സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന ആദ്യത്തെ അഞ്ചുമേഖലകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ബിസിനസ്. ഇന്ന് ഏറ്റവും കൂടുതല്‍ ഇന്നവേഷനുകള്‍ നടക്കുന്നതും ഈ മേഖലയില്‍ തന്നെയാണ്. മലയാളിയുടെ മാറുന്ന ലൈഫ്സ്റ്റൈലിന്റെ ഭാഗമായി മെനുവിൽ ഹോട്ടല്‍ ഫുഡ് ഇടം പിടിച്ചതും വീട്ടില്‍ നിന്നും മാറിനിന്നു ജോലി ചെയ്യേണ്ടി വരുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് മേഖലയിലെ കുതിപ്പിനുള്ള പ്രധാന കാരണം. ഗുണമേന്മ, മികച്ച അന്തരീക്ഷം, ഭക്ഷണ മെനുവിലെ വ്യത്യസ്തത എന്നിവയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ബിസിനസിനെ നിലനിര്‍ത്തുന്നത്. ചെറുകിട ഇടത്തരം മേഖലകളിലും ലക്ഷ്വറി വിഭാഗത്തിലും ഒരേ പോലെ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് റെസ്റ്റോറന്റ് ബിസിനസ് എന്നതാണ് ഈ മേഖലയിലെ നിക്ഷേപത്തിന്റെ പ്രത്യേകത. ഏത് ബിസിനസിലെ എന്നത് പോലെ തന്നെ സംരംഭകന്റെ ആത്മാര്‍ത്ഥതയ്ക്കാണ് ഇവിടെ സ്ഥാനം. ഭക്ഷണപ്രിയന്‍ കൂടിയാണ് സംരംഭകന് എങ്കില്‍ പിന്നെ ബിസിനസ് വളര്‍ച്ച മുന്നോട്ട് തന്നെ
ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണം. ഒരു നേരം ഭക്ഷണം ഇല്ലാതാകുമ്പോള്‍ തന്നെ അത് ശരീരത്തെയും മനസിനെയും ഒരു പോലെ ബാധിക്കും. ഭക്ഷണത്തിന്റെ ഈ പ്രാധാന്യം മനസിലാക്കിയാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടക്കുന്നത്.ഇതിനാല്‍ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഇടത്തരം ബിസിനസ് ഏതാണ് എന്ന ചോദ്യത്തിന് ആകെ ഒരു ഉത്തരം മാത്രമേ ഉള്ളൂ, റെസ്റ്റോറന്റ് ബിസിനസ്. കൊച്ചി, തിരുവനന്തപുരം , കോഴിക്കോട് തുടങ്ങിയ ജില്ലകളെ കേന്ദ്രീകരിച്ചാണ് റസ്റ്റോറന്റുകള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് എങ്കിലും മറ്റു ജില്ലകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല .
ജീവിക്കാനായി ഭക്ഷണം കഴിക്കുന്ന എന്ന രീതിയില്‍ നിന്നും വിഭിന്നമായി ഭക്ഷണം ആസ്വാദനത്തിന്റെ ആഘോഷമാക്കി മാറ്റുക എന്ന രീതി വന്നതോടെയാണ് റെസ്റ്റോറന്റ് ബിസിനസ് സാധ്യതകള്‍ വര്‍ധിച്ചത്.ഏറ്റവും രുചിയുള്ളതും വ്യത്യസ്തമായതുമായ ഭക്ഷണങ്ങള്‍ തേടി സഞ്ചരിക്കാന്‍ മലയാളിക്ക് ഇന്ന് യാതൊരു മടിയും ഇല്ല.അതിനാല്‍ ഓരോ മാസവും നൂറിലേറെ പുതിയ റെസ്റ്റോറന്റുകളാണ് ചെറുതും വലുതുമായി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചൈനീസ് രുചി മുതല്‍ തനി നാടന്‍ ഭക്ഷണം വരെ തേടി ഭക്ഷണപ്രിയര്‍ അലയുകയാണ്. കേരളം രുചികളില്‍ മുന്‍തൂക്കം മലബാര്‍ രുചിക്കാണ്. കൊച്ചിയിലാണ് മലബാറി റസ്റ്റോറന്റുകള്‍ ഏറ്റവും കൂടുതലായിട്ടുള്ളത് എന്ന പ്രത്യേകത കൂടിയുണ്ട്.ചെറിയ സമൂസക്കടകള്, ചപ്പാത്തി സെന്ററുകള്‍, മോമോസ് കോര്‍ണറുകള്‍ , ലസ്സി ഷോപ്പുകള്‍ എന്നിവയിലും ആവശ്യക്കാര്‍ ഏറെയാണ്.
