ജപ്പാനിലെ ആദ്യ വനിത പ്രധാനമന്ത്രിയായി സനേ തകെയ്ച്ചി ചുമതലയേറ്റപ്പോള്‍ ലോകം വീണ്ടും സ്ത്രീമുന്നേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. വികസനത്തില്‍ മുമ്പിലുളള ജപ്പാനില്‍ ഇതിനെന്തേ ഇത്ര താമസിച്ചത് എന്ന സംശയം മാത്രമായിരുന്നു ബാക്കി. പക്ഷേ തകെയ്ച്ചിയുടെ നയങ്ങളെല്ലാം ലോകത്തിന് സ്വീകാര്യമായില്ല. ജോലിയോടുള്ള സമീപനമായിരുന്നു അതിലൊന്ന്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായി ഒക്ടോബറില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്ന പദത്തെ തന്റെ ജീവിതത്തില്‍ നിന്നും പറിച്ചുമാറ്റുകയാണെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ഞാന്‍, ജോലി ചെയ്യും, ജോലി ചെയ്യും, ജോലി ചെയ്യും, ഒരു കുതിരയെ പോലെ ജോലി ചെയ്യും. സ്വന്തം കാര്യം മാത്രമല്ല, കൂടെ ജോലി ചെയ്യുന്നവരോടും അവര്‍ ഇത്തരമൊരു തൊഴില്‍ സമീപനം ശുപാര്‍ശ ചെയ്യുന്നു. ബജറ്റ് ചര്‍ച്ചയ്ക്ക് മുന്നോടിയായി രാവിലെ മൂന്നുമണിക്ക് ഓഫീസിലെത്തുകയും സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത സനെ തകെയ്ച്ചിയുടെ തൊഴിലിനോടുള്ള അമിതഭക്തി ലോകമെങ്ങും ചര്‍ച്ചയായി. കൂടുതല്‍ നേരം ജോലിയും ഉറക്കക്കുറവും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കി പലരും മുന്നോട്ടുവന്നു.
ഇന്ത്യയിലും ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച നടക്കുകയാണ്. അവിടെ സനെയ് തകെയ്ച്ചിയാണ് ആ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെങ്കില്‍ ഇവിടെ ഇന്‍ഫോസിസ് സ്ഥാപകനായ എന്‍ ആര് നാരായണമൂര്‍ത്തിയാണ് തൊഴിലിനോടുള്ള സമീപനത്തില്‍ തിരുത്തല്‍ വേണമെന്ന് അഭിപ്രായപ്പെട്ട വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്.
നാരായണമൂര്‍ത്തിയുടെ 9-9-6 തൊഴില്‍ മാതൃക
അടുത്തിടെ ഒരു അഭിമുഖത്തിലാണ് 79-കാരനായ നാരായണമൂര്‍ത്തി വിവാദ പ്രസ്താവന നടത്തിയത്. ചൈനയിലെ 9-9-6 മാതൃക പിന്തുടര്ന്ന് ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യുന്ന രീതി ഇന്ത്യയിലും കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. 9-9-6 എന്നാല്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 9 മണി വരെ ആഴ്ചയില്‍ ആറുമണിക്കൂര്‍ ജോലിചെയ്യുക എന്ന്. യുവാക്കളായ ഇന്ത്യക്കാര്‍ ആദ്യം, ജീവിതം നേടണമെന്നും അതിനുശേഷം വര്‍ക്ക്-ലൈഫ് ബാലന്‍സിനെ കുറിച്ച് ആശങ്കപ്പെട്ടാല്‍ പോരെയെന്നും അദ്ദേഹം ചോദിക്കുന്നു. ആഗോള സാമ്പത്തിക ശക്തികള്‍ക്കൊപ്പം എത്തണമെങ്കില്‍ ആ രീതിയിലുള്ള തൊഴില്‍ സമീപനം വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
