സര്‍ക്കുലര്‍ ഇക്കണോമി എന്നാല്‍ ഉപയോഗിക്കൂ, വലിച്ചെറിയൂ എന്നതിന് പകരം പുനരുപയോഗിക്കൂ, റിപ്പയര്‍ ചെയ്ത് ഉപയോഗിക്കൂ എന്നാണ് അര്‍ത്ഥമാക്കുന്നത്. റീസൈക്കിള്‍, റിപ്പയര്‍ എന്നതാണ് സര്‍ക്കുലര്‍ ഇക്കണോമിയുടെ പ്രത്യേകത. ഈ വിഭാഗത്തിലുള്ള സൂക്ഷ്മ-ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര വ്യവസായ മന്ത്രാലയം. എംഎസ്എംഇ സ്കീം ഫോര്‍ പ്രമോഷന് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ സര്‍ക്കുലര്‍ ഇക്കോണമി (MSME scheme for promotion of investment in circular economy-MSE-SPICE) എന്നതാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മ ചെറുകിട വ്യവസായ മന്ത്രാലയമാണ് നടപ്പാക്കുന്നത്.
എംഎസ്ഇ സ്പൈസിന്റെ ലക്ഷ്യങ്ങള്‍
- Reduce (കുറയ്ക്കുക) – ഗുണമേന്മ കുറയ്ക്കാതെ തന്നെ വിഭവങ്ങള്‍ പരമാവധി കുറച്ച് ഉപയോഗിക്കുക.
- Re-use (പുനരുപയോഗിക്കുക) വിഭവങ്ങളുടെ ഉപഭോഗ കാലാവധി വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരിക്കുക.
- Re-Cycle (പുനചംക്രമണം) ഉപയോഗശൂന്യമായ തള്ളിക്കളയാതെ പുതിയ ഉല്‍പ്പന്നങ്ങളായി വീണ്ടും വീണ്ടും ഉപയോഗിക്കുക.
സമ്പദ്വ്യവസ്ഥയുടെ വികസനം പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടുതന്നെ സാധ്യമാക്കുക എന്നുള്ളതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സിഡ്ബിയാണ് (SIDBI) ഇതിന്റെ നിര്‍വഹണ ഏജന്‍സി.
പദ്ധതി ആനുകൂല്യങ്ങള്‍
- 50 ലക്ഷം രൂപ വരെ ചെലവ് വരുന്ന പ്ലാന്റ്, മെഷിനറി എന്നിവയുടെ നിക്ഷേപത്തില്‍ 25% സബ്സിഡിയായി നല്കുന്നു. 12.5 ലക്ഷം രൂപയാണ് ഇങ്ങനെ പരമാവധി നല്‍കുക.
അര്‍ഹത
- ഉദ്യം രജിസ്ട്രേഷനുള്ള രാജ്യത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്ന സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ ആയിരിക്കണം.
- വായ്പാ ബന്ധിത മൂലധന സബ്സിഡി ആയതിനാല്‍ വായ്പ എടുക്കുന്ന സംരംഭകര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.
- വായ്പ കാലാവധി കുറഞ്ഞത് മൂന്നുവര്‍ഷം ഉണ്ടായിരിക്കണം
- 2023-24 മുതല്‍ 2026-27 വരെ യാണ് പദ്ധതിക്ക് പ്രാബല്യം ഉണ്ടാകുക.
പദ്ധതി നടപ്പാക്കുന്ന വിഭാഗങ്ങള്‍
11 വിഭാഗത്തിലുള്ള സംരംഭങ്ങളില്‍ ഈ പദ്ധതി നടപ്പാക്കും. ഇനി പറയുന്ന മേഖലകളില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇത് പ്രകാരമുള്ള സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത. പ്ലാസ്റ്റിക്, റബ്ബര്‍, ഇലക്ട്രോണിക് വേസ്റ്റ്, മുനിസിപ്പല്‍ ഖര/ജല മാലിന്യങ്ങള്‍, മര്‍ദ്ദിത ബയോഗ്യാസ്, ലിഥിയം ബാറ്ററികള്‍, കാലാവധി കഴിഞ്ഞ വാഹനങ്ങള്‍, സ്ക്രാപ്പ് മെറ്റല്‍, സോളാര്‍ പാനലുകള്‍, ജിപ്സം ഉല്‍പ്പന്നങ്ങള്‍, അപകടകരമായ വ്യവസായ മാലിന്യം എന്നിവയെ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.
പദ്ധതിയില്‍ 3 ഘടകങ്ങള്‍
ഇത് പ്രകാരം മൂന്ന് ഘടകങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തുന്നു. അതിനായി ഇനി പറയുന്ന തുകകള്‍ വകയിരുത്തിയിട്ടുണ്ട്
- വായ്പ ബന്ധിത മൂലധന സബ്സിഡി – 450 കോടി രൂപ.
- ബോധവല്‍ക്കരണ പരിപാടികള്‍ – 15 കോടി രൂപ.
- വിവരം, പഠനം, ആശയ വിനിമയം എന്നിവയ്ക്ക് – 7.50 കോടി രൂപ.
സിഡ്ബി വഴി അപേക്ഷിക്കണം
കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് വേണ്ടി സിഡ്ബിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഡ്ബിയുടെ വെബ്സൈറ്റില്‍ കയറിയാല്‍ വിശദമായ വിവരങ്ങള്‍ ലഭിക്കും. അതനുസരിച്ച് വേണം അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കാന്‍.
സംസ്ഥാന സര്‍ക്കാര്‍ ഇഎസ്ജി പോളിസി നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്ന ഈ സമയത്ത് ഈ കേന്ദ്ര പദ്ധതികളുടെ പ്രാധാന്യം വളരെ വലുതാണ്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)




