രാജ്യത്ത് സെപ്റ്റംബറില്‍ സ്വകാര്യ മേഖലയുടെ വളര്‍ച്ച മന്ദഗതിയിലായതായി റിപ്പോര്‍ട്ട്. പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (PMI) ആഗസ്റ്റിലെ 63.2 നിന്നും 61.9 ലേക്ക് താഴ്ന്നതാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും ബിസിനസ് പ്രവര്‍ത്തനങ്ങളുടെയും വേഗം കുറയുന്നുവെന്നുമുള്ള അനുമാനങ്ങള്‍ക്ക് കാരണം. അതേസമയം PMI-യിലെ ഈ ഇടിവിനിടയിലും സൂചിക വളര്‍ച്ചയെയും തകര്‍ച്ചയെയും വേര്‍തിരിക്കുന്ന 50ന് മുകളില്‍ തന്നെ ആയതിനാല്‍ ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ല. നിര്‍മ്മാണ മേഖലയിലും സേവന മേഖലയിലും വളര്‍ച്ച ശക്തമാണെന്നാണ് അത് സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് നിര്‍മ്മാണ, സേവന മേഖലകളില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും ആ വളര്‍ച്ചയ്ക്ക് വേഗം കുറവാണ്. നിര്‍മ്മാണ മേഖലയില്‍ PMI 59.3 ല്‍ നിന്നും 58.5 ആയി കുറഞ്ഞു. അതേസമയം സേവന മേഖലയില്‍ PMI 62.9 ല്‍ നിന്നും 61.6 ആയി. കയറ്റുമതിയില്‍ ഉള്‍പ്പടെ പുതിയ ഓര്‍ഡറുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും മന്ദഗതിയില്‍ മാത്രമാണ്. വിദേശത്ത് നിന്നുള്ള ഡിമാന്‍ഡിലെ ഇടിവും മത്സരം കടുത്തതുമാണ് അത് സൂചിപ്പിക്കുന്നത്.
തൊഴില്‍ സൃഷ്ടിക്കപ്പെടലിന്റെയും വേഗത കുറഞ്ഞിട്ടുണ്ട്. വളരെ കുറച്ച് കമ്പനികളില്‍ മാത്രമേ പുതിയ നിയമനങ്ങള്‍ നടന്നിട്ടുള്ളു. അതേസമയം അസംസ്കൃത വസ്തുക്കളുടെ വില സമ്മര്‍ദ്ദത്തില്‍ ചെറിയ അയവുണ്ടായിട്ടുണ്ട്. എങ്കിലും നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ പണപ്പെരുപ്പ ഭീഷണി തുടരുകയാണ്. എന്നാല്‍, സേവന മേഖലകളില്‍ നിരക്കുകളില്‍ വലിയ വര്‍ധനയുണ്ടായിട്ടില്ല.
അതേസമയം രാജ്യത്തെ ബിസിനസ് ആത്മവിശ്വാസം ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഭ്യന്തര ഉപഭോഗം സംബന്ധിച്ച ആത്മവിശ്വാസവും ജിഎസ് ടി നിരക്കിളവുമാണ് ബിസിനസ് ആത്മവിശ്വാസം മെച്ചപ്പെടാനുള്ള കാരണമായി കരുതപ്പെടുന്നത്.
ആഗസ്റ്റിലെ ശക്തമായ വളര്‍ച്ചയ്ക്ക് ശേഷമാണ് സെപ്റ്റംബറില്‍ PMI യില്‍ നേരിയ ഇടിവുണ്ടായിരിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന PMI ആണ് ആഗസ്റ്റില്‍ രേഖപ്പെടുത്തിയത്. ഇപ്പോഴും വളര്‍ച്ച മികച്