കേരളത്തിലെ സാമ്പത്തിക രംഗത്ത് വനിതാ സംരംഭകർ വലിയ മുന്നേറ്റം നടത്തുന്ന ഒരു കാലഘട്ടമാണിത്. എന്നാൽ, പലപ്പോഴും ഒരു ഹോബി എന്ന നിലയിൽ ആരംഭിക്കുന്ന കൊച്ചു സംരംഭങ്ങൾ ഒരു യഥാർത്ഥ സംരംഭമായി വളരാതെ പരാജയപ്പെടാറുണ്ട്. ഈ വ്യത്യാസം തിരിച്ചറിയുന്നിടത്താണ് വിജയം തുടങ്ങുന്നത്. കൃത്യമായ പഠനങ്ങളില്ലാത്ത “ബ്ലൈൻഡ് എൻട്രി” ബിസിനസിൽ വലിയ അപകടങ്ങൾ വരുത്തിവെക്കും. ഒരു സംരംഭത്തെ കേവലം താൽപ്പര്യത്തിന്റെ പുറത്ത് കൊണ്ടുപോകുന്നതിന് പകരം, അതിനെ കൃത്യമായ സ്ട്രക്ചറുള്ള ഒരു ബിസിനസായി കാണുകയാണ് വേണ്ടത്. ഏതൊരു വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെയും അടിസ്ഥാനം എന്നത് കൃത്യമായ സാമ്പത്തിക അച്ചടക്കമാണ്.
ഫിനാൻസ് മാനേജ്മെന്റും ക്യാഷ് ഫ്ലോയും
ഒരു സംരംഭത്തിന്റെ ജീവനാഡി അതിന്റെ ‘ക്യാഷ് ഫ്ലോ’ അഥവാ പണമൊഴുക്കാണ്. ക്യാഷ് ഫ്ലോ മാനേജ്മെന്റിലെ പാളിച്ചകൾ ബിസിനസ്സിനെ കടക്കെണിയിലേക്ക് (Rolling debt) നയിക്കും. കേരളത്തിലെ പല ചെറുകിട സംരംഭകരും വരുമാനത്തിന്റെ 75 ശതമാനത്തോളം വ്യക്തിഗത ആവശ്യങ്ങൾക്കായി ധൂർത്തടിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇതിനു പകരം, ലാഭത്തെ കൃത്യമായി പുനർനിക്ഷേപിക്കുന്ന “50/50 പ്രോഫിറ്റ് റീ-ഇൻവെസ്റ്റ്മെന്റ് മോഡൽ” പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ലാഭത്തിന്റെ ഒരു ഭാഗം പുതിയ വൈവിധ്യങ്ങൾ കൊണ്ടുവരാനായി ഉപയോഗിച്ചില്ലെങ്കിൽ, പ്രവർത്തനച്ചെലവുകൾ വർധിക്കുകയും ബിസിനസ്സ് നിശ്ചലമാവുകയും ചെയ്യും.
ഡെഡ്സ്റ്റോക്ക് മാനേജ്മെന്റ്
വിൽപ്പന നടക്കാതെ കെട്ടിക്കിടക്കുന്ന സാധനങ്ങൾ അഥവാ ‘ഡെഡ് സ്റ്റോക്ക്’ യഥാർത്ഥത്തിൽ ബിസിനസിലെ ഡെഡ് ഇൻവെസ്റ്റ്മെന്റ് ആണ്. ടെക്സ്റ്റൈൽ വിഭാഗത്തിലാണ് ഈ പ്രശ്നം പ്രധാനമായുമുള്ളത്. പഴയകാലത്തെ ‘ആടി സെയിൽ’ പോലുള്ളവ ഇത്തരത്തിൽ വർഷങ്ങളോളം വിറ്റുപോകാത്ത സാധനങ്ങൾ ഒഴിവാക്കാനുള്ള അവസാന ശ്രമമായിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ താഴെ പറയുന്ന സ്റ്റോക്ക് റീപ്ലെനിഷ്മെന്റ് പ്രോട്ടോക്കോൾ ശ്രദ്ധിക്കുക
- 3/4 റൂൾ : കൈവശമുള്ള പക്കലുള്ള സ്റ്റോക്കിന്റെ മുക്കാൽ ഭാഗം വിറ്റു തീരുമ്പോൾ തന്നെ അടുത്ത സ്റ്റോക്കിനായുള്ള പ്ലാനിംഗ് ആരംഭിക്കണം.