” എനിക്ക് ഭക്ഷണം കഴിക്കാൻ വളരെ ഇഷ്ടാമാണ്. ആസ്വദിച്ചു കഴിക്കുക എന്നതാണ് എന്റെ രീതി. അതിനുള്ള അന്തരീക്ഷമുള്ള ഹോട്ടലുകൾ ഞാൻ തെരഞ്ഞെടുക്കും. അങ്ങനെയാണ് ഈ മേഖലയിൽ നിക്ഷേപം നടത്താമെന്ന തോന്നലുണ്ടായത്. അങ്ങനെ കോഴിക്കോട് ആദ്യത്തെ ഹോട്ടൽ തുറന്നു. ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നത് കൊണ്ട് തന്നെ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു എന്നതാണ് വാസ്തവം.” കോഴിക്കോട് കേന്ദ്രീകരിച്ച് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് നടത്തുന്ന ഗണേഷ് പറയുന്നു.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഹോട്ടല്‍ ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കും മുന്‍പ് ഒരു സംരംഭകന് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്താന്‍ പറ്റിയ ഒരു മേഖലയല്ല ഇത്. ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം വിതരണം ചെയ്യാനുള്ള മനസാണ് സംരംഭകന് ആദ്യം വേണ്ടത്. ലാഭം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ബിസിനസ് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. റെസ്റ്റോറന്റ് ബിസിനസ് ആരംഭിക്കുന്നതിനു മുന്‍പായി ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
വേണം ബിസിനസ് പ്ലാന്‍
ഒരു പുതിയ റെസ്റ്റോറന്റ് തുറക്കുന്നതിനുള്ള ആദ്യപടിയാണ് ബിസിനസ് പ്ലാന്‍. ഫിനാൻസിംഗ് രീതികൾ പ്രകാരം ഏതൊരു പുതിയ വ്യാപാരത്തിനായും ഒരു ബിസിനസ് പ്ലാന്‍ അത്യാവശ്യമാണ്. ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മേഖലയെ പറ്റിയും അതിന്റെ സാധ്യതകളെ പറ്റിയും നന്നായി മനസിലാക്കിയ ശേഷം ആവണം ബിസിനസ് പ്ലാന്‍ തയ്യാറാക്കേണ്ടത്. ഒരു റസ്റ്റോറന്റ് ബിസിനസ് പ്ലാന്‍ തയ്യാറാക്കുക വഴി , നിങ്ങളുടെ റസ്റ്റോറന്റ് ഭാവിയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള നേട്ടങ്ങളുടെ ഒരു കരട് രൂപം ലഭിക്കുന്നു. റെസ്റ്റോറന്റ് രംഗത്തെ കിട മത്സരം, പ്രധാന എതിരാളികള്‍, നിക്ഷേപ സാധ്യതയുള്ള മേഖലകള്‍ എന്നിവയെക്കുറിച്ചെല്ലാം മനസിലാക്കാന്‍ സഹായിക്കുന്നു. ലൈസന്‍സിംഗ്, ആരോഗ്യ കോഡുകള്‍, ടാക്സ് നിയമങ്ങള്‍ എന്നിവ ഉറപ്പിക്കുന്നതിനും ബിസിനസ് പ്ലാന്‍ സഹായകമാകും.
മാര്‍ക്കറ്റ് അനാലിസിസ്
ബിസിനസ് പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞാല്‍ അടുത്തതായി ആവശ്യമായി വരുന്നത് മാര്‍ക്കറ്റ് അനാലിസിസ് ആണ്. ഇത് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി എന്നും അറിയപ്പെടുന്നു. ആരാണ് പ്രധാന ഉപഭോക്താക്കള്‍, എന്ത് തരം സേവനമാണ് നല്‍കേണ്ടത്, പ്രാധാന്യം നല്‍കേണ്ടത് ഏത് തരം ഭക്ഷണത്തിനാണ് തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ മനസിലാക്കാം.മാര്‍ക്കറ്റ് അനാലിസിസ് ശരിയാണെങ്കില്‍ മാത്രമേ കൂടുതല്‍ ആളുകളെ റെസ്റ്റോറന്റിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. സമയാനുബന്ധമായ നിക്ഷേപം മറ്റ് ഏത് മേഖലയിലും എന്ന പോലെ തന്നെ റെസ്റ്റോറന്റ് മേഖലയിലും അനിവാര്യമാണ്. ഭക്ഷണത്തിന്റെ രുചി, വിളമ്പുന്ന രീതി, ആംബിയന്‍സ് എന്നിവയില്‍ എല്ലാം തന്നെ പുതുമ പരീക്ഷിക്കുന്നതിന് മാര്‍ക്കറ്റ് അനാലിസിസ് ആവശ്യമാണ്. മാര്‍ക്കറ്റ് അനാലിസിസ് ബിസിനസ് തുടങ്ങുന്നതിനു മുന്‍പും ബിസിനസ് തുടങ്ങി കൃത്യമായ ഇടവേളകളിലും ചെയ്യാം.
