10 രൂപക്ക് കിട്ടുന്ന സമൂസ പോലൊരു നാലുമണി പലഹാരം. അതിൽ നിന്നും 200 കോടി രൂപയുടെ മൂല്യം വരുന്ന ഒരു സംരംഭം പടുത്തുയർത്താൻ സാധിക്കുമോ? തീർച്ചയായും സാധിക്കുമെന്ന് തെളിയിക്കുകയാണ് സമൂസ പാർട്ടി എന്ന ക്വിക്ക് സർവീസ് റെസ്റ്റോറൻ്റ് സ്ഥാപകരായ അമിത് ജ്ഞാനവാനിയും ദിഷാ പാണ്ടേയും.
2017-ൽ നല്ല ഹൈപ്പെയ്ഡ് ഐടി ജോലി വേണ്ടെന്നു വച്ചിട്ട് ബെംഗളൂരു നഗരത്തിൽ ഇത്തരമൊരു സംരംഭം തുടങ്ങുമ്പോൾ അമിത് ജ്ഞാനവാനിയും ദിഷാ പാണ്ടേയും ആഗ്രഹിച്ചത് ഇന്ത്യൻ സ്നാക്കുകൾക്ക് ഒരു കോർപ്പറേറ്റ് മുഖം നൽകുക എന്നതായിരുന്നു. ഇരുവരും ഭക്ഷണപ്രിയരായിരുന്നു. ഇന്ത്യൻ വിപണി പഠിച്ചപ്പോൾ മനസിലാക്കിയ കാര്യം സ്നാക്ക് ഏറ്റവും കൂടുതൽ ലഭ്യമായിട്ടിരിക്കുന്നത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് മേഖലയിലാണ്. എന്നാൽ വൃത്തിഹീനമായാണ് പലപ്പോഴും അവ ഉണ്ടാകുന്നതും ജനങ്ങളിലേക്ക് എത്തിക്കുന്നതും.
ഇത്തരത്തിൽ ഗുണമേന്മ ഇല്ലാതെയുമുള്ള സമൂസകളുടെ വില്പന അമിതിന് മുന്നിൽ പുത്തൻ സാധ്യതകൾ തുറന്നു നൽകി. എന്തുകൊണ്ട് കെഎഫ്സി, മക്ഡോണാൾഡ്സ് അല്ലെങ്കിൽ ഡൊമിനോസ് പോലെയൊക്കെ സമൂസകൾ വിൽക്കുവാൻ മാത്രം ഒരു ക്വിക്ക് സർവീസ് റെസ്റ്റോറൻ്റ് തുടങ്ങിക്കൂടാ എന്ന് അമിതിന് തോന്നി. അങ്ങനെ ആ തോന്നലിന്റെ ചുവടുപിടിച്ചാണ് ആദ്യമായി 2017 ൽ ബെംഗളൂരു ആസ്ഥാനമായി സമൂസ പാർട്ടി എന്ന സ്ഥാപനം ആരംഭിക്കുന്നത്.
ടെക്നോളജി രംഗത്ത് പ്രവർത്തിച്ചിട്ടുള്ള അമിത്, ഭക്ഷ്യ വ്യവസായത്തിൽ പുതിയൊരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയായിരുന്നു സമൂസ പാർട്ടിയിലൂടെ. തുടക്കത്തിൽ ഒരു ദിവസം 200 സമൂസകൾ വിറ്റു കൊണ്ടിരുന്നിടത്ത് നിന്നും ഇന്ന് ഒരു ദിവസം 25000 സമൂസകൾ വിൽക്കുന്ന രീതിയിലേക്ക് സ്ഥാപനം വളർന്നു
ചൂടോടെ മൊരിഞ്ഞ സമൂസകളാണ് പ്രധാനമായും സമൂസ പാർട്ടി വിപണിയിലെത്തിച്ചത്. അതോടൊപ്പം കലന്തരത്തിൽ ബുറിറ്റോ റൈസ് ബൗളുകൾ, റാപ്പുകൾ, ചോലെ ഭത്തൂർ, ചോലെ കുൽച, ചാറ്റുകൾ, പാവ് ഭാജി, വട പാവ്, ഗുലാബ് ജാമുൻ എന്നിവ കൂടി മെനുവിൽ സ്ഥാനം പിടിച്ചു. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും വൈകുന്നേരഭക്ഷണത്തിനും അനുയോജ്യമായ ഈ വിഭവങ്ങൾ എല്ലാം പയ്യെ പയ്യെ മെനുവിന്റെ ഭാഗമായി മാറി.ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി എൻസിആർ എന്നിവിടങ്ങളിലായി പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു. ഓൺലൈൻ ഡെലിവറി ആയും സമൂസ പാർട്ടി ജനങ്ങളിലേക്കെത്തി.
അമിത് നാൻവാനിയും ദിക്ഷ പാണ്ഡെയും ചേർന്ന് സമൂസ പാർട്ടിയെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ക്വിക് സർവീസ് റെസ്റ്റോറന്റ് (QSR) ആയി മാറ്റി. ഉൽപ്പന്നം, സാങ്കേതിക വിദ്യ, വളർച്ച എന്നിവ ഉറപ്പാക്കിക്കൊണ്ടാണ് അവർ ഈ നേട്ടം കൈവരിച്ചത്. പാഷനും പരിശ്രമവും ഉണ്ടെങ്കിൽ മ്മുടെ ഉള്ളിവടയും, ഉഴുന്ന് വടയും, പരിപ്പ് വടയും ഒക്കെ ഒരു ബ്രാൻഡ് ആക്കി മാറ്റാവുന്നതേയുള്ളൂ.




