പുതിയ ബിസിനസുകളില്‍ 90 ശതമാനവും പരാജയപ്പെടുന്നത് പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തിലാണെന്നാണ് ഫോബ്സ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിനുള്ള പ്രധാന കാരണം കൃത്യമായ നിക്ഷേപത്തിന്റെ അഭാവം തന്നെയാണ്. ഒരു സംരംഭം വിജയത്തിലെത്തണമെങ്കിൽ മികച്ച ആശയം, മാനേജ്മെന്റ് വൈദഗ്ദ്യം തുടങ്ങി അനുകൂല ഘടകങ്ങള്‍ ആവശ്യമാണ്. ഇതോടൊപ്പം പ്രധാനമാണ് നിക്ഷേപം. മൂലധനമില്ലാതെ വിജയം കാണുന്ന സംരംഭങ്ങൾ വളരെ ചുരുക്കമാണ്. ഒരു സംരംഭത്തിലേക്ക് നിക്ഷേപം കൊണ്ട് വരാനും പുതിയ നിക്ഷേപകരെ ബ്രാൻഡിന്റെ ഭാഗമാകാകനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സംരംഭത്തിന്റെ നടത്തിപ്പിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
1 . ആശയമാണ് പ്രധാനം
ചാറ്റ് ജിപിടിയോട് ചോദിച്ച് ബിസിനസ് ആശയങ്ങൾ രൂപീകരിക്കുന്ന ലാഘവത്തിൽ ബിസിനസ് ആശയങ്ങളെ കാണരുത്. കൃത്യമായ മാർക്കറ്റ് പഠനത്തിന്റെ പിൻബലത്തിൽ കണ്ടെത്തിയ ആശയത്തിന് മാത്രമേ നിലനിൽപ്പുണ്ടാകൂ. . എന്താണ് താന്‍ ബിസിനസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ആരാണ് പൊട്ടന്‍ഷ്യല്‍ കസ്റ്റമര്‍ എന്നും, എത്ര ബഡ്ജറ്റ് വരുമെന്നും എത്ര നാള് കൊണ്ട് കമ്പനി ലാഭത്തിലാകുമെന്നും സംബന്ധിച്ച വ്യക്തമായ പ്ലാന്‍ തയ്യാറാക്കുക.
ആരെല്ലാമാണ് മാനേജ്മെന്റില്‍ ഉള്ളത്, ഓരോ വ്യക്തികളുടെയും ചുമതലകള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കി സൂക്ഷിക്കുക. കമ്പനിയുടെ പുരോഗതി, നയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, വരുമാനം വരുന്ന വഴി, നിക്ഷേപത്തിന്റെ രീതികള്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ പ്രവര്‍ത്തന രേഖ ആവശ്യമാണ്. സുത്യാര്യമായ മാനേജ്മെന്റ് നയങ്ങളാണ് ഒരു സ്ഥാപനത്തിനാവശ്യം. ഇക്കാര്യങ്ങളിലൂടെയെല്ലാം എത്രമാത്രം ശക്തമായ ആശയമാണ് സ്ഥാപനത്തിനുള്ളതെന്ന് ഒരു നിക്ഷേപകന് മനസിലാക്കാന്‍ കഴിയണം.
2. യുഎസ്പി മനസിലാക്കി നിക്ഷേപം തേടുക
സ്ഥാപനത്തിന്റെ യുഎസ്പി എന്താണെന്നു കൃത്യമായി മനസിലാക്കിയ ശേഷം മാത്രമേ നിക്ഷേപ സമാഹരണത്തിനായി ഇറങ്ങിത്തിരിക്കാവൂ . വാങ്ങുന്ന നിക്ഷേപത്തുക ലാഭത്തിലൂടെ മടക്കി നല്കുവാന് ബാധ്യതയുണ്ട്. അതിനാല്‍ അതനുസരിച്ചുള്ള പദ്ധതികള്‍ വേണം നടപ്പിലാക്കാന്‍. ഗുണമേന്മ, ലൊക്കേഷന്‍, പ്രൈസിംഗ് തുടങ്ങി നിങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന, നിലനിര്‍ത്തുന്ന ഘടകങ്ങളാണ്. അതിനാല്‍ ഇവ എന്നും മികച്ച രീതിയില്‍ സംരക്ഷിക്കുക. ഒപ്പം തന്നെ ഉപഭോക്താക്കളുടെ ഇടയില്‍ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതിനാല്‍ ഇപ്പോഴും ഉപഭോക്തൃ കേന്ദ്രീകൃതമായ രീതിയില്‍ ബിസിനസ് വളര്‍ത്താന്‍ ശ്രമിക്കുക.