2023ലും നാരായണമൂര്‍ത്തി ഇതേ രീതിയിലുള്ള ഒരു അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. രാജ്യവളര്ച്ചയ്ക്കായി ആഴ്ചയില്‍ 70 മണിക്കൂര്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യണമെന്നായിരുന്നു അത്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ വലിയ വളര്‍ച്ച നേടിയ ചൈനയെ ഉദാഹരണമാക്കിയാണ് ഇത്തവണ നാരായണമൂര്‍ത്തി ആ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
എന്താണ് ചൈനയുടെ 9-9-6 നിയമം
ഒരുകാലത്ത് ചൈനീസ് ടെക് കമ്പനികളില്‍ സാധാരണമായിരുന്ന ഒരു നിയമമായിരുന്നു 9-9-6 നിയമം. ഈ നിയമം അനുസരിച്ച് ജീവനക്കാര്‍ രാവിടെ 9 മണി മുതല്‍ രാത്രി 9 മണിവരെ ആഴ്ചയില്‍ 6 ദിവസം ജോലി ചെയ്യണം. അതായത് ഒരാഴ്ച 72 മണിക്കൂര്‍. ചൈനയിലെ ടെക് വസന്തത്തിന്റെ കാലത്താണ് ഈ രീതി വ്യാപകമായത്. പ്രത്യേകിച്ച് അലിബാബ, വാവേ പോലുള്ള കമ്പനികള്‍ ഈ നിയമം നടപ്പിലാക്കിയിരുന്നു. എന്നാല്‍ വലിയ രീതിയിലുള്ള തൊഴില്‍ സമ്മര്‍ദ്ദം നല്കുന്ന നിയമം ഏറെ വിമര്‍ശിക്കപ്പെട്ടു. 2021-ല്‍ ചൈനയിലെ സുപ്രീംകോടതി 9-9-6 നിയമവിരുദ്ധമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
റിപ്പബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ നാരായണമൂര്‍ത്തി ഉല്‍പ്പാദനക്ഷമതയ്ക്കായി ചൈനയുടെ ഈ മാതൃക ഇന്ത്യയിലും നടപ്പിലാക്കാമെന്നും ഇന്ത്യയ്ക്കും അതേ രീതിയിലുള്ള വളര്‍ച്ച വേണമെങ്കില്‍ യുവാക്കളായ ഇന്ത്യക്കാര്‍ കഠിനാധ്വാനം ചെയ്യണമെന്നും പറഞ്ഞു. വര്‍ക്ക്-ലൈഫ് ബാലന്‍സിനെ കുറിച്ച് ആശങ്കപ്പെടുന്നതിന് മുമ്പ് ആളുകള്‍ അവരുടെ കരിയര്‍ കെട്ടിപ്പടുക്കണമെന്നും അേേദ്ദഹം പറഞ്ഞു.
മൂര്‍ത്തി പറയുന്നതിലെ കാര്യം
ചൈനയെ ഇന്ത്യയ്ക്ക് ശരിക്കും മറികടക്കാനാകുമോ എന്ന ചോദ്യത്തിന്, കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാലതിന് സ്ഥിരതയുള്ള ശ്രമം വേണമെന്നും അദ്ദേഹം പറയുന്നു. നമുക്ക് മികച്ച ആശയങ്ങള്‍ ഉണ്ടാകുകയും എല്ലാരീതിയിലും അസാധാരണമായ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ പൗരനും ഉദ്യോഗസ്ഥനും, രാഷ്ട്രീയക്കാരും, കോര്‍പ്പറേറ്റ് നേതാക്കളും അവയെ പിന്താങ്ങുകയും ചെയ്താല്‍ ചൈനയെ മറികടക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് നാരായണമൂര്‍ത്തി പറഞ്ഞു. എന്നാലത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം സമ്മതിക്കുന്നു. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മളോരോരുത്തരും നമ്മുടെ പ്രവൃത്തിയുടെ നിലവാരം ഉന്നതമാക്കി വെക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
സമൂഹത്തില്‍ നാരായണമൂര്‍ത്തി എന്ന വ്യക്തിക്കുള്ള സ്വീകാര്യതയും പദവിയും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം പറയുന്നത് കഴമ്പില്ലാത്ത കാര്യമാണെന്ന് ധരിക്കാന്‍ വയ്യ. എങ്കിലും ഉല്‍പ്പാദനക്ഷമത, തൊഴില്‍ മര്യാദകള്‍, ആധുനിക ഇന്ത്യന്‍ തൊഴിലിടങ്ങള്‍ എന്നിവ സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്കയാണ് നാരായണമൂര്‍ത്തിയുടെ പ്രസ്താവന തുറന്നിടുന്നത്.
