ലോക സാമ്പത്തിക ഫോറത്തിന്റെ കണക്ക് അനുസരിച്ച് ജി20 രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് ഇന്ത്യയില്‍. 2 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ മന്ത്രാലയവും ഡിജിറ്റല്‍ മെന്റര്‍ഷിപ്പ് പ്ലാറ്റ്ഫോമായ മെന്ററും തൊഴില്‍ ക്ലാസിഫൈഡ്സ് വെബ്സൈറ്റായ ക്വിക്കറും തമ്മിലുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയ്ക്കൊപ്പം എല്ലാ മേഖലകളിലും തൊഴില്‍ സൃഷ്ടിക്കപ്പെടുന്നതാണ് ഈ കണക്കില്‍ പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി വികസിത് ഭാരത് റോസ്ഗര് യോജന (PM-VBRY) തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ വലിയ പങ്ക് വഹിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.
പുതിയ പങ്കാളിത്തങ്ങളിലൂടെ തൊഴിലന്വേഷകര്‍ക്ക് നിലവിലെ തൊഴില്സാധ്യതകള്ക്ക് വേണ്ടരീതിയിലുള്ള പരിശീലനം ദേശീയ കരിയര്‍ സര്‍വ്വീസ് പോര്‍ട്ടല്‍ (എന്‍സിഎസ്) വഴി ലഭ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം പങ്കാളിത്തങ്ങള്‍ തൊഴില്‍ലഭ്യത കൂട്ടാന്‍ സഹായകമാകും. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ തൊഴില്‍ സാധ്യതകള്‍ മുന്നോട്ടുവെക്കുന്ന രാജ്യത്തെ മുന്‍നിര പ്ലാറ്റുഫോമുകളിലൊന്നായി എന്‍സിഎസ് മാറിയതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരള്ജേ അഭിപ്രായപ്പെട്ടു. അനുകൂലമായ തൊഴില്‍ ലഭ്യമാക്കുക, കൗണ്‍സിലിംഗ്, സ്കില്ലിംഗ് എന്നീ സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായും ഈ പ്ലാറ്റ്ഫോമം വലിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.
PM-VBRY-ക്ക് കീഴില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 കോടി തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് 99,446 കോടി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 1.92 കോടി ജോലികള്‍ പുതിയതായി തൊഴിലില്‍ പ്രവേശിക്കുന്നവര്ക്കുള്ളതാണ്. മെന്ററുമായുള്ള പങ്കാളിത്തത്തിലൂടെ ആദ്യവര്‍ഷം 2 ലക്ഷം ആളുകള്‍ക്ക് ഗുണഭോക്താക്കളായി മാറാനാകുമെന്നാണ് കരുതുന്നത്. 24,000 വിദഗ്ധ പരിശീലകരില്‍ നിന്നുള്ള ക്ലാസുകളാണ് ഇവര്‍ക്ക് ലഭ്യമാക്കുക. ക്വിക്കറുമായുള്ള പങ്കാളിത്തം പുതുക്കുന്നതിലൂടെ പ്രതിദിനം 1,200 തൊഴിലുകള്‍ എന്‍സിഎസ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്യപ്പെടും.