- 1/2 റൂൾ : സ്റ്റോക്ക് പകുതിയായി കുറയുമ്പോൾ പുതിയ ഓർഡർ ഫൈനലൈസ് ചെയ്യണം.
- സ്മോൾ ക്വാണ്ടിറ്റി ട്രെൻഡ് ഇന്റഗ്രേഷൻ: വിപണിയിലെ പുതിയ ട്രെൻഡുകൾ വരുമ്പോൾ റിസ്ക് ഒഴിവാക്കാൻ അവ ചെറിയ അളവിൽ വാങ്ങി നിലവിലുള്ള സ്റ്റോക്കിനൊപ്പം ചേർക്കുക.
ബ്രാൻഡിംഗും പ്രൈസിംഗും
ആന്തരികമായി സ്റ്റോക്ക് മാനേജ് ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് ഉപഭോക്താക്കളെ ഈ സ്റ്റോക്കിലേക്ക് ആകർഷിക്കുന്നത്. ബ്രാൻഡിന്റെ വില കുറയ്ക്കുന്നത് ആത്മഹത്യാപരമാണ്. വിപണിയിലെ ‘ടോക്സിക് കോമ്പറ്റീഷന്റെ’ ഭാഗമായി വില കുറയ്ക്കുന്നതിന് പകരം, വാടക, ശമ്പളം, വൈദ്യുതി തുടങ്ങിയ എല്ലാ ചെലവുകളും ഉൾക്കൊള്ളുന്ന സുസ്ഥിരമായ ഒരു ‘ബ്രാൻഡ് റേറ്റ്’ നിശ്ചയിക്കുക.
ചെറുകിട ബിസിനസുകളെ സംബന്ധിച്ച് സംരംഭക തന്നെയാണ് ബ്രാൻഡിന്റെ മുഖം. വിശ്വാസ്യത കെട്ടിപ്പടുക്കാൻ ഉടമ തന്നെ നേരിട്ട് മുന്നിൽ വരണം. സോഷ്യൽ മീഡിയയിലൂടെയും മറ്റും തുടർച്ചയായി സ്വന്തം ഉൽപ്പന്നത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കണം. ബ്രാൻഡിംഗ് ഒന്നും കൂടാതെ തുടക്കത്തിൽ സുഹൃത്തുക്കളും അയൽക്കാരും സാധനം വാങ്ങിയേക്കാം. ഇത് സുസ്ഥിരമല്ല. ലോകത്തിന്റെ ഏതോ കോണിലുള്ള അപരിചിതനായ ഉപഭോക്താവിലേക്ക് നിങ്ങളുടെ ബ്രാൻഡ് എത്തുമ്പോഴാണ് യഥാർത്ഥ ബ്രാൻഡ് വളർച്ചയുണ്ടാകുന്നത്.
വീട്ടുമുറ്റത്ത് നിന്നും വിപണിയിലേക്ക്
കൃത്യമായ പ്ലാനിംഗോടെ വേണം ബിസിനസ് വിപുലീകരണം നടത്തേണ്ടത് . ബിസിനസ് വിപുലീകരണം വികാരപരമായ തീരുമാനമല്ല, മറിച്ച് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.
ട്രയൽ റൺ പിരീഡ്: ആദ്യ ഒരു വർഷം വീട്ടിൽ തന്നെ ബിസിനസ്സ് ചെയ്യുന്നത് വഴി സീറോ റെന്റ് മോഡലിൽ മാർക്കറ്റ് പഠിക്കാൻ സാധിക്കും.
സ്ട്രാറ്റജിക് ട്രിഗർ പോയിന്റ്: വീട്ടിൽ സ്റ്റോക്ക് വെക്കാൻ ഒട്ടും സ്ഥലമില്ലാതെ വരികയും ഉപഭോക്താക്കൾ നേരിട്ട് വരാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ മാത്രം ഒരു ഓഫ്ലൈൻ ഷോപ്പിനെക്കുറിച്ച് ചിന്തിക്കുക.
