പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ, മുമ്പത്തെ പോലെ നിഷ്പക്ഷ ധനയവുമായി ആര്‍ബിഐയുടെ ധനനയ പ്രഖ്യാപനം. രാജ്യത്തിന്റെ വളര്‍ച്ചാഗതിയില്‍ വിശ്വാസമര്‍പ്പിച്ചെങ്കിലും യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധികള്‍ പണപ്പെരുപ്പത്തിനും പണലഭ്യതയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും വെല്ലുവിളിയായേക്കുമെന്ന് ധനനയം പ്രഖ്യാപിക്കവേ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര സൂചിപ്പിച്ചു.
ഇത്തവണത്തെ ധനനയത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
പലിശ നിരക്കുകളില്‍ മാറ്റമില്ല
റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ധനനയ കമ്മിറ്റിയംഗങ്ങള്‍ ഏകകണ്ഠേന വോട്ട് ചെയ്തു. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 5 ശതമാനത്തില്‍ തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (MSF) നിരക്ക് 5.5 ശതമാനം തന്നെയായിരിക്കും.
നയത്തിലും മാറ്റമില്ല
മുന്‍പ് സ്വീകരിച്ച നിഷ്പക്ഷ നിലപാട് തന്നെയാണ് ഇത്തവണയും ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്. അതേസമയം ആഗോള സാമ്പത്തിക വിപണികളില്‍ അനിശ്ചിതത്വം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെയിരിക്കണമെന്ന് കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്കി. സുരക്ഷിത നിക്ഷേപങ്ങളുടെ ഒഴുക്ക്, ക്രൂഡ് വിലകളിലെ അസ്ഥിരത, ആഗോളതലത്തിലെ സാമ്പത്തിക അച്ചടക്ക നടപടികളുടെ ഫലമായുള്ള പ്രതിസന്ധികള്‍ എന്നിവയെല്ലാം പ്രദേശികമായ പണലഭ്യതയെ ബാധിക്കുകയും അത് പലിശ ഉയരാന്‍ കാരണമാകുകയും ചെയ്തേക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വളര്‍ച്ചസാധ്യതകള്‍ ശുഭം
സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ആര്‍ബിഐ 2026 സാമ്പത്തികവര്‍ഷ ജിഡിപി വളര്‍ച്ചാ അനുമാനം 7.3 ശതമാനത്തില്‍ നിന്നും 7.6 ശതമാനമായി ഉയര്‍ത്തി. 2027 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രതീക്ഷ 6.9 ശതമാനമാണ്. ത്രൈമാസ വളര്‍ച്ച പ്രതീക്ഷ ആദ്യപാദത്തില്‍ 6.8 ശതമാനവും രണ്ടാംപാദത്തില്‍ 6.7 ശതമാനവും മൂന്നാംപാദത്തില്‍ 7 ശതമാനവും നാലാംപാദത്തില്‍ 7.2 ശതമാനവുമാണ്. ഉപഭോഗത്തിലും ഡിമാന്‍ഡിലും വര്‍ധനയുണ്ടാകുമെന്നും സേവന കയറ്റുമതിയും മെച്ചപ്പെട്ട നിലയില്‍ തുടരുമെന്നും ആര്‍ബിഐ പ്രതീക്ഷിക്കുന്നു.
പണപ്പെരുപ്പം
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2027 സാമ്പത്തിക വര്‍ഷത്തില്‍ 4.6 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐ കരുതുന്നത്. അതേസമയം ത്രൈമാസ പണപ്പെരുപ്പ അനുമാനങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് പാദങ്ങളില്‍ യഥാക്രമം 4%, 4.4%, 5.2%, 4.7% എന്നിങ്ങനെയാണ്. തുടര്‍ന്നങ്ങോട്ട് പ്രധാന പണപ്പെരുപ്പ അനുമാനങ്ങള്‍ കേന്ദ്രബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.
എണ്ണവില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം ഉയരാനും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
രൂപയുടെ മൂല്യം ; ആര്‍ബിഐ നയം
രൂപയുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇടിവുണ്ടായതായി നിരീക്ഷിച്ച മല്‍ഹോത്ര വിദേശ കറന്‍സി വിനിമയ വിപണികളിലെ ആര്‍ബിഐയുടെ ഇടപെടല്‍ വിനിമയ നിരക്ക് ഏതെങ്കിലും പ്രത്യേക നിരക്കില്‍ എത്തിക്കുക എന്നതായിരുന്നില്ല, മറിച്ച് അസ്ഥിരത കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളത് മാത്രമായിരുന്നുവെന്ന് വ്യക്തമാക്കി.
മൊത്തത്തില്‍ ആര്‍ബിഐയുടെ നയ സന്ദേശം വിപണിയിലെ വളര്‍ച്ച അടഡിസ്ഥാനഘടകങ്ങളിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചു.




