ചൈനയുമായുള്ള കൊമ്പുകോര്‍ക്കല്‍ വര്‍ധിക്കുന്ന സമയത്ത് ഇന്ത്യയുമായി ഇടയുന്നത് തന്ത്രപരമായി ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹെയ്ലി. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോള്‍ അമേരിക്ക ശ്രദ്ധിക്കേണ്ടതെന്നും നിക്കി ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ വഴി തെറ്റാണെന്ന ധ്വനിയുമായി മുന്‍ യുഎസ് അംബാസഡര്‍ രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചൈനയ്ക്കെതിരായി ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബില്‍ ഡ്രെക്സലിനൊപ്പം ന്യൂസ്വീക്കില്‍ എഴുതിയ ലേഖനത്തില്‍ ഹെയ്ലി അഭിപ്രായപ്പെട്ടു.
ചൈനയില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയുടെ വളര്‍ച്ച സ്വതന്ത്ര ലോകത്തിന് ഭീഷണിയാകില്ലെന്നും ഹെയ്ലി നിരീക്ഷിച്ചു. ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇരുരാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഹെയ്ലി പറയുന്നു. 1982-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പങ്കെടുത്ത അത്താഴ വിരുന്നിനെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും സ്വതന്ത്ര ജനതയ്ക്ക് വേണ്ടി അവര്‍ സ്ഥാപിച്ച ആ ബന്ധം ഇന്ന് പ്രശ്നങ്ങളുടെ ഓരത്തെത്തി നില്‍ക്കുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
ഇന്ത്യയെ ശത്രുക്കളെ പോലെ പരിഗണിക്കരുതെന്നും ലേഖനത്തില്‍ ഹെയ്ലി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യയെ സ്വതന്ത്ര, ജനാധിപത്യ പങ്കാളിയെ പോലെ പരിഗണിക്കണം. അല്ലാതെ ചൈനയെ പോലെ ശത്രുവായി കണക്കാക്കരുത്. അതിനാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഉപരോധമേര്പ്പെടുത്തരുതെന്നും ഹെയ്ലി എഴുതുന്നു. പല മേഖലകളിലുമുള്ള അമേരിക്കയുടെ വിദേശനയത്തില്‍ ഇന്ത്യയുടെ പങ്ക് വളരുന്നതിനെ കുറിച്ചും ലേഖനത്തില്‍ ഹെയ്ലി എടുത്തുപറയുന്നുണ്ട്. ഇന്ത്യയുടെ നിര്‍മ്മാണ മേഖലയുടെ ശേഷി പരിഗണിക്കുമ്പോള്‍ സുപ്രധാന വിതരണ ശൃംഖലകള്‍ ചൈനയില്‍ നിന്നും മാറ്റി സ്ഥാപിക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യ സഹായമാകും. അമേരിക്ക, ഇസ്രയേല്‍ മറ്റ് സംഖ്യരാഷ്ട്രങ്ങള് എന്നിവരുമായുള്ള ഇന്ത്യയുടെ പ്രതിരോധബന്ധവും ശക്തമാകുന്നു. സ്വതന്ത്ര ലോകത്തിന്റെ സുരക്ഷയ്ക്ക് സുപ്രധാന നീക്കമാണത്. ചൈനയുടെ വ്യാപാര, ഊര്‍ജ പാതകളുടെ ഹൃദയഭാഗത്തുള്ള ഇന്ത്യയുടെ സ്ഥാനവും ഭാവിപ്രശ്നങ്ങളില് ബെയ്ജിംഗിന്റെ തന്ത്രങ്ങളെ പ്രതിരോധത്തിലാക്കുമെന്നും ഹെയ്ലി നിരീക്ഷിക്കുന്നു.
2023-ല്‍ ജനസംഖ്യയില്‍ ചൈനയെ കടത്തിവെട്ടിയ ഇന്ത്യയിലാണ് യുവാക്കളായ തൊഴില്വൃന്ദം ഉള്ളത്. ഇന്ത്യയുടെ ശക്തി വളരുമ്പോള്‍ ചൈനയ്ക്ക് അവരുടെ മോഹങ്ങള്‍ ചുരുക്കേണ്ടിവരുമെന്നും ഹെയ്ലി ലേഖനത്തില്‍ പറയുന്നുണ്ട്.
ഇരുരാജ്യങ്ങളും വ്യാപാര തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും അവ തന്ത്രപ്രധാന ലക്ഷ്യങ്ങളെ മറയ്ക്കുമെന്നും ഹെയ്ലി അഭിപ്രായപ്പെടുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരിട്ട് ചര്‍ച്ചകള്‍ നടത്തി താഴേക്ക് പോകുന്ന ബന്ധം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഹെയ്ലി പറയുന്നുണ്ട്.
അതിനിടെ ഇന്ത്യയ്ക്ക് മേല്‍ താരിഫ് ചുമത്തിയെ ട്രംപ് തീരുമാനത്തെ വൈറ്റ്ഹൗസ് ബുധനാഴ്ച ന്യായീകരിച്ചിരുന്നു. ഡിസ്കൗണ്ട് നിരക്കില്‍ ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നച് അമേരിക്കന്‍ ബിസിനസുകള്‍ക്ക് ദോഷമാണെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. റഷ്യന്‍ എണ്ണയിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ഇന്ത്യയില്‍ സമ്മര്‍ദ്ദം ചിലത്തുകയെന്നതാണ് താരിഫിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അപ്പോള്‍ത്തന്നെ ഇന്ത്യ ഇതിന് മറുപടി നല്കി. അമേരിക്കയുടെ താരിഫ് അന്യായമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്കി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ശനിയാഴ്ച ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെ ന്യായീകരിച്ചു. അമേരിക്കയ്ക്ക് ഇഷ്ടമില്ലെങ്കില്‍ അവര്‍ എണ്ണ വാങ്ങേണ്ടെന്നും ദേശീയ താല്‍പ്പര്യങ്ങളെ, പ്രത്യേകിച്ച് കര്‍ഷകരുടെയും ചെറുകിട ഉല്‍പ്പാദകരുടെയും താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ നയങ്ങള്‍ രൂപപ്പെടുത്തുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.