മത്സരാധിഷ്ഠിതമാകുക
തലക്കെട്ട് കണ്ട തെറ്റിദ്ധരിക്കണ്ട. ഗുണനിലവാരം ഉറപ്പാക്കി മത്സരാധിഷ്ഠിതമാകുക. നിങ്ങളുടെ മെനു, മണിക്കൂര്‍, വില എന്നിവ സമീപത്തെ റെസ്റ്റോറന്റുകളുമായി താരതമ്യം ചെയ്ത് ഉറപ്പിക്കുക. ഒരുപാട് വില കുറച്ചു നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്ന ധാരണ പൊതുവെ തെറ്റാണ്. തുടക്കത്തില്‍ ഇത് ഗുണകരമായി തോന്നും എങ്കിലും കാലാന്തരത്തില്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. അതോടെ ഉപഭോക്താക്കളെ നഷ്ടമാകുകയും സ്ഥാപനത്തിന്റെ പേര് ഇല്ലാതാകുകയും ചെയ്യും.
പരസ്യം നൽകാൻ മടി വേണ്ടാ
നിങ്ങള്‍ നിങ്ങളുടെ കോര്‍ പ്രേക്ഷകരെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, നിങ്ങള്‍ അവരുമായി എങ്ങനെ വില്ക്കാന് പോകുന്നു? സോഷ്യല്‍ മീഡിയ സൈറ്റുകള്‍, പരമ്പരാഗത പ്രിന്റ്, റേഡിയോ കാമ്പെയിനുകള്‍ അല്ലെങ്കില്‍ നിങ്ങളുടെ വെബ്സൈറ്റില്‍ എവിടെയാണ് നിങ്ങള്‍ വിപണിയും പരസ്യവും നല്‍കുന്നത് എന്ന് ഉറപ്പാക്കണം
ഫണ്ട് കണ്ടെത്തുക
ഏതൊരു സംരംഭം തുടങ്ങുമ്പോഴും പ്രധാനം ഫണ്ട് കണ്ടെത്തുക എന്നതാണ്. പൊതു സ്റ്റാര്‍ട്ടപ്പ് ബജറ്റും ഒരു ലാഭവും നഷ്ടം പ്രസ്താവനയും തുടക്കം മുതല്‍ വേണം.. എത്രത്തോളം നിങ്ങള്‍ ചെലവഴിക്കും എന്നതിനെക്കുറിച്ചു വിശദമായ പദ്ധതി വേണം. നിങ്ങളുടെ പുതിയ ഭക്ഷണശാലയുടെ മഹത്തായ എല്ലാ വശങ്ങളും ചൂണ്ടിക്കാണിക്കണം. ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തെ വ്യക്തിഗത നികുതി റിട്ടേണ്‍, ഒരു വ്യക്തിഗത സാമ്പത്തിക പ്രസ്താവന, ഒരു ക്രിമിനല്‍ റെക്കോര്‍ഡിനെക്കുറിച്ചുള്ള വിശദമായ വിശദീകരണം, അടുത്തകാലത്തെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കണം. പുതിയ റെസ്റ്റോറന്സുകള് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഫണ്ട് മാനേജ്മെന്റ് ആണ്.അതിനാല്‍ വരവ് ചെലവ് കണക്കുകള്‍ കൃത്യമാക്കി ഈ ഭാഗം ക്ലിയര്‍ ചെയ്യണം
ഉപഭോക്താക്കളെ ചേർത്തു നിർത്തുക
ഏതൊരു സ്ഥാപനത്തിന്റെയും വളർച്ചയുടെ പ്രധാന ഘടകമാണ് ഉപഭോക്താക്കൾ. അതിനാൽ ഭക്ഷണം കഴിക്കാനായി വരുന്നവരോട് നല്ല രീതിയിലുള്ള പെരുമാറ്റം ഉറപ്പാക്കുക. അവരുടെ രുചികൾ ചോദിച്ചറിഞ്ഞു അതിനനുസരിച്ചുള്ള മെനു തയ്യാറാക്കുക, വിഭവങ്ങൾ പരിഷകരിക്കുക എന്നിവ ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ ചേർത്ത് നിർത്താനായി സാധിക്കും. മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി ഒരു സ്ഥാപനത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ് എന്ന് മനസിലാക്കുക. അതിനാൽ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളാനുള്ള മനസ് കാണിക്കുക
സോഷ്യൽ മീഡിയ സാന്നിധ്യം ഉറപ്പാക്കുക
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ സാന്നിധ്യം എന്നത് ഏറെ നിർണായകമാണ്. അതിനാൽ വിഭവങ്ങൾ , സെർവിങ് രീതികൾ , എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. ഉപഭോക്താക്കളിൽ നിന്നുള്ള അഭിപ്രായങ്ങളും പങ്കു വയ്ക്കുക. ഇത് സ്ഥാപനത്തിന്റെ റീച്ച് വർധിപ്പിക്കും.