ആദായനികുതി കൃത്യമായി അടക്കാൻ രാജ്യത്തെ ജനങ്ങൾ നെട്ടോട്ടമോടുന്ന ഇക്കാലത്ത് , ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടിൽ സ്വസ്ഥമായി കഴിയുന്ന ഒരു സംസ്ഥാനമുണ്ട്, സിക്കിം. ഉത്തരേന്ത്യൻ സംസ്ഥാനമായ സിക്കിമിൽ ഉള്ളവർ വരുമാന നികുതിയിൽ നിന്നും ഒഴിവാക്കപ്പട്ടിരിക്കുന്നവരാണ്. ഇത് കേട്ട് എന്നാൽ പിന്നെ സിക്കിമിൽ പോയി ബിസിനസ് തുടങ്ങിയേക്കാം എന്ന് കരുതണ്ട. സിക്കിമിലെ ജനങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിന് പിന്നിൽ നിയമപരമായ ചില ഘടകങ്ങളുണ്ട്.
സിക്കിമിന് ഭരണ ഘടന നൽകുന്ന പ്രത്യേക സ്റ്റാറ്റസ് പ്രകാരമാണ് നികുതിയിളവ് ലഭിക്കുന്നത്. ആദായ നികുതി വകുപ്പിലെ സെക്ഷൻ 10 (26AAA) പ്രകാരമാണിത്. 330 വർഷത്തിലധികം രാജഭരണം നില നിന്നിരുന്ന ഒരു സംസ്ഥാനമാണിത്.
1975 ലാണ് സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുന്നത് . രാജ്യത്തെ 22ാം സംസ്ഥാനമായി സിക്കിം മാറിയപ്പോൾ ഭരണഘടനാപരമായി ചില ആനുകൂല്യങ്ങൾ നൽകി. ലയനത്തിന് ശേഷവും, സിക്കിമിലെ പഴയ നികുതി ഘടന തുടർന്നു പോകുക എന്നതായിരുന്നു അതിലൊന്ന്.
സിക്കിമിന്റെ ടാക്സ് മാനുവൽ പ്രകാരം സംസ്ഥാനത്തെ ഒരു പൗരൻ തങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് നികുതിയൊന്നും നൽകേണ്ടതില്ല. ആർട്ടിക്കിൾ 371F പ്രകാരമുള്ള പ്രത്യേക ഭരണഘടനാ പദവി കാരണം സിക്കിം ഇപ്പോഴും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.മാത്രമല്ല, ഓഹരി വിപണി , മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപം നടത്തുന്നതിനായി സിക്കിമിലെ ആളുകൾക്ക് പാൻകാർഡ് വിവരങ്ങൾ നൽകേണ്ടതുമില്ല.
ഈ സവിശേഷ വ്യവസ്ഥ സിക്കിം പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചരിത്രപരമായ സംയോജന കരാറിന്റെ ആത്മാവ് നിലനിർത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, സിക്കിം പൂർണ്ണമായും നികുതി രഹിത സംസ്ഥാനമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, കാരണം ജിഎസ്ടിയും മറ്റ് നികുതികളും ഇളവിന് കീഴിൽ യോഗ്യത നേടാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇപ്പോഴും ബാധകമാണ്.
2008 വർഷത്തിൽ റിലീസ് ചെയ്ത ആദായ നികുതി നിയമത്തിലെ സെക്ഷൻ 10 (26AAA) ഇതിന് വ്യക്തമായ നിർവചനം നൽകിയിട്ടുമുണ്ട്. സിക്കിമിൽ താമസിക്കുന്ന ഒരു വ്യക്തി ഒരു നിശ്ചിത ഉറവിടത്തിൽ നിന്ന് നേടുന്ന വരുമാനത്തിന് നികുതി നൽകേണ്ടതില്ല. ഡിവിഡന്റ്, ഇന്ററസ്റ്റ്, സെക്യൂരിറ്റീസ് എന്നിവയിൽ നിന്നുള്ള വരുമാനമെല്ലാം നികുതി നൽകേണ്ടാത്തതാണ്.
എന്ന് കരുതി എന്തും ഏതും ഇവിടെ സൗജന്യം ആണെന്ന് കരുതരുത്. നികുതി സംബന്ധമായി മറ്റു ചില വ്യവസ്ഥകളും ഇവിടെയുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള നിന്നുള്ള വാടക അടക്കമുള്ള വരുമാനങ്ങൾക്ക് നികുതി ബാധകമാണ്. സിക്കിമിൽ സ്ഥിര താമസമല്ലാത്ത ഒരു വ്യക്തിയെ വിവാഹം ചെയ്ത സിക്കിമിലെ സ്ത്രീകൾക്കും സംസ്ഥാനത്തിന്റെ നികുതി സംബന്ധമായ ആനുകൂല്യങ്ങൾ ലഭ്യമല്ല.2008 മുതലാണ് ഈ നിയമം നിലവിൽ വന്നത്.
സിക്കിമിനൊപ്പം കൂടാതെ ത്രിപുര, മിസോറാം, മണിപ്പൂർ,നാഗാലാൻഡ്, ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെയും, ലഡാക്ക് പ്രദേശത്തെയും ഗോത്രവർഗക്കാരെും നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു




