ഇന്‍ഫോസിസ് സഹ സ്ഥാപകനായ എന്‍ ആര് നാരായണമൂര്‍ത്തിയുടെ ആഴ്ചയിലെ 70 മണിക്കൂര്‍ സമയത്തെ ജോലി ചെയ്യണമെന്ന അഭിപ്രായം വിവാദമാവുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്നും താന്‍ ഇപ്രകാരമാണ് ചെയ്യുന്നതെന്നുമായിരുന്നു മൂര്‍ത്തി പറഞ്ഞത്. അദ്ദേഹം പറയുന്നത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി ഭാര്യ സുധാ മൂര്‍ത്തി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനെ കടത്തിവെട്ടി ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് എഐ സ്റ്റാര്‍ട്ടപ്പായ ഗ്രെപ്റ്റൈലിന്റെ സ്ഥാപകനും സിഇഒയുമായ ദക്ഷ് ഗുപ്ത.
9-9-6 ജോലി
ആഴ്ചയില്‍ 6 ദിവസം, രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ജോലി. ഇതാണ് 23 കാരനായ ദക്ഷ് ഗുപ്ത മുന്നോട്ടു വെക്കുന്ന വര്‍ക്ക് ഷെഡ്യൂള്‍. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് ദക്ഷിന്റെ സ്റ്റാര്‍ട്ടപ്പായ ഗ്രെപ്റ്റൈല് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ തന്റെ സ്ഥാപനത്തില്‍ ചേരുമ്പോള്‍ ഇത് അംഗീകരിച്ചാണ് എത്തുന്നതെന്ന് ദക്ഷ് പറയുന്നു. ജോലിയും ജോലിക്കു പുറത്തെ സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്യാമെന്ന വാഗ്ദാനമൊന്നും കമ്പനി നല്‍കുന്നില്ല. ഇത് ചൂഷണമല്ലെന്നും മറിച്ച് സത്യസന്ധതയാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പ്രാരംഭ ഘട്ടത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഇത്തരത്തിലൊരു വര്‍ക്ക് ഷെഡ്യൂള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഏത് വൈബ്?
സാന്‍ഫ്രാന്‍സിസ്കോ സ്റ്റാന്‍ഡേര്‍ഡിന് നല്കിയ അഭിമുഖത്തില്‍ അഭിലാഷമുള്ള യുവാക്കളുടെ ‘നിലവിലെ വൈബി’നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ ഇപ്പോഴത്തെ വൈബ്- മദ്യപാനമില്ല, ലഹരിമരുന്ന് ഇല്ല, 9-9-6 (രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ, ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുക) വെയ്റ്റ് ലിഫ്റ്റിംഗ്, ദീര്‍ഘദൂര ഓട്ടം, നേരത്തെയുള്ള വിവാഹം, ഉറക്കം ട്രാക്ക് ചെയ്യുക, സ്റ്റീക്കും മുട്ടയും കഴിക്കുക,’ ഗുപ്ത പറഞ്ഞു.
2019 ല്‍ പ്രശസ്തമായ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ദക്ഷ് ഗുപ്ത, ക്വാല്കോമിലും ആമസോണിലും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. 2023 ലാണ് ഗ്രെപ്റ്റൈലിന്റെ സഹസ്ഥാപകനായത്. ബഗുകള്ക്കായുള്ള കോഡ് പരിശോധിക്കുന്ന എഐയാണ് കമ്പനിയുടെ പ്രൊഡക്റ്റ്.




