അന്ധനായ ആ മനുഷ്യനെ ഒന്നിനും ഉപകരിക്കില്ലെന്ന് പലരും മുദ്രകുത്തി. ഒരു ജോലി നല്കാന് പലരും വിസമ്മതിച്ചു. ഇന്ന് 350 കോടി രൂപയുടെ ഒരു ബിസിനസ് അദ്ദേഹം വിജയകരമായി നടത്തുന്നു. ഭവേഷ് ഭാട്ടിയയുടെ ജീവിതം തീര്‍ച്ചയായും പ്രചോദനകരമാണ്.
കാഴ്ച ശക്തി പതിയെ നശിക്കുന്ന രോഗാവസ്ഥയുമായാണ് ഭവേഷ് ജനിച്ചത്. 23 ാം വയസില്‍ ആ ചെറുപ്പക്കാരന്റെ കണ്ണുകളിലും ജീവിതത്തിലും പൂര്‍ണമായും ഇരുട്ട് നിറഞ്ഞു. ഒരു ഹോട്ടലിന്റെ മാനേജരായി ജോലി ചെയ്യുകയായിരുന്നു അപ്പോള്‍. ആ ജോലി നഷ്ടപ്പെട്ടു. ക്യാന്‍സര്‍ രോഗം ബാധിച്ച മാതാവിനെ പരിപാലിക്കേണ്ടിയിരുന്നു. ഒരു ഗസ്റ്റ്ഹൗസിലെ കെയര്‍ടേക്കറായ പിതാവിന്റെ വരുമാനമായിരുന്നു കുടുംബത്തെ പട്ടിണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷിച്ചത്.
ഒരു ജോലി നേടാനുള്ള ഭവേഷിന്റെ ശ്രമത്തിന് എല്ലായിടത്തുനിന്നും തിരിച്ചടിയാണ് ലഭിച്ചത്. പൂര്‍ണമായും കാഴ്ചയില്ലാത്ത ഒരു ചെറുപ്പക്കാരന് ജോലി നല്കാന് ആരും തയാറായില്ല.
എങ്കിലും നിരാശനായില്ല അദ്ദേഹം. കാഴ്ചയില്ലാത്തവര്‍ക്ക് ചെയ്യാവുന്ന ഒരു തൊഴില്‍ പഠിച്ചു തുടങ്ങി. മുംബൈയിലെ നാഷണല്‍ അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡില്‍ (എന്‍എബി) എത്തി മെഴുകുകൊണ്ട് ദീപങ്ങളുണ്ടാക്കാന് പഠിച്ചു തുടങ്ങി. മെഴുകിനേക്കാള് വില ദീപങ്ങളുടെ അച്ചുകള്ക്കായിരുന്നു. ഓരോ രൂപയും ചേര്‍ത്തുവെച്ച്, പറ്റുന്ന ജോലികളൊക്കെ ചെയ്ത് വിലയേറിയ ഏതാനും അച്ചുകളും മെഴുകിന് നിറം നല്‍കാനുള്ള ഒരു ഡൈയും 5 കിലോ മെഴുകും വാങ്ങാന്‍ അദ്ദേഹം പണം കണ്ടെത്തി.
കൈവിരലുകള്‍ മെഴുകിന്റെ ചൂടേറ്റ് പൊള്ളുമ്പോഴും ദീപങ്ങള്‍ പിറന്നു. ഒരു കൈവണ്ടിയില്‍ മെഴുക് വിളക്കുകള്‍ നിറച്ച് അദ്ദേഹം മഹാബലേശ്വറിലെ തെരുവുകളില്‍ വില്‍പ്പന നടത്തി. അടുത്ത ദിവത്തേക്കാവശ്യമായ മെഴുക് വാങ്ങാന്‍ 25 രൂപ അരിഷ്ടിച്ചു മാറ്റിവെച്ചു.
ബാങ്കുകള്‍ വായ്പ നിഷേധിച്ചെങ്കിലും സര്‍ക്കാരില്‍ നിന്ന് 15000 രൂപയുടെ വായ്പ ഇതിനിടെ തരപ്പെട്ടു. അങ്ങനെ സണ്‍റൈസ് കാന്‍ഡില്‍സ് എന്ന ബ്രാന്‍ഡ് 1994 ല്‍ പിറന്നു. 20 ടണ്‍ മെഴുകുകൊണ്ടായിരുന്നു തുടക്കം. ഇന്നത് 200 ടണ്ണിലേക്ക് വളര്‍ന്നിരിക്കുന്നു. പതിനോരായിരത്തോളം ഡിസൈനുകള്‍. 67 രാജ്യങ്ങളിലേക്ക് കയറ്റുമതി. പ്രതിവര്‍ഷം 350 കോടി രൂപയുടെ വരുമാനം.
14 സംസ്ഥാനങ്ങളിലായി ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്ന 72 ഉല്‍പ്പാദനശാലകള്‍ സണ്റൈസിനുണ്ട്. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് അദ്ദേഹം തൊഴില്‍ നല്കുന്നു. പതിനായിരത്തില്‍ ഏറെ ഭിന്നശേഷിക്കാരായ ആളുകള്‍ കാന്‍ഡില്‍ നിര്‍മാണത്തില്‍ അദ്ദേഹത്തില്‍ നിന്ന് പരിശീലനം നേടിയിരിക്കുന്നു.
മൂന്ന് തവണ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുള്ള ഭവേഷ്, നൂറിലേറെ മെഡലുകള്‍ നേടിയിട്ടുള്ള പാരാലിംപിക് അത്ലറ്റുമാണ്. കാഴ്ചയില്ലെങ്കിലെന്താ താന്‍ നിര്‍മിച്ച കാന്‍ഡിലുകള്‍ ലോകത്തിനാകെ വെളിച്ചം പകരുന്നുണ്ടല്ലോ എന്ന് ഭവേഷ് പറയുമ്പോള്‍ ആത്മവിശ്വാസം ആ വാക്കുകളില്‍ തുടിക്കുന്നു. സഹാനുഭൂതിയിലല്ല ഗുണമേന്മയിലാണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് കെട്ടിപ്പടുത്തിരിക്കുന്നത്.




