ചിലരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത് പലവിധ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോയ ശേഷമായിരിക്കും. അതിനുള്ള ഉദാഹരണമാണ് തൂത്തുക്കിടി സ്വദേശി സൂര്യ വർഷനെന്ന കൗമാരക്കാരന്റെ കഥ. മിക്ക കൗമാരക്കാരും ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കാലത്ത് സൂര്യ വർഷൻ തന്റെ പരീക്ഷണങ്ങളുടെ തിരക്കിലായിരുന്നു. അറിയപ്പെടുന്ന ഒരു സൗന്ദര്യ സംരക്ഷണ ബ്രാൻഡിന്റെ ഉടമയായി , സംരംഭകത്വത്തിൽ തിളങ്ങണം എന്നായിരുന്നു സൂര്യ വർഷന്റെ ആഗ്രഹം. ഉപ്പ് പാടങ്ങളാൽ ചുറ്റപ്പെട്ട തൂത്തുക്കുടി എന്ന പട്ടണത്തിൽ വളർന്ന സൂര്യയുടെ ഓരോ സ്വപ്നത്തിനു പിന്നിലും പരിസ്ഥിതിയിൽ നിന്ന് കൃത്യമായ പ്രചോദനം ലഭിച്ചിരുന്നു.
ബാത്ത് സാൾട്ടിൽ നിന്നും തുടക്കം
ചർമ്മ സംരക്ഷണം നടത്തേണ്ടത് കഠിനമായ രാസവസ്തുക്കൾ കൊണ്ടുള്ള ഉല്പന്നങ്ങളിലൂടെ അല്ലെന്നും പകരം പ്രകൃതിവിഭവങ്ങളുടെ പരിശുദ്ധിയെ പ്രതിഫലിപ്പിക്കണമെന്നും സൂര്യ പറയുമായിട്ടിരുന്നു. എന്നും ഇപ്പോഴും സംരംഭകത്വം മാത്രമായിരുന്നു കക്ഷിയുടെ മനസിൽ.വെറും 17 വയസ് മാത്രം പ്രായം ഉള്ളപ്പോൾ സൂര്യ വർഷൻ കുളിക്കനായി ഒരു പൊടി ഉണ്ടാക്കി നോക്കി. കുറച്ചു ചെമ്പരത്തിയുടെ ഇലയും മറ്റുമൊക്കെ ഇട്ട് ഉണ്ടാക്കിയ ഉൽപ്പന്നം ബാത്ത് സാൾട്ട് എന്ന പേരിൽ വിപണിയിൽ എത്തിച്ചു. എന്നാൽ വിചാരിച്ച ഒരു അനക്കം വിപണിയിൽ ഉണ്ടാക്കാൻ ബാത്ത് സാൾട്ടിന് കഴിഞ്ഞില്ല. ഒരു കൗമാരക്കാരൻ സൃഷ്ടിച്ച ഉൽപ്പന്നങ്ങൾ സംഭരിക്കുക എന്ന ആശയം ചില്ലറ വ്യാപാരികൾ നിരസിച്ചു.
കുളിക്കാൻ ഉപയോഗിക്കുന്ന ജലത്തിൽ ബാത്ത് സാൾട്ട് കൂടി കലർത്തിയാൽ ത്വക്കിനും മസിലുകൾക്കും ഒക്കെ നല്ലതാണ് എന്നായിരുന്നു സൂര്യ വർഷന്റെ വാദം.എന്നാൽ തുടക്കത്തിൽ തന്നെ ഉൽപ്പന്നം നേരിട്ടത് വൻ പരാജയമായിരുന്നു. ഒരാൾ പോലും അത് വാങ്ങി ഉപയോഗിച്ച് നോക്കാൻ തയ്യാറായില്ല.അങ്ങനെ അവൻ തന്റെ സംരംഭക സ്വപ്നങ്ങൾ ഒക്കെ മാറ്റി വച്ച് മാതാപിതാക്കളുടെ ഇഷ്ടാനുസരണം എഞ്ചിനീയറിംഗ് പഠിക്കാൻ ചെന്നൈയിലേക്ക് വണ്ടി കയറി. എന്നാൽ അവിടെയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല. അവന്റെ മനസ്സിൽ മുഴുവൻ തന്റെ സംരംഭം വളർത്തുക എന്ന ചിന്ത മാത്രമായിരുന്നു. ഓരോ അവധി ലഭിക്കുമ്പോഴും അവൻ ഓടി തൂത്തുക്കുടിയിൽ തന്റെ വീട്ടിലേക്ക് വരും, എന്തെങ്കിലും ഒക്കെ ചെയ്ത് തന്റെ ഉൽപ്പന്നം വിജയിപ്പിക്കാൻ പറ്റുമോ എന്ന് പലവിധ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശ്രമിക്കും.
എന്നാൽ വിധി അവനെ തുടർച്ചയായി തോൽപ്പിച്ചു കൊണ്ടിരുന്നു. ആരും അവന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറായില്ല. ഇതിനിടയിൽ പഠനത്തിൽ നിന്നും ശ്രദ്ധ പോയി. എഞ്ചിനീയറിംഗ് ഉപേക്ഷിക്കട്ടെ എന്നുകൂടി മാതാപിതാക്കളോട് ചോദിച്ചതോടെ വീട്ടിലും ആകെ പ്രശ്നമായി.