3. വരുമാനമാർഗം സുദൃഢമാകണം
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് ആരും തന്നെ കൂടുതല്‍ പണം നിക്ഷേപിക്കുകയില്ല. അതിനാല്‍ തുടക്കം മുതല്‍ക്ക് സ്ഥാപനത്തിന്റെ വരുമാനമാര്‍ഗം കൃത്യമായി രേഖപ്പെടുത്തണം. വരുമാനത്തിന്റെ വ്യക്തമായ ഒരു ചരിത്രം സൂക്ഷിക്കുക .ഓഡിറ്റിങ്, അകൗണ്ടിംഗ്, നികുതിയടക്കല്‍ എന്നിവ കൃത്യമാക്കി വയ്ക്കുക. നിക്ഷേപം ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഇക്കാര്യങ്ങള്‍ കൃത്യമായി പിന്തുടരുക. സ്ഥാപനത്തിന് കൃത്യമായ ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരിക്കുന്നത് ഭാവി വികസനത്തിന് സഹായകമാകും. പല ന്യൂജെന്‍ കമ്പനികളും ഇക്കാര്യത്തില്‍ പിന്നിലാണ്.
4. മികച്ച ബ്രാന്‍ഡ് വാല്യൂ സൂക്ഷിക്കുക
മികച്ച ബ്രാന്‍ഡ് വാല്യൂ സൂക്ഷിക്കുക എന്നതില്‍ ശ്രദ്ധ ചെലുത്തുക. ജനമനസുകളില്‍ പ്രതിഷ്ഠ നേടിയ ഒരു ബ്രാന്‍ഡിനോട് നിക്ഷേപകന് ഒരു പ്രത്യേക താല്പര്യമായിരിക്കും. അതിനാലാണ് ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളും തുടക്കം മുതല്‍ക്ക് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ ഘടകങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നത്. അത്തരമൊരു അവസ്ഥയില്‍ ഉപഭോക്താക്കളിലേക്ക് ബ്രാന്‍ഡ് കൂടുതലായി ഇറങ്ങിച്ചെല്ലുകയും സ്വീകാര്യത വര്‍ധിക്കുകയും ചെയ്യുന്നു.വിപണിയില്‍ ശ്രദ്ധേയമായിരിക്കുന്ന ബ്രാന്‍ഡുകള്‍ നിക്ഷേപം തേടുമ്പോള്‍ ലഭിക്കാനുള്ള സാധ്യത 40 ശതമാനം കൂടുതലാണ്.
5 രേഖകള്‍ കൃത്യമായി സൂക്ഷിക്കുക
ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍, ബോര്‍ഡ് മീറ്റിംഗ് മിനിറ്റ്സ്, ഇന്കോര്പ്പറേഷന് ഡോക്യുമെന്റ്സ്, ലൈസന്‍സിംഗ് ഡോക്യുമെന്റ്സ്, ടോപ് കസ്റ്റമേഴ്സ് ലിസ്റ്റ്, വെന്ഡര് എഗ്രിമെന്റ്സ്, കമ്പനിയുടെ ഉടമസ്ഥ ഘടന, ടാക്സ് ഫയലിംഗ് ഡോക്യുമെന്റ്സ് തുടങ്ങി എല്ലാ രേഖകളും എപ്പോള്‍ ചോദിച്ചാലും കാണിക്കാന്‍ കഴിയുന്ന രീതിയില്‍ ലഭ്യമാക്കണം. നല്ലൊരു നിക്ഷേപകന് എപ്പോഴും ലീഗല്‍ ഡോക്യുമെന്റുകള്‍ ആവശ്യപ്പെടും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുവാനും മാനേജ് ചെയ്യുവാനും ഒരു ടീമിനെ കമ്പനിക്ക് കീഴില്‍ സജ്ജമാക്കി വയ്ക്കണം.