ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ നിലയില്‍ വളര്‍ന്നാല്‍ പോരെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. രാജ്യം ഏറ്റവും ചുരുങ്ങിയത് 8 ശതമാനം വളര്‍ച്ചാ നിരക്കെങ്കിലും കൈവരിച്ചെങ്കിലേ വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കാനാവൂ എന്ന് രാജന് പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബെയ്ജിങ്ങില്‍ നടന്ന ഒരു പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാമ്പത്തിക മാന്ദ്യം പ്രവചിച്ച രാജന്. രാജ്യത്തെ ജനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് 8-8.5 ശതമാനം വളര്‍ച്ചാ നിരക്കെങ്കിലും ജിഡിപിയില്‍ പ്രകടമാകേണ്ടതുണ്ടെന്ന് രഘുറാം രാജന് പറഞ്ഞു. എന്നാല്‍ നിലവിലെ 6-6.5 ശതമാനം വളര്‍ച്ചാ നിരക്ക് അത്ര മോശമല്ലെന്നും എത്രയും വേഗത്തില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേത്ത് എത്തണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.