ഹൈബ്രിഡ് മോഡൽ: ഓഫ്ലൈൻ ഷോപ്പ് എടുക്കുമ്പോൾ അവിടുത്തെ ‘വാക്കിൻ’ കസ്റ്റമേഴ്സിൽ നിന്ന് മാത്രം കെട്ടിടത്തിന്റെ വാടകയും ജിഎസ്ടിയും മറ്റ് ചെലവുകളും കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം ഓൺലൈൻ വിപണിയും സജീവമായി നിലനിർത്തണം.
പ്രവർത്തനക്ഷമതയിലെ സ്ഥിരതയാണ് വിജയം
ബിസിനസ്സ് എന്നത് 24/7 ഉത്തരവാദിത്തമുള്ള ഒരു പ്രക്രിയയാണ്. ബിസിനസ് വിജയം എന്നാൽ കടങ്ങളില്ലാത്ത അവസ്ഥയല്ല, മറിച്ച് ബാധ്യതകൾ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കുന്ന അവസ്ഥയാണ്.വിജയകരമായ ബിസിനസിന്റെ സൂചകങ്ങൾ ലോണുകളും പലിശയും മുടങ്ങാതെ അടച്ചുപോകാനുള്ള ശേഷി, കെട്ടിക്കിടക്കുന്ന സ്റ്റോക്ക് കുറയ്ക്കൽ, ഓണർ അക്കൗണ്ടബിലിറ്റി എന്നിവയാണ്. എത്ര വലിയ ടീം ഉണ്ടെങ്കിലും എന്റ്-ടു-എന്റ് പ്രോസസ്സിൽ ഉടമയുടെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടായിരിക്കണം.
സർക്കാർ സബ്സിഡികളും സാമ്പത്തിക സഹായങ്ങളും
നിർമ്മാണ മേഖലയിലോ പ്രൊഡക്ഷൻ രംഗത്തോ പ്രവർത്തിക്കുന്നവർക്ക് സർക്കാർ 35% മുതൽ 75% വരെ സബ്സിഡി നൽകുന്ന നിരവധി പദ്ധതികളുണ്ട്. വ്യവസായ വകുപ്പ് പഞ്ചായത്ത്/മുൻസിപ്പാലിറ്റി ഓഫീസുകൾ എന്നിവ വഴി നേരിട്ട് ഇത്തരം വിവരങ്ങൾ അന്വേഷിച്ചറിയാൻ സാധിക്കും. എന്നാൽ ഇത്തരം ലോണുകൾ എടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. സബ്സിഡികൾക്കും ലോണുകൾക്കുമായി ഒരിക്കലും ഇടനിലക്കാരെ (Middlemen) സമീപിക്കരുത്. ഗവൺമെന്റ് ഉദ്യോഗസ്ഥർ സജന്യമായി തയ്യാറാക്കി നൽകുന്ന ‘പ്രോജക്ട് റിപ്പോർട്ടിന്’ വേണ്ടി ഇടനിലക്കാർ 30,000 രൂപ വരെ സ്ത്രീകളിൽ നിന്ന് തട്ടിയെടുക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം ആനുകൂല്യങ്ങൾ നിങ്ങൾ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ, മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ അത് കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് ഓർക്കുക.

സർക്കാർ സഹായം കൈപ്പറ്റുന്നവർ കൃത്യമായ ഓഡിറ്റിംഗിനും ഇൻവിജിലേഷനും തയ്യാറായിരിക്കണം. ബിസിനസ്സ് വളർത്താനുള്ള ഉത്തരവാദിത്തം നിങ്ങൾ തന്നെ ഏറ്റെടുക്കുക. വിദ്യാഭ്യാസവും സ്ഥിരതയുമുള്ള കഠിനാധ്വാനത്തിലൂടെ സ്വന്തം സാമ്പത്തിക ഭാവിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ ഓരോ വനിതാ സംരംഭകയും തയ്യാറാകണം.




