കാലം മാറി, കഥ മാറി , ഒപ്പം ഓഫീസ് പ്രവർത്തന രീതികളും മാറി. നിക്ഷേപകർ എത്ര പോസിറ്റിവ് ആയും സ്വാതന്ത്ര്യത്തോടും കൂടി തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നുവോ അത്രയും മികച്ച പ്രൊഡക്റ്റിവിറ്റി തൊഴിലാളികളിൽ നിന്നും ലഭിക്കും.ചിന്തയും പ്രവര്‍ത്തിയും നൂറു ശതമാനം പോസറ്റിവ് ആയിരുന്നാല്‍ മാത്രമേ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാകൂ എന്നതിനാൽ തന്നെ പഴയ മാടമ്പി രീതിയിലുള്ള ഭരണം ഒന്ന് മാറ്റിപ്പിടിക്കുന്നതാണ് നല്ലത്.തൊഴിലാളികളെ ഒരുമിച്ചൊരു കുടക്കീഴില് സംതൃപ്തരായി കൊണ്ടുപോകുക എന്നത് ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഒരു ചലഞ്ച് ആണ്. എന്നാൽ ആ ചലഞ്ചിന് ഒരു ന്യുജെൻ മുഖം നൽകിയാൽ പ്രൊഡക്റ്റിവിറ്റി ഇരട്ടിയാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
1 മുതലാളിത്ത വ്യവസ്ഥിതിക്ക് ഗുഡ് ബൈ
സ്വന്തം സ്ഥാപനമാണ് എന്ന് കരുതി, മുതലാളിത്ത മനോഭാവത്തോടെ, തൊഴിലാളികളെ അടക്കി ഭരിക്കാം എന്നാണ് ചിന്തയെങ്കില്‍ നിരാശയായിരിക്കും ഫലം. ഇത്തരത്തിലുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനായി ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും തുറന്നവതരിപ്പിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തൊഴിലാളികളില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു എങ്കില്‍ അവര്‍ക്കാവശ്യമായ സ്വാതന്ത്ര്യം നല്‍കണം. സംരംഭകന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി മാത്രം നിയോഗിച്ചിരിക്കുന്ന ആജ്ഞാനുവര്‍ത്തികളായി മാത്രം തൊഴിലാളികളെ കാണരുത്. പകരം അവരെ ഫ്രീസ് ആയി വിട്ട് നോക്കൂ, അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു മുന്നേറുമ്പോൾ ആ മാറ്റം ഉത്പാദനക്ഷമതയിലും കാണാം.
2 കൂൾ പോസിറ്റിവ് സമീപനം
സ്ഥാപനം ചെറുതോ വലുതോ ആവട്ടെ അതിന്റെ യാത്ര സുഗമമാകണമെങ്കിൽ പോസിറ്റിവിറ്റി പ്രധാനമാണ്. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ആത്മവിശ്വാസവും തൊഴിലാളിക്ക് നല്‍കുക. പ്രെഷര്‍ അല്ല പിന്തുണയാണ് അനിവാര്യമായ കാര്യം. സ്ഥാപനം തന്റേതുകൂടിയാണ് എന്ന ചിന്ത തൊഴിലാളികളില്‍ ഉണ്ടാക്കിയെടുക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം.
3 നന്ദി പറയാൻ മടിവേണ്ടാ
തൊഴിലാളികള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും സ്ഥാപനം അവരോട് നന്ദി രേഖപ്പെടുത്താന്‍ മറക്കരുത്. പ്രത്യേകിച്ച് വ്യക്തിഗമായ ശ്രദ്ധയും കഴിവും അനിവാര്യമായി വരുന്ന കാര്യങ്ങളില്‍ അവരോട് നന്ദി രേഖപ്പെടുത്തുന്നതിന് യാതൊരുവിധ അലംഭാവവും കാണിക്കരുത്. തന്റെ കഴിവുകളെ അംഗീകരിച്ചു തരുന്നു എന്നും എപ്പോഴും സ്ഥാപനം തനിക്കൊപ്പം ഉണ്ടാകും എന്നുമുള്ള തോന്നല്‍ തൊഴിലാളികളില്‍ ഉടലെടുക്കുന്നു. ഇത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്കുന്നു.
4 സന്തോഷം പരക്കട്ടെ
സ്ഥാപനത്തിലേക്ക് തൊഴിലാളികള്‍ സന്തോഷത്തോടെയാണോ വരുന്നത് എന്ന് വിലയിരുത്തുക. വീട്ടില്‍ നിന്നും ഏറെ ഉത്സാഹത്തോടെ ഓഫീസില്‍ എത്തുകയും ഏറെ ആര്‍ജവത്തോടെ ഓഫീസില്‍ ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിലാളികള്‍ ഒരു സ്ഥാപനത്തിന്റെ സ്വത്താണ്.
5 വിജയങ്ങള്‍ ആഘോഷിക്കുക
ആഘോഷങ്ങള്‍ വ്യക്തികളെ പരസ്പരം അടുപ്പിക്കുന്നു. അതിനാല്‍ സ്ഥാപനത്തിന്റെ ഓരോ വിജയവും ആഘോഷിക്കുക. വിജയവും ആഘോഷവും ചെറുതോ വലുതോ ആയിക്കോട്ടെ, എന്നാല്‍ അതില്‍ എല്ലാ തൊഴിലാളികളും പങ്കാളികളാകുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. സ്ഥാപനത്തിന്റെ വിജയം തന്റെ വിജയമായി കാണുന്നതിന് ഇത്തരം ആഘോഷങ്ങള്‍ സഹായിക്കും.
6 .കളിയും ചിരിയും കൂട്ടത്തില്‍ കാര്യവും
എപ്പോഴും ഒരേ പാറ്റേണില്‍ പോകുന്ന, എല്ലാ കാര്യങ്ങളെയും ഗൗരവത്തോടെ മാത്രം കാണുന്ന ഒരു അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് മടിയായിരിക്കും. അതിനാല്‍ ഏറ്റവും സരസമായ രീതിയിലുള്ള പെരുമാറ്റമാണ് അനിവാര്യം. കളിയും ചിരിയും എല്ലാം ഓഫീസ് അന്തരീക്ഷത്തിന്റെ ഭാഗമാക്കണം. മള്‍ട്ടിനാഷണല്‍ കമ്പനികളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയുടെ ഓഫീസുകള്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. ആവശ്യത്തിലേറെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കി മികച്ച വരുമാനം ഉണ്ടാക്കുകയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്യുന്നത്.