ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ക്രമേണയുള്ള ഇന്ത്യയുടെ വളര്‍ച്ച വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ആഗോള റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് സമീപകാലത്തായി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുകയോ മികച്ച രീതിയില്‍ നിലനിര്‍ത്തുകയോ ചെയ്തിരുന്നു. ഏറ്റവുമൊടുവിലായി മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് Baa3 ആയി നിലനിര്‍ത്തിയിരിക്കുകയാണ്. എന്താണ് ഇത് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാം.
പ്രതീക്ഷ നിലനിര്‍ത്തി മൂഡീസ്
ആഗോള ക്രൈഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് സ്ഥിരതയുള്ളതായാണ് നിലനിര്‍ത്തിയിരിക്കുന്നത്. സ്ഥിരതയെ സൂചിപ്പിക്കുന്ന റേറ്റിംഗ് നിലനിര്‍ത്തിയതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ക്രെഡിറ്റ് റേറ്റിംഗില്‍ മുന്നേറുന്നുവെന്നാണ് കരുതേണ്ടത്. അതിവേഗമാണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച.
ഇന്ത്യയുടെ സ്ഥിതിയിലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ക്രമേണയായി സാമ്പത്തിസ്ഥിതി മെച്ചപ്പെടുത്തുന്നുവെന്നും മികച്ച വളര്‍ച്ചാ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നുവെന്നും മൂഡീസ് പറയുന്നു. അതേസമയം അനിശ്ചിതത്വം നിറഞ്ഞ ആഗോള മാക്രോഇക്കോണമിക് സാഹചര്യത്തില്‍ വരുമാനത്തെ ഹനിക്കുന്ന നടപടികള്‍ കടം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതിക്ക് തടസ്സമായേക്കുമെന്ന് റേറ്റിംഗ് ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു.
തങ്ങളുടെ റേറ്റിംഗ് ഇന്ത്യയുടെ വലിയ, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയും ബാഹ്യലോകത്തെ ശക്തമായ സ്വാധീനവും നിലവിലെ ധനക്കമ്മിയെ നേരിടുന്നതിനുള്ള സ്ഥിരതയുള്ള ആഭ്യന്തര ധനസ്ഥിതിയും ഉള്‍പ്പടെ ശക്തമായ ക്രെഡിറ്റ് സ്ട്രെംഗ്ത് ആണ് സൂചിപ്പിക്കുന്നതെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. അമേരിക്ക പ്രഖ്യാപിച്ച താരിഫും നിര്‍മ്മാണമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് തടസ്സം നില്ക്കുന്ന മറ്റ് അന്താരാഷ്ട്ര നടപടികളും നല്കുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യയുടെ ക്രെഡിറ്റ് സ്ട്രെംഗ്ത് ശക്തിപകരുമെന്നും ഏജന്‍സി അറിയിച്ചു.
ശക്തമായ ജിഡിപി വളര്‍ച്ച, ക്രമേണയുള്ള സാമ്പത്തിക ഏകീകരണം എന്നിവ സര്‍ക്കാരിന്റെ വായ്പാബാധ്യതയില് ക്രമേണയായി വളരെ ചെറിയ രീതിയിലുള്ള കുറവിന് കാരണമാകും.
താരിഫ് ആഘാതവും വിസ ഫീസും
അമേരിക്ക പ്രഖ്യാപിച്ച താരിഫ് വര്‍ധന സമീപഭാവിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമുണ്ടാക്കില്ലെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു. എന്നാല്‍ വരാനിരിക്കുന്ന വളര്‍ച്ചയെ അത് ബാധിച്ചേക്കാം. ഉയര്‍ന്ന മൂല്യമുള്ള കയറ്റുമതി നിര്‍മ്മാണ മേഖല കെട്ടിപ്പടുക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തെയും അത് ഹനിക്കും.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫേര്പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നടപടി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.3 ബേസിസ് പോയിന്റുകള്‍ കുറച്ച് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 6.3ശതമാനം വളര്‍ച്ചയിലേക്ക് എത്തിക്കുമെന്ന് മുമ്പ് മൂഡീസ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ആഭ്യന്തരമായി ആവശ്യകത വര്‍ധിക്കുന്നതും സേവന മേഖല വെല്ലുവിളികളെ അതിജീവിക്കുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകുമെന്നും അന്ന് മൂഡീസ് പറഞ്ഞു
H-1B വിസ ഫീസ് ഉയര്‍ത്തിയത് ഉള്‍പ്പടെയുള്ള അമേരിക്കയുടെ മറ്റ് നയമാറ്റങ്ങള്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തെയും ഇന്ത്യയുടെ സേവനക്കയറ്റുമതിയയെയും ബാധിച്ചേക്കുമെന്നും മൂഡീസ് അറിയിച്ചു.
S&P റേറ്റിംഗ്സ്
അടുത്തിടെ S&P റേറ്റിംഗ്സ് ഇന്ത്യയുടെ റേറ്റിംഗ് BBB ആയി ഉയര്‍ത്തിയിരുന്നു. 18 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് S&P ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളര്‍ച്ചയും ധനകാര്യ അഭിവൃദ്ധിയും എടുത്തുപറഞ്ഞായിരുന്നു S&P റേറ്റിംഗ് ഉയര്‍ത്തിയത്. അമേരിക്കയുടെ 50% താരിഫ് സമ്പദ് വ്യവസ്ഥയില്‍ നേരിയ ആഘാതം മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്നും ദീര്‍ഘകാല വളര്‍ച്ചാ പ്രതീക്ഷകളെ സ്വാധീനിക്കില്ലെന്നും റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെടുകയുണ്ടായി.
ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും കോവിഡാനന്തരം മികച്ച തിരിച്ചുവരവാണ് രാജ്യം നടത്തുന്നതെന്നും S&P അഭിപ്രായപ്പെട്ടിരുന്നു. 2022നും 2024നും ഇടയില്‍ ജിഡിപി വളര്‍ച്ച ശരാശരി 8.8% ആയിരുന്നുവെന്നും ഇത് ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും ഉയര്‍ന്നതാണെന്നും ഏജന്‍സി അഭിപ്രായപ്പെട്ടിരുന്നു.
ഈ വളര്ച്ചാസ്ഥിതി തുടരുമെന്നും മൂന്ന് വര്‍ഷത്തില്‍ 6.8% വാര്‍ഷിക വളര്‍ച്ച രാജ്യം നേടുമെന്നും ഏജന്‍സി അഭിപ്രായപ്പെട്ടു.