ഇന്ത്യയുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിംഗ് (unsolicited sovereign credit rating) ഏറ്റവും താഴ്ന്ന നിക്ഷേപക ഗ്രേഡായ BBB- ല്‍ നിന്നും BBB ആയി ഉയര്‍ത്തി S&P ഗ്ലോബല്‍ റേറ്റിംഗ്സ്. സ്ഥിരതയുള്ള സാമ്പത്തികവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് ഉയര്‍ത്തിയത്. വെല്ലുവിളികളില്‍ തളരാതെ നില്ക്കുന്ന ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയും സ്ഥിരതയുള്ള സാമ്പത്തിക ഏകീരണവും റേറ്റിംഗ് ഏജന്‍സി എടുത്തുപറഞ്ഞു.
ലോകത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുന്നുവെന്നും റേറ്റിംഗ് ഉയര്‍ത്തിയത് സാമ്പത്തിക വളര്‍ച്ച പ്രതിഫലിക്കുന്നുവെന്നും ഏജന്‍സി വ്യക്തമാക്കി. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് ഒരു റേറ്റിംഗ് ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നത്. മേയില്‍ DBRS ഇന്ത്യയുടെ റേറ്റിംഗ് BBB ആയി ഉയര്‍ത്തിയിരുന്നു.
S&P തീരുമാനത്തെ കേന്ദ്ര ധനമന്ത്രാലയം സ്വാഗതം ചെയ്തു. ഇതിനുമുമ്പ് 2007 ജനുവരിയിലാണ് ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് BBB ആയി ഉയര്‍ത്തിയതെന്നും ഇപ്പോള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നതെന്നും മന്ത്രാലയം എക്സ് അക്കൗണ്ടില്‍ സന്തോഷം പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയും സജീവവും ശക്തവുമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യ വികസനവും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളര്‍ച്ചാ സമീപനവും തുടരുന്നതിനൊപ്പം സാമ്പത്തിക ഏകീകരണത്തിന് ഇന്ത്യ പ്രാമുഖ്യം നല്‍കിയതായും മന്ത്രാലയം അറിയിച്ചു.
താരിഫ് വര്‍ധന ഇന്ത്യ കൈകാര്യം ചെയ്യും
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ യുഎസ് താരിഫ് വര്ധനയ്ക്കുണ്ടാകുന്ന ആഘാതം കൈകാര്യം ചെയ്യാവുന്നതേയുള്ളുവെന്നും സാമ്പത്തിക ഏകീകരണം, ചിലവിടല്‍ നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയില്‍ സര്‍ക്കാരിനുള്ള ആത്മാര്‍ത്ഥത ക്രെഡിറ്റ് സൂചികകളില്‍ നേട്ടമായെന്നും ഏജന്‍സി നിരീക്ഷിച്ചു. ഈ സാമ്പത്തികവര്‍ഷം രാജ്യം 6.5 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് ഏജന്‍സിയുടെ അനുമാനം.