മാസശമ്പളത്തിൽ നിന്നും പിടിക്കപ്പെടുന്ന പ്രോവിഡന്റ് ഫണ്ടിലെ തുക എത്രയാണെന്ന് അറിയണമെങ്കിൽ ഇനി എളുപ്പവഴിയുണ്ട്. ബാലൻസ് പരിശോധനകൾ വേഗത്തിലറിയാനുളള സവിശേഷതയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പാസ്ബുക്ക് ലൈറ്റ് എന്ന സംവിധാനം വഴി അവതരിപ്പിച്ചിരിക്കുന്നത്. അംഗങ്ങളുടെ പിഎഫ് സംബന്ധമായ പരാതികൾ കുറയ്ക്കുക, പിഎഫ് വിശദാംശങ്ങളിലേക്കുള്ള ആക്സസ് ലളിതമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
2.7 കോടിയിലധികം അംഗങ്ങളാണ് ഇപിഎഫ്ഒ യില്‍ അംഗങ്ങളായി ഉളളത്.ജീവനക്കാർക്ക് പിഎഫിലേക്ക് തുക അടക്കുന്നതിന്റെയും പിൻവലിക്കുന്നതിന്റെയും വിശദാംശങ്ങൾ അറിയുന്നതിനായി ഇതുവരെ ഒരു പ്രത്യേക പാസ്ബുക്ക് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടി വന്നിരുന്നു. പിഎഫ് പോര്‍ട്ടല്‍ ഓവർലോഡ് ആണെങ്കിൽ കാലതാമസം നേരിടുന്ന സാഹചര്യവും നേരത്തെ ഉണ്ടായിരുന്നു. അംഗങ്ങൾക്ക് ഒരു ലോഗിൻ ഉപയോഗിച്ച് പോർട്ടലിൽ നിന്ന് ഈ വിവരങ്ങൾ ഇനി വേഗത്തില്‍ ആക്സസ് ചെയ്യാൻ കഴിയും. പാസ്ബുക്ക് ലൈറ്റ് എന്ന പേരിലാണ് പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്.
ഒറ്റ ലോഗിനിലൂടെ വിവരങ്ങള്‍ സംഗ്രഹിച്ച് സംഭാവനകൾ, പിൻവലിക്കലുകൾ, ബാലൻസ് എന്നിവ ഒറ്റ സ്ക്രീനില്‍ അറിയാം എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. പഴയ പോർട്ടലിലെ ലോഡ് കുറയുന്നത് കാലതാമസം കുറയ്ക്കുന്നു എന്നത് എടുത്ത് പറയേണ്ട സവിശേഷതയാണ്. എന്നാൽ പൂർണമായ ബ്രേക്ക്ഡൗൺ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് ഇപ്പോഴും പഴയ പാസ്ബുക്ക് സൈറ്റ് ഉപയോഗിക്കാവുന്നതാണ്
ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ പിഎഫ് കൈമാറ്റം കൂടുതൽ എളുപ്പമാക്കുന്നതാണ് അവതരിപ്പിച്ച മറ്റൊരു സവിശേഷത. ജീവനക്കാർക്ക് ജോലി മാറുമ്പോൾ ഫോം 13 വഴി അവരുടെ പിഎഫ് അക്കൗണ്ടുകൾ ഇനി ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാം.