നിക്ഷേപം നടത്തുന്നെങ്കില്‍ അത് ജാക്കി ഷ്രോഫിനെപ്പോലെ ആകണം. മുംബൈയിലെ ചേരി പ്രദേശത്തുനിന്ന് ഉയര്‍ന്നുവന്ന് ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയായി മാറിയ ജാക്കി ഷ്രോഫിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത് ഒരു നിക്ഷേപമാണ്. ഒരു ലക്ഷം രൂപ 15 വര്‍ഷം കൊണ്ട് 100 കോടി രൂപയായി മാറിയ വിസ്മയ കഥയാണത്.
ഗുജറാത്തി കച്ചവട കുടുംബത്തിലാണ് കാകുഭായ് ഹരിഭായ് ഷ്രോഫ് പിറന്നത്. മുംബൈയിലേക്കാണ് കുടുംബം താമസം മാറ്റിയിരുന്നത്. എന്നാല്‍ കുടുംബത്തെ പണമെല്ലാം ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടു. 17 വയസില്‍ കാകുഭായ്ക്ക് വീടുവിടേണ്ടി വന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാഖ്സ്ഥാനില് നിന്നും പലായനം ചെയ്തുവന്ന തുര്‍ക്ക് വംശജ കുടുംബത്തിലെ പെണ്‍കുട്ടിയെ കാണുന്നതും അനുരാഗത്തിലാകുന്നതും ഇക്കാലത്താണ്. വിവാഹം കഴിച്ച് അവര്‍ മുംബൈയിലെ തീന് ബത്തി എന്ന ചേരി പ്രദേശത്ത് താമസമാക്കി.
1957 ല്‍ ദമ്പതികള്‍ക്ക് ഒരു മകന് പിറന്നു. ജയ്കിഷന് കാകുഭായ് ഷ്രോഫ് എന്ന് അവര്‍ അവന് പേരിട്ടു. പടിപടിയായി ഉയര്‍ന്ന് ബോളിവുഡിലെ തിളങ്ങുന്ന താരങ്ങളിലൊന്നായി മാറിയ ജാക്കി ഷ്രോഫായിരുന്നു ആ കുട്ടി. താരത്തിളക്കത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കെ 1980 ല്‍ മിസ് യംഗ് ഇന്ത്യയും പിന്നീട് നടിയും നിര്‍മ്മാതാവുമായി മാറിയ ആയിഷയെ ജാക്കി വിവാഹം കഴിച്ചു. ഇരുവരും ചേര്‍ന്ന് ജാക്കി ഷ്രോഫ് എന്റര്ടെയ്ന്മെന്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചു.
സോണിയുടെ ഓഹരികള്‍ വാങ്ങുന്നു
1995 ല്‍ നടത്തിയ ഒരു നിക്ഷേപമാണ് ഇതിനിടെ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. തങ്ങളെ ഒരു സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഈ നിക്ഷേപത്തെ പറ്റി ആയിഷ കഴിഞ്ഞദിവസം സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്ഫോമായ സിറോധയുടെ സീറോ1 ഷോയില്‍ വെളിപ്പെടുത്തി. സോണി എന്റര്ടെയ്ന്മെന്റിന്റെ ഇന്ത്യന്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ജാക്കിയുടെയും ആയിഷയുടെയും നേതൃത്വത്തിലുള്ള ടീം അവരുമായി ചര്‍ച്ച നടത്തി. സോണിയെ ഇന്ത്യയിലേക്കാകര്ഷിക്കാന് ബോളിവുഡ് താരനിരയെ അണിനിരത്തി വന്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സോണി എന്റര്ടെയ്ന്മെന്റ് ടെലിവിഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു. 1 ലക്ഷം രൂപ ജാക്കിയും ആയിഷയും ഇക്കാലത്ത് സോണിയില്‍ നിക്ഷേപിച്ചു. ജീവിതത്തില്‍ നടത്തിയ ഏറ്റവും മികച്ച നിക്ഷപം ഇതായിരുന്നെന്ന് ആയിഷ പറയുന്നു. 15 വര്‍ഷത്തിനു ശേഷം അന്ന് വാങ്ങിയ ഓഹരികള്‍ വിറ്റപ്പോള്‍ 100 കോടി രൂപയാണ് താരദമ്പതികള്‍ക്ക് ലഭിച്ചത്.
ബോക്സ് ഓഫീസില്‍ വീണ ബൂം
എന്നാല്‍ പിന്നീട് നടത്തിയ നിക്ഷേപങ്ങള്‍ ജാക്കിക്കും ആയിഷക്കും അത്ര രാശിയായില്ല. 2002 ല്‍ ബൂം എന്ന വമ്പന്‍ ചിത്രം ഇവര്‍ വന്‍ തുക മുടക്കി നിര്‍മിക്കുന്നു.
അമിതാഭ് ബച്ചന്, ജാക്കി, ഗുല്‍ഷന്‍ ഗ്രോവര്‍, ബോ ഡെറക്, കത്രീന കെയ്ഫ് തുടങ്ങിയ വന്‍ താരനിര അഭിനയിച്ച ഒരു ധീരമായ പരീക്ഷണമായിരുന്നു ചിത്രം. നിര്‍ഭാഗ്യവശാല്‍ ചിത്രം റിലീസിന് മുമ്പ് ചോരുകയും ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയും ചെയ്തു. ഇത് കനത്ത സാമ്പത്തിക ആഘാതമാണ് ദമ്പതികള്‍ക്ക് മേല്‍ ഏല്‍പ്പിച്ചത്. ഇത്തരമൊരു സാമ്പത്തിക നഷ്ടത്തിലും പിടിച്ചുനില്‍ക്കാനായത് സോണിയിലെ നിക്ഷേപം നല്കിയ ബമ്പര്‍ വരുമാനത്തില്‍ നിന്നാണെന്ന് ആയിഷ പറയുന്നു.