ഏറെ പ്രതീക്ഷയോടെയാണ് 2022 മേയ് മാസത്തില്‍ ഇന്ത്യന്‍ വിപണി എല്‍ഐസി ഐപിഒയെ വരവേറ്റത്. എന്നാല്‍ ഓഹരി സ്വന്തമാക്കിയവരൊക്കെ വൈകാതെ അന്ധാളിപ്പിലായി. ലിസ്റ്റിംഗ് നേട്ടം പ്രതീക്ഷിച്ചവരെ നഷ്ടം ഞെട്ടിച്ചു. 872 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നേര് പകുതിക്കടുത്തെത്തി. 2.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് ഒലിച്ചു പോയത്.
അദാനി ഗ്രൂപ്പിനു മേല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇടിത്തീയായപ്പോഴും ഞെട്ടിയത് എല്‍ഐസിയാണ്. 30000 കോടി രൂപയിലേറെ നിക്ഷേപമാണ് എല്‍ഐസിക്ക് അദാനി ഗ്രൂപ്പിലുണ്ടായിരുന്നത്. എല്‍ഐസിയുടെ വിപണി മൂലധനവും ഓഹരി വിലയും വീഴാന്‍ ഒരു കാരണം കൂടി!
തിരിച്ചെത്തി എല്‍ഐസി
530 രൂപയിലേക്ക് വീണ ഓഹരി വില 2023 ഡിസംബറെത്തിയപ്പോള്‍ ഐപിഒയിലെ ക്ഷീണം തീര്‍ത്ത് 821 ലേക്ക് കുതിച്ചുയര്‍ന്നു നില്‍ക്കുന്നതാണ് വിപണിയിലെ കാഴ്ച. 2024 ല്‍ 1000 കടന്ന് എല്‍ഐസി കുതിക്കുമെന്നാണ് വിലയിരുത്തല്‍. എല്‍ഐസി മാത്രമല്ല ഇന്ത്യന്‍ വിപണിയാകെ ഒരു ബുള്‍ തരംഗത്തിലാണ്. എല്‍ഐസിയില്‍ കൈപൊള്ളി ഐപിഒകളില്‍ നിന്നു തന്നെ വിരമിച്ച നിക്ഷേപകര്‍ ആത്മവിശ്വാസം തിരികെ പിടിച്ച് ഐപിഒ വിപണിയില്‍ വീണ്ടും വിശ്വാസം അര്‍പ്പിക്കുന്ന കാഴ്ചയും 2023 കാട്ടിത്തന്നു.
ഭാഗ്യവര്‍ഷം
ഐപിഒകളുടെ പൂക്കാലം തന്നെയായിരുന്നു 2023. വിപണിയിലേക്ക് കടന്നു വന്ന ഓരോ ഐപിഒകളും പ്രൊമോട്ടര്‍മാരുടെയും നിക്ഷേപകരുടെയും പോക്കറ്റ് നിറച്ചു. ആകെ 58 ഐപിഒകളാണ് 2023 ല്‍ വിപണിയിലേക്കെത്തിയത്. 52,637 കോടി രൂപയാണ് വിപണിയില്‍ നിന്ന് അവ വാരിയത്. ഐപിഒകളില്‍ 38 എണ്ണവും വന്നത് സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളിലായിരുന്നു.
മാന്‍കൈന്‍ഡ് ഫാര്‍മയുടെ 4326 കോടി രൂപയുടെ ഐപിഒയായിരുന്നു ഇതില്‍ മുമ്പന്‍. ടാറ്റ ടെക്നോളജീസ് (3042 കോടി രൂപ) ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (2800 കോടി രൂപ), ആര്‍ആര്‍ കാബെല് (1964 കോടി രൂപ) എന്നിവ തൊട്ടു പിന്നില്‍.
മള്‍ട്ടി ബാഗറുകള്‍
ടാറ്റ ടെസ്നോളജീസിന്റെ ഐപിഒയാണ് വിപണിയില്‍ ഏറ്റവുമധികം ആവേശമുണര്‍ത്തിയ ഐപിഒകളിലൊന്ന്. 69 ഇരട്ടി ഓവര്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ട ഐപിഒ 500 രൂപയ്ക്കാണ് ഷെയറുകള്‍ ഇഷ്യു ചെയ്തത്. ലിസ്റ്റ് ചെയ്തത് തന്നെ 1200 രൂപയ്ക്ക്! പിന്നീട് 1400 രൂപയ്ക്ക് മുകളിലേക്ക് വില കയറിയതോടെ ഓഹരി ഉടമകളായ ഭാഗ്യവാന്മാര്ക്ക് ലഭിച്ചത് രണ്ടിരട്ടിയോളം ലാഭം. രണ്ടു വര്‍ഷത്തിനിടയിടെ ഏറ്റവും മികച്ച ഐപിഒ ലിസ്റ്റിംഗായി മാറി ഇതോടെ ടാറ്റ ടെക്.