ചൈനീസ് മാതൃക ഫലവത്താണെന്ന് മൂര്‍ത്തി കരുതുന്നതിന് പിന്നില്‍
അച്ചടക്കത്തിലൂന്നിയ നീണ്ട തൊഴില്‍സമയം ജോലി എന്നത് മാത്രമല്ല, രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം ചിന്തിക്കുന്നു. അസാധാരണമായ വളര്‍ച്ച നേടുന്നതിന് ആളുകളുടെ കഴിവിലുപരിയായി ചില കാര്യങ്ങള്‍ ആവശ്യമാണ്. ഓരോ പൗരന്മാരില് നിന്നും വിശ്രമമില്ലാത്ത പരിശ്രമം അതിനാവശ്യമാണ്.
നീണ്ട, സ്ഥിരതയുള്ള അധ്വാനത്തിലൂടെയേ വിജയം കൈവരികയുള്ളുവെന്ന് അദ്ദേഹം നിരന്തരമായി പറയുന്ന കാര്യമാണ്. കഠിനാധ്വനമില്ലാതെ ഒരു രാജ്യവും പുരോഗതി നേടിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. വലിയ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമത്തില്‍ മാറ്റിവെക്കാന്‍ സാധിക്കുന്ന ഒരു ആഡംബരമാണ് വര്ക്ക്്-ലൈഫ് ബാലന്‍സ് എന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ നിലവിലെ വളര്ച്ചാസാഹചര്യങ്ങളെ അപൂര്‍വ്വ അവസരമായി കാണണമെന്നാണ് നാരായണമൂര്‍ത്തി പറയുന്നത്. സാമ്പത്തികമായി ചൈനയോട് എതിരിടണമെങ്കില്‍ അസാധാരണമായ പരിശ്രമം അതിനാവശ്യമാണ്. ജനങ്ങള്‍ കുറച്ചുകാലത്തേക്ക് ചില ത്യാഗങ്ങള്‍ സഹിച്ചാല്‍ 10 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മാറാനാകുമെന്നും അദ്ദേഹം പറയുന്നു.
വിവാദമാകുന്നത് എന്തുകൊണ്ട്
മൂര്‍ത്തി മുന്നോട്ടുവെക്കുന്ന 9-9-6 തൊഴില്‍ മാതൃക തികച്ചും വിവാദപരമാണ്. ഒരിക്കല്‍ ചൈനീസ് ടെക് കമ്പനികള്‍ പയറ്റിയിരുന്ന ഒരു മാതൃകയായിരുന്നെങ്കിലും ജീവനക്കാരുടെ ആരോഗ്യവും ജീവിത നിലവാരവും തകര്ക്കുവെന്ന പേരില്‍ ഏറെ പഴി കേട്ടിട്ടുള്ള ഒരു മാതൃകയാണത്.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് വളരെ അപകടകരമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മണിക്കൂറുകളോളം അമിതമായി ജോലി ചെയ്യുന്നത് ഉറക്കം തടസ്സപ്പെടുത്തും, മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും, ഉത്കണ്ഠ, നിര്‍ജീവത തുടങ്ങിയ കടുത്ത പ്രശ്നങ്ങളിലേക്ക് നയിക്കും.
ഇന്ത്യയിലെ തൊഴില്‍രീതികളും കോര്‍പ്പറേറ്റ് ഘടനകളും ഏറെ മാറിയിട്ടുണ്ട്. യുവാക്കള്‍ ഇന്ന് അവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍, അര്‍ത്ഥപൂര്‍ണ്ണമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവര്‍ തൊഴില്‍ ചെയ്യുന്ന സമയത്തിനല്ല, നിലവാരത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുന്നതിന് പകരം, ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്ന ടൂളുകളിലും മെച്ചപ്പെട്ട മാനേജ്മെന്റിലും ആരോഗ്യകരമായ തൊഴില്‍ മാതൃകകളിലും ഭരണകൂടങ്ങളും കോര്‍പ്പറേറ്റ് നേതാക്കളും ശ്രദ്ധ നല്‍കണമെന്ന് 9-9-6 രീതിയെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മൂര്‍ത്തിയുടെ നിര്‍ദ്ദേശം മികച്ചതാണോ
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ജനങ്ങളൊന്നാകെ മുന്നിട്ടിറങ്ങണമെന്നത് ഒരു സ്വാഗതാര്‍ഹമായ ആഹ്വാനമാണ്. നയ രൂപകര്‍ത്താക്കള്‍ക്കും വ്യവസായികള്‍ക്കും ചില സംരംഭകര്‍ക്കും ഈ നിര്‍ദ്ദേശം പ്രചോദനകരമായും പ്രായോഗികമാക്കണമെന്നും തോന്നാം. പക്ഷേ നാരായണമൂര്‍ത്തിയുടെ തലമുറയില്‍ പെട്ട ആളുകള്‍ ഇന്‍ഫോസിസ് പോലുള്ള സംരംഭങ്ങള്‍ കെട്ടിപ്പടുത്ത കാലമല്ല ഇത്. അന്നദ്ദേഹവും ആ തലമുറയിലുള്ള ആളുകളും മണിക്കൂറുകളോളം അധ്വാനിച്ചിരിക്കാം. പക്ഷേ ഇന്ന് അത് പ്രസക്തമായിക്കൊള്ളണമെന്നില്ല.
