ഭീമ ജൂവല്ലേഴ്സ് ജനകീയമായതിന് പിന്നിൽ അതിന്റെ ലോഗോ ആയ ഭീമ ബോയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കാലങ്ങൾക്ക് മുൻപേ ശ്രദ്ധിക്കപ്പെട്ട ഭീമ ജൂവല്ലേഴ്സിന്റെ ലോഗോക്ക് കൈവിരത്തുമ്പിലൂടെ ജീവൻ നൽകിയ പ്രശസ്ത പരസ്യ കോപ്പി റൈറ്റർ ശങ്കർ കൃഷ്ണമൂർത്തി വിട പറഞ്ഞു.
മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായിരുന്ന ശങ്കർ കൃഷ്ണമൂർത്തി എന്ന ശിവ കൃഷ്ണമൂർത്തി. 85 വയസിൽ അദ്ദേഹം വിട പറയുമ്പോൾ പരസ്യകലാരംഗത്തിന് വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഒരു പോലെ കോപ്പി റൈറ്റിങ് മേഖലയിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു അദ്ദേഹം.
1939-ൽ ആലപ്പുഴയിൽ ജനിച്ച കൃഷ്ണമൂർത്തി, എഴുപതുകളിൽ കോട്ടയത്തേക്ക് താമസം മാറ്റി. ഭീമയുടെ ലോഗോ പിറക്കുന്നത് ഈ കലകത്തിലാണ്. സ്വർണമാലയണിഞ്ഞു തുള്ളിച്ചാടുന്ന കുട്ടിയുടെ രൂപത്തിന് ‘ഭീമ ബോയ്’ എന്ന പേര് ഭാവനയിൽ നിന്നും നൽകിയത് അദ്ദേഹമാണ്.ഭീമയുടെ പിന്നീടുള്ള വളർച്ചയ്ക്ക് മനോഹരമായ ഈ ലോഗോ നിർണായക സ്വാധീനമായിരുന്നു.
എൺപതുകളിൽ മലയാളത്തിലെ പ്രമുഖ പരസ്യ കമ്പനിയായിരുന്ന കെ.പി.ബി-യുടെ ക്രിയേറ്റീവ് ഡയറക്ടറും കോപ്പി റൈറ്ററുമായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.‘പാലാട്ട്’ അച്ചാർ, ‘വി ഗൈഡ്’ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പേര് നൽകിയതും, ‘പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്’, ‘മഴ മഴ, കുട കുട’ (സെൻ്റ് ജോർജ്/പോപ്പി), ‘പുറത്ത് ചെറിയ കട, അകത്ത് അതിവിശാലമായ ഷോറൂം’ (കോട്ടയം അയ്യപ്പാസ്) എന്നിങ്ങനെ മലയാളികൾ ഇന്നും ഓർക്കുന്ന നിരവധി രസകരമായ പരസ്യവാചകങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്.
കേരളത്തിലെ തിരക്കേറിയ കോപ്പി റൈറ്റർ ആയിരിക്കെയാണ് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യ കമ്പനിയിൽ ജോലി സ്വീകരിച്ച് അങ്ങോട്ട് താമസം മാറുന്നത്. തൊഴിൽ മേഖലയിൽ ജീവിതത്തിൻ്റെ അവസാന കാലം വരെയും സജീവമായിരുന്നു.