ടാറ്റയുടെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പു തന്നെ എത്തി പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് വായ്പകള്‍ നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ഐആര്‍ഡിഇഎയുടെ ഐപിഒ. വെറും 32 രൂപയ്ക്ക് ഓഫര്‍ ചെയ്ത ഓഹരികള്‍ വാങ്ങാന്‍ വന്‍ മല്‍സരം തന്നെ വിപണിയില്‍ നടന്നു. 50 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരികള്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് 120 രൂപയിലേക്ക് കുതിച്ചു ചാടി വിപണിയില്‍ തരംഗം സൃഷ്ടിച്ചു. ഒരു മാസം തികയും മുന്‍പ് നിക്ഷേപകന്റെ നിക്ഷേപം മൂന്നിരട്ടി!
ഇതിനു മുന്‍പും പിന്പുമെല്ലാം വന്ന ഐപിഒകളില്‍ ഇതേ ആവേശം തന്നെ പ്രകടമാക്കി 2023. പ്ലാസ വയേഴ്സിന്റെ ഐപിഒ 160 ഇരട്ടി ഓവര്‍സബ്സ്ക്രൈബ് ചെയ്യപ്പെട്ട 2023 ലെ തിളങ്ങും താരമായി. ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ 110 ഇരട്ടിയും ഐഡിയഫോര്‍ജ് ടെക്നോളജീസ് ഐപിഒ 106 ഇരട്ടിയും ഡോംസ് ഐപിഒ 99 ഇരട്ടിയും ഓവര്‍സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
ആകെ 58 ഐപിഒകളാണ് 2023 ല്‍ വിപണിയിലേക്കെത്തിയത്. 52,637 കോടി രൂപയാണ് വിപണിയില്‍ നിന്ന് അവ വാരിയത്. ഐപിഒകളില്‍ 38 എണ്ണവും വന്നത് സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളിലായിരുന്നു
മലയാളി ഐപിഒ
മലയാളി കമ്പനികളും നിരാശപ്പെടുത്തിയില്ല. 60 രൂപയ്ക്ക് എത്തിയ ഇസാഫ് ഐപിഒ 77 ഇരട്ടി ഓവര്‍സബ്സ്ക്രൈബ് ചെയ്തു. 71 രൂപയ്ക്കാണ് ഇസാഫ് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 291 രൂപ അപ്പര്‍ പ്രൈസ്ബാന്‍ഡില്‍ എത്തിയ മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ 12 ഇരട്ടി ഓവര്‍സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഐപിഒ ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചത് നിക്ഷേപകരെ നിരാശപ്പെടുത്തുകയും ചെയ്തു.
നിഫ്റ്റി കുതിച്ച കുതിപ്പ്
ഇന്ത്യന്‍ വിപണി പൊതുവെ ആര്‍ജിച്ചിരിക്കുന്ന കാളക്കുതിപ്പാണ് ഐപിഒകള്‍ക്കും 2023 ല്‍ ഊര്‍ജമേകിയത്. 2023 ന്റെ തുടക്കത്തില്‍ 18000 ന് മുകളില്‍ നിന്ന നിഫ്റ്റി ഡിസംബറെത്തിയപ്പോള്‍ 21000 കടന്ന് കുതിക്കുന്നു. ലോകത്ത് രണ്ട് യുദ്ധങ്ങള്‍ നടക്കുന്ന കാലത്താണ് ഇന്ത്യന്‍ വിപണി ഈ കുതിപ്പും കരുത്തും പ്രകടിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ സമ്പദ് വ്യവസ്ഥകളെ പണപ്പെരുപ്പം വരിഞ്ഞുമുറുക്കിയപ്പോഴും ഇന്ത്യ പിടിച്ചു നിന്നു. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഒരു പോലെ ഇന്ത്യയുടെ വളര്‍ച്ചാ കഥയില്‍ വിശ്വാസമര്‍പ്പിച്ചു.
2024 തിളങ്ങുമോ?
2024 ഒട്ടും മോശമാവില്ലെന്ന കണക്കുകൂട്ടലും പൊതുവികാരവുമാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന്റെ വര്‍ഷമാണിത്. മേയ് മാസത്തോടെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലഭിച്ചാല്‍ വിപണി പുതിയ കൊടുമുടികള്‍ കീഴടക്കുമെന്നാണ് വിലയിരുത്തല്‍.
സെബിയില്‍ നിന്ന് അനുമതി ലഭിച്ച 24 കമ്പനികള്‍ ഐപിഒകളുമായി തയാറായി നില്‍പ്പുണ്ട്. 2024 ല്‍ 26000 കോടി രൂപ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് അവരുടെ പദ്ധതി. 32 കമ്പനികള്‍ കൂടി സെബിയ്ക്ക് ഐപിഒ അപേക്ഷകള്‍ നല്കി ക്യൂവിലുണ്ട്. 35000 കോടി രൂപയാണ് ഈ കമ്പനികള്‍ സംയുക്തമായി ലക്ഷ്യമിടുന്നത്. 2021 ആയിരുന്നു ഐപിഒ ചാകരകളുടെ വര്‍ഷം. 63 കമ്പനികള്‍ 1.2 ലക്ഷം കോടി രൂപയാണ് 2021 ല്‍ വിപണിയില്‍ നിന്ന് വാരിയത്. 2024 ഇതിനെയും വെല്ലുമോയെന്ന് കാത്തിരുന്ന് കാണാം.