ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ഏശിയിട്ടില്ലെങ്കിലും യുഎസും യൂറോപ്പുമെല്ലാം ഇതിന്റെ ചൂടറിയുന്നുണ്ട്. ഈ മേഖലകളിലാണ് ഇന്ത്യയുടെ ഐടി കമ്പനികളുടെ പ്രധാന ക്ലയന്റുകള്‍. ഈ അനിശ്ചിതാവസ്ഥ സമീപകാലത്തെ ഇന്ത്യന്‍ ഐടി കമ്പനികളെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ സൂചനയായി മുന്‍നിര ഐടി സേവന കമ്പനിയായ ഇന്‍ഫോസിസ്, സീനിയര്‍ മാനേജ്മെന്റ് തലത്തിന് താഴെയുള്ള എല്ലാ ജീവനക്കാരുടെയും ശമ്പള വര്‍ദ്ധനവ് മാറ്റിവെക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ മാസം മുതലാണ് കമ്പനി ശമ്പള വര്‍ധന നടപ്പാക്കുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നടപ്പിലാക്കുന്ന ശമ്പള വര്‍ദ്ധനവിന് അര്‍ഹരായ പലര്‍ക്കും അവരുടെ പുതുക്കിയ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ശമ്പള വര്‍ധനയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി പുറപ്പെടുവിച്ചിട്ടില്ല. എപ്പോഴാവും വര്‍ധിപ്പിച്ച ശമ്പളം ലഭിക്കുകയെന്ന് ഒരു ഊഹവും ഇല്ലെന്ന് ജീവനക്കാര്‍ പറയുന്നു. നിലവിലുള്ള പൊതുസാഹചര്യങ്ങള്‍ കാരണം ഐടി മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതിയാണ് ഇത് സൂചിപ്പിക്കുന്നത്. 2020 ല്‍, കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനി ശമ്പള വര്‍ദ്ധനവ് മാറ്റിവെച്ചിരുന്നു. എന്നിരുന്നാലും, സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ശമ്പളം വര്‍ദ്ധിപ്പിച്ചു.
ഇന്‍ഫോസിസ് ആദ്യ പാദ ഫലങ്ങള്‍ ജൂലൈ 20 ന് പുറത്തുവരും. താരതമമ്യേന കുറഞ്ഞ വളര്‍ച്ചയാണ് ഈ പാദത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. പിന്നിട്ട സാമ്പത്തിക വര്‍ഷത്തിലുടനീളം 4-7 ശതമാനം വരുമാന വളര്‍ച്ച മാത്രമാണ് കമ്പനിക്ക് നേടിയെടുക്കാനായിരുന്നത്. 2018 സാമ്പത്തിക വര്‍ഷത്തിന് ശേഷം കമ്പനിയുടെ വരുമാനം ഏറ്റവും താഴ്ന്ന കാലഘട്ടമാണിത്.