രക്ഷയായി കിട്ടിയ ആദ്യത്തെ ഓർഡർ
കുറേകൂടി സമയം എടുത്ത് മാർക്കറ്റിംഗ് ചെയ്താൽ ഒരുപക്ഷെ രക്ഷപെട്ടാലോ എന്നായിരുന്നു അവന്റെ പ്രതീക്ഷ.അങ്ങനെയിരിക്കെ സൂര്യ വർഷന്റെ ആദ്യ ഉൽപ്പന്നമായ
ചെമ്പരത്തി ബാത്ത് സാൾട്ടിന് ഒരു ഓർഡർ ലഭിച്ചു. ഇരുന്നൂറ് ബോട്ടിലിന്റെ ഒരു വലിയ ഓർഡർ, അതും മാലി ദ്വീപിൽ നിന്നും ഒരു ആയുർവേദ ഡോക്ടർ. തുടക്കത്തിൽ സൂര്യ വര്ഷന് ഇക്കാര്യം വിശ്വസിക്കായത്തോടെ ഇറങ്ങിത്തിരിച്ച ഒരു വിദ്യാർത്ഥിയുടെ അഭിലാഷവും ഉണ്ടായിരുന്നു.പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഈ ഉൽപ്പന്നത്തിന് സൂര്യ വർഷൻ നേക്കഡ് നേച്ചർ എന്ന് പേര് നൽകി.
നേക്കഡ് നേച്ചറിന് ആദ്യ ഉപഭോക്താവിനെ ലഭിച്ചപ്പോൾ തന്നെ സൂര്യ വർഷൻ തന്റെ എഞ്ചിനീയറിങ് പഠനം ഉപേക്ഷിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാനായി ഇറങ്ങിത്തിരിച്ചു. യൂട്യൂബിലൂടെയും ഓൺലൈൻ കോഴ്സുകളിലൂടെയും അദ്ദേഹം സ്വയം ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചു, പണം സ്വരൂപിക്കുന്നതിനായി വർക്ക്ഷോപ്പുകൾ നടത്തുകയും ഓരോ രൂപയും ബ്രാൻഡിലേക്ക് വീണ്ടും നിക്ഷേപിക്കുകയും ചെയ്തു .തന്റെ സംരംഭത്തെ അടുത്ത തലത്തിലേക്ക് വളർത്തുന്നതിനായി സൂര്യ നടത്തിയ ആദ്യ നിക്ഷേപമായിരുന്നു അത്.വീട്ടിലെ ഒറ്റ മുറിയിൽ നിന്നും പതിയെ ഒരു ഫാക്ടറിയിലേക്ക് അവന്റെ സംരംഭം വളർന്നു. 2019 ൽ ഒരു ബ്രാൻഡ് എന്ന നിലയിൽ നേക്കഡ് നേച്ചർ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയ , വെബ്സൈറ്റ് എന്നിവയിലൂടെ ബ്രാൻഡ് സജീവമായതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അവന് ഓർഡർ ലഭിച്ചു തുടങ്ങി.
ഒറ്റയ്ക്കുള്ള ഓട്ടത്തിൽ നിന്നും ഉൽപ്പന്ന നിർമാണത്തിനായി ജോലിക്ക് ആളെ വച്ച് അവൻ സംരംഭകത്വത്തിൽ അടുത്ത പടി കൂടി കടന്നു. വെറും ഇരുന്നൂറ് രൂപയും കൊണ്ട് ഒരു പതിനേഴുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ഇരുന്നൂറു കോടിയുടെ മൂല്യമുള്ള സംരംഭമായി മാറിക്കഴിഞ്ഞു.ഇന്ന് പൂർണമായും പ്രകൃതിദത്ത ചേരുവകളായ നെയ്യ് , പാൽ, വെണ്ണ എന്നിവയിലൊക്കെയായി തീർത്ത സ്കിൻ ക്രീമുകൾ , ലിപ് ബാമുകൾ, ബേബി കെയർ ഉൽപ്പന്നങ്ങൾ തുടങ്ങി ഏകദേശം അമ്പത് ഉൽപ്പന്നങ്ങളിലേക്ക് ഈ ശ്രേണി വ്യാപിച്ചു കഴിഞ്ഞു.ആഗോള സൗന്ദര്യ വിപണികൾ ആഡംബരത്തെയും സെലിബ്രിറ്റി അംഗീകാരങ്ങളെയും പിന്തുടരുമ്പോൾ, നേക്കഡ് നേച്ചർ അതിന്റെ ഐഡന്റിറ്റി ലാളിത്യത്തിലും വിശ്വാസത്തിലും കെട്ടിപ്പടുത്തു എന്നതാണ് ഈ ബ്രാൻഡിന്റെ വിജയം.
നേക്കഡ് നേച്ചർ വളരെ വേഗത്തിൽ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ വിപണി നേടി. 2021–22 സാമ്പത്തിക വർഷത്തോടെ, നേക്കഡ് നേച്ചർ ₹56 ലക്ഷം വരുമാനം നേടി, മൂല്യം ₹10 കോടി മുതൽ ₹30 കോടി വരെയാക്കി . അവിടെയാണ് സൂര്യ വർഷൻ കണ്ട സ്വപ്നത്തിന്റെയും അവന്റെ ഇച്ഛാശക്തിയുടെയും വിജയം. ബാത്ത് സാൾട്ടിൽ തുടങ്ങി ജയശക്തി പേഴ്സണൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന രജിസ്റ്റർ ചെയ്ത പേരിൽ അംഗീകൃത ബ്രാൻഡായി മാറി.