ബ്രാൻഡിംഗ് , മാർക്കറ്റിംഗ് എന്നതെല്ലാം ഒരു ബ്രാൻഡിന് ആയുസ്സ് നൽകുന്ന ഘടകങ്ങളാണ്. ഇതിൽ ബ്രാൻഡ് ഐഡന്റിറ്റി ഉണ്ടാക്കി ഒരു ബ്രാൻഡിനെ വിപണിയിൽ സജീവമാക്കുക എന്നതാണ് ഒരു ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബ്രാൻഡ് ഐഡന്റിറ്റി ഉണ്ടാക്കുമ്പോൾ ലോഗോ, ടാഗ് ലൈൻ എന്നിവയെല്ലാം ഏറെ പ്രധാനധ്യാമർഹിക്കുന്നവയാണ്.
എപ്പോൾ, എവിടെ നിന്നും എങ്ങനെ വളരെ പ്രാധാന്യമർഹിക്കുന്ന , ക്രിയേറ്റിവ് ആയ ഒരു ടാഗ്ലൈൻ വരുമെന്ന് പറയാനാവില്ല. ഏത് നിമിഷവും ബ്രാൻഡിംഗ് ചിന്ത മനസ്സിൽ സൂക്ഷിക്കുന്ന ഒരു വ്യക്തിക്ക് ചുറ്റുപാടും നിന്ന് ഇത്തരത്തിൽ പ്രാധാന്യമർഹിക്കുന്ന കാപ്ഷനുകളും ടാഗ് ലൈനുകളും കണ്ടെത്താനായേക്കും. അതിനൊരു ഉദാഹരണമാണ് നൈക് ( Nike ) എന്ന ബ്രാൻഡ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രതിയുടെ അവസാന വാക്കുകൾ ആയിരുന്നു നൈക്കിന്റെ ടാഗ്ലൈനിന്റെ പ്രചോദനം.
1988-ൽ പ്രശസ്തമായ അമേരിക്കൻ സ്നീക്കേഴ്സ് ബ്രാൻഡ് വളരെ കുറഞ്ഞ സെയിൽസ് മാത്രമായി കഷ്ടപ്പെടുകയായിരുന്നു. പല മാർക്കറ്റിങ് തന്ത്രങ്ങൾ മാറി മാറി പരീക്ഷിച്ചെങ്കിലും അത് പ്രവർത്തികമായില്ല.ആളുകളെ പിടിച്ചു നിർത്തുന്ന, ആകർഷിക്കുന്ന ഒരു ബ്രാൻഡ് സ്ട്രാറ്റജിയുടെ അഭാവമായിരുന്നു പ്രശ്നം.മാർക്കറ്റിങ് രംഗത്തും ബ്രാൻഡിംഗ് രംഗത്തും സമൂലമായൊരു മാറ്റം ആയിരുന്നു ആവശ്യം.
അങ്ങനെയിരിക്കെ നൈക്കിന്റെ മാർക്കറ്റിംഗ് അഡ്വൈസറിന് ഒരു വധശിക്ഷ നേരിട്ട് കാണാൻ അവസരം കിട്ടി. അവിടെ വെച്ച് ആ പ്രതി അവസാനമായി പറഞ്ഞ ഒരു മൂന്ന് വാക്കുകൾ അയാളെ വല്ലാതെ സ്വാധീനിച്ചു. ലെറ്റ്സ് ഡൂ ഇറ്റ്… അഥവാ ഇത് നടപ്പിലാക്കൂ എന്നാണ് ആ പ്രതി അവസാനമായി പറഞ്ഞത്. മനസിലുടക്കിയ ഈ വാചകത്തെ അദ്ദേഹം ഒന്നുകൂടെ ഭംഗിയാക്കി എഴുതി, ജസ്റ്റ് ഡൂ ഇറ്റ് എന്നാക്കി. പിന്നീട് നടന്നത് ചരിത്രമായി മാറി.
ഇന്ന് ലോകം മുഴുവൻ കീഴടക്കിയ സ്നീക്കേഴ്സ് ബ്രാൻഡ് Nike-നു അന്ന് പുതിയ ടാഗ് ലൈൻ ഉണ്ടായി. ഈ ഒരു ടാഗ് ലൈനിൽ Nike ന്റെ മാർക്കറ്റിംഗ് ക്യാമ്പയിൻ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ബ്രാൻഡിന്റെ സെയിൽസ് കൂടാനും ഇത് വലിയ രീതിയിൽ കാരണമായി. ലോകത്ത് ഇത്തരത്തിൽ ഒരാളുടെ മരണത്തിൽ നിന്നും ബ്രാൻഡിന്റെ ടാഗ് ലൈൻ ജനിക്കുന്നത് ആദ്യത്തെ സംഭവമാകാം.