അച്ചടക്കവും കഠിനാധ്വാനവും വളരെ ആവശ്യമായ കാര്യങ്ങളാണെങ്കിലും ആദ്യം ജോലി, പിന്നീട് ജീവിതം എന്ന ആഡംബരം എല്ലായാളുകള്‍ക്കും സാധിച്ചെന്ന് വരില്ല. സാമ്പത്തിക പ്രയാസങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും പുതിയ തലമുറയുടെ മൂല്യങ്ങളിലുള്ള വ്യത്യാസവും കാരണം എല്ലാവരും ഇത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനാകില്ല.
ലോകത്തിലെ മറ്റ് മാതൃകകള്‍
ചൈനയിലെ 9-9-6 മാതൃക ആരോഗ്യകരമല്ല. ചില കമ്പനികള്‍ക്ക് അതുകൊണ്ട് നേട്ടമുണ്ടായിട്ടുണ്ടാകാമെങ്കിലും വലിയ രീതിയില്‍ വിമര്‍ശനമേറ്റുവാങ്ങിയ മാതൃകയാണത്. ചൈനയിലെ ജീവനക്കാര്‍ സന്തുലിതമായ ജീവിതമാണ് ഇന്ന് ആഗ്രഹിക്കുന്നത്, അവിടുത്തെ ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പല ക്ഷേമ പദ്ധതികളും സുരക്ഷകളും നടപ്പിലാക്കുന്നുമുണ്ട്.
ചൈന വിട്ടാല്‍ നമുക്ക് മാതൃകയാക്കാവുന്ന മറ്റ്ചില രാജ്യങ്ങളുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അഞ്ച് ദിവസമാണ് പ്രവൃത്തിദിനങ്ങള്‍. ഉദാരമായ അവധി വ്യവസ്ഥകളും മെച്ചപ്പെട്ട, നിലവാരം കൂടിയ ജീവിത സാഹചര്യങ്ങളും വിശ്രമവും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നാണ് അവിടെയുള്ളവര്‍ കരുതുന്നത്. മൂര്‍ത്തിയുടെ അഭിപ്രായത്തെ വിമര്‍ശിക്കുന്ന ചിലര്‍ യൂറോപ്പിലെ 10-5-5 (രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ ആഴ്ചയില്‍ 5 ദിവസം) എന്ന കൂടുതല്‍ മനുഷ്യത്വപരമായ അതേസമയം വളരെ ഫലവത്തുമായ മാതൃക ശുപാര്‍ശ ചെയ്യുന്നു.
മാത്രമല്ല, ചൈനയിലേതില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യം. കൂടുതലായും നിര്‍മ്മാണമേഖലയെ ആശ്രയിച്ചുള്ള വളര്‍ച്ചയാണ് ചൈന മുമ്പ് നേടിയത്. പക്ഷേ ഇന്ത്യയില്‍ നിലവില്‍ സേവന, ടെക് മേഖലകളാണ് വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത്. ജോലികളുടെ വിന്യാസരീതിയും, റിമോട്ട് ജോലികളും, ഹൈബ്രിഡ് തൊഴില്‍ മാതൃകകളും സാധാരണമാകുമ്പോള്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനാകില്ല. ഇത് തിരിച്ചടികള്‍ക്ക് വഴിവെച്ചേക്കാം.
എന്താണ് വേണ്ടത്
കൂടുതല്‍ നേരം ജോലി ചെയ്യുക എന്നതിനേക്കാള്‍ സ്മാര്ട്ടര് വര്‍ക്ക്, അതായത് മികച്ച ഫലം തരുന്ന പ്രകടനത്തിന് ഊന്നല്‍ നല്‍കുക. ഓട്ടോമേഷനിലും പ്രോഡക്ടിവിറ്റി ടൂളുകളിലും നിക്ഷേപം നടത്തുക, പ്രത്യേകിച്ച്, ടെക്, സേവന മേഖലകളില്‍. ജീവനക്കാരെ കൊണ്ട് അമിതമായി ജോലി ചെയ്യിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് നിയമങ്ങള്‍ കൊണ്ടുവരിക, ഫലവത്തായി നടപ്പിലാക്കുക. ജീവനക്കാര്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, ആരോഗ്യ പരിശോധ സംവിധാനങ്ങള്‍ എന്നിവ കൊണ്ടുവരിക, അമിത ജോലിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക. മൂര്‍ത്തി മുന്നോട്ടുവെക്കുന്ന രാഷ്ട്രനിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാകുക എന്ന ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുക. പക്ഷേ അത് മണിക്കൂറുകളോളം ജോലി ചെയ്തിട്ട് തന്നെയാകണമെന്നില്ല. കഴിവുകള്‍ മെച്ചപ്പെടുത്തുക. പുതിയ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടുക. എഐ, ഡാറ്റ അനാലിസിസ് പോലുള്ള കാര്യങ്ങള്‍ ഉപയോഗപ്പെടുത്തുക, അതില്‍ നൈപുണ്യം മെച്ചപ്പെടുത്തുക. ഭാവിയിലെ തൊഴില്‍ സാധ്യതകളും ആവശ്യകതകളും മനസ്സിലാക്കിക്കൊണ്ട് കഴിവുകള്‍ മിനുസപ്പെടുത്തിയെടുക്കുക. ജോലി ഒരിക്കലും സമ്മര്‍ദ്ദം നിറഞ്ഞ ഒന്നായി മാറ്റാതിരിക്കുക. അതിനായി വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് രീതി, സൗകര്യപ്രദമായ ജോലി സമയം, ആവശ്യത്തിന് അവധികള്‍ എന്നിവ നല്കുന്ന തൊഴില്‍ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുക. വിശ്രമവും സമാധാനവും നിറഞ്ഞ മനസ്സുകളിലാണ് പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാകുന്നത്.
ചൈനയിലെ 9-9-6 മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് നാരായണമൂര്‍ത്തി ആഹ്വാനം ചെയ്യുന്നത്. അച്ചടക്കം, കഠിനാധ്വാനം, ദേശീയതയിലുള്ള താല്‍പ്പര്യം എന്നിവയിലുള്ള മൂര്‍ത്തിയുടെ പ്രതിബദ്ധതയാണ് അത് വ്യക്തമാക്കുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് ആ സമീപനം സാര്‍വ്വത്രികമായ ഒരു പരിഹാരമായി കരുതാനാകില്ല. മാത്രമല്ല ഗൗരവമായ സദാചാര, ആരോഗ്യ, പ്രായോഗികത പ്രതിസന്ധികള്‍ അതിന് പിന്നിലുണ്ട്.
ത്യാഗവും വിശ്രമമില്ലാത്ത അധ്വാനവും ശീലമാക്കിയ ഒരു തലമുറയ്ക്ക് മൂര്‍ത്തിയുടെ കാഴ്ചപ്പാട് ശരിയായി തോന്നാം. എന്നാല്‍ ഇന്ത്യയുടെ ഭാവി വളര്‍ച്ച കൂടുതല്‍ സന്തുലിതമായ, സുസ്ഥിരമായ തൊഴില്‍ സംസ്കാരത്തില്‍ ഊന്നിയുള്ളതാണ്. മണിക്കൂറുകളല്ല മൂല്യങ്ങളാണ് അവിടെ പ്രതിഫലിക്കുക, നിരുത്സാഹത്തോടെയുള്ള ജോലിക്ക് പകരം ക്ഷേമത്തിനും ബുദ്ധിക്ഷമതയ്ക്കൊപ്പം സഹിഷ്ണുതയ്ക്കും വില കല്‍പ്പിക്കുന്ന തൊഴില്‍ സംസ്കാരമായിരിക്കും അത്. സാമ്പത്തിക പരിവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടകത്കുന്ന ഇന്ത്യയ്ക്ക് മുന്നിലെ ശരിയായ വെല്ലുവിളി വലിയ ലക്ഷ്യത്തിലൂന്നിയതും അതേസമയം മനുഷ്യത്വപരവുമായ തൊഴില്‍സംസ്കാരം വളര്‍ത്തിയെടുക്കുക എന്നതാണ്.


