദപ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് മുതൽ വാണിജ്യപരമായി വിപണിയിൽ സജീവമാകുകയാണ്. 2024 ൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണുവിന്റെയും ഓപ്പറേഷൻസ് ഡയറക്ടർ അർച്ചന ശ്രീനാഥിന്റെയും നേതൃത്വത്തിലാണ് ഫ്രോസൺ, റെഡി-ടു-ഈറ്റ് വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിഷ്ണു ഭവൻ പ്രവർത്തനം തുടങ്ങുന്നത്.

ഇടുക്കിയിലെ തൊടുപുഴ ആസ്ഥാനമാക്കിയാണ് വിഷ്ണു ഭവൻ പ്രവർത്തിക്കുന്നത്.യുകെ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര സമൂഹത്തിലേക്കും കേരളത്തിലെ തനത് രുചിവൈവിധ്യം എത്തിക്കുക എന്നതാണ് ലക്ഷ്യം.
ആധികാരികത, നവീകരണം, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നീ മൂന്നു ഘടകങ്ങളിൽ ശ്രദ്ധയൂന്നിയാണ് വിഷ്ണു ഭവൻ മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ പരമ്പരാഗത സസ്യാഹാര പാചകരീതികളിൽ ഉറച്ചു നിന്നുകൊണ്ട് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഫ്രോസൺ മീൽസ്, പച്ചക്കറികൾ, ലഘുഭക്ഷണങ്ങൾ എന്നിവ വിഷ്ണു ഭവൻ വിപണിയിലെത്തിക്കുന്നു. ആഗോള കയറ്റുമതി ആവശ്യകതകൾ നിറവേറ്റുന്നതിനായി ശുചിത്വവും സർട്ടിഫിക്കേഷനുകളും കൃത്യമായി പാലിച്ചുകൊണ്ടാണ് ഉൽപ്പന്ന നിർമാണം.
വിഭവസമൃദ്ധമായ ഉൽപ്പന്നങ്ങൾ

ഫ്രോസൺ ഫുഡുകളുടെ കൂട്ടത്തിൽ സാമ്പാറിനൊപ്പം ഇഡ്ലി, വെജിറ്റബിൾ സ്റ്റ്യൂവിനൊപ്പം മലബാർ പൊറോട്ട, സ്റ്റ്യൂവിനൊപ്പം ഇടിയപ്പം, കടലക്കറിയോടെ പുട്ട് എന്നിവയെല്ലാമാണ് ലഭ്യമാക്കുന്നത്. ഉഴുന്നുവട , പഴംപൊരി , തുടങ്ങിയവ ലഘു ഭക്ഷണങ്ങളായും അവിയൽ, സാമ്പാർ, കുറുക്കു കാലൻ, വൻപയർ തോരൻ എന്നിവ ഫ്രോസൺ കാരികളായും വിഷ്ണു ഭവൻ വിപണിയിലെത്തിക്കുന്നു.മുരിങ്ങയില, ചുവന്ന ഉള്ളി, പച്ച മാങ്ങ കഷ്ണങ്ങൾ എന്നിവയും വിപണിയിലെത്തിക്കുന്നുണ്ട്. തേങ്ങാ ചിരകിയതും അരച്ചതും ലഭ്യമാണ്. ഇതോടൊപ്പം പരമ്പരാഗത കേരളാ പലഹാരങ്ങളും ഉണ്ട്.
ഇന്ന്, പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി സന്തുലിതമാക്കുന്ന ഒരു ആധുനിക ഭക്ഷണ ബ്രാൻഡായി മാറുകയാണ് വിഷ്ണു ഭവന്റെ ലക്ഷ്യം. ശ്രീനാഥ് വിഷ്ണുവിന്റെ നേതൃത്വത്തിൽ, ആഭ്യന്തര സൂപ്പർമാർക്കറ്റുകളിലും അന്താരാഷ്ട്ര സ്റ്റോറുകളിലും ലഭ്യത ഉറപ്പാക്കിയാണ് ബ്രാൻഡ് മുന്നേറുന്നത്.

ഭാവി പദ്ധതികൾ
കൂടുതൽ റെഡി റ്റു കുക്ക് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് ഭാവി ലക്ഷ്യം.മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും പുതിയ വിപണികളിൽ പ്രവേശനം ലക്ഷ്യമിടുന്നുണ്ട്.ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഉൽപ്പന്നങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഉണ്ട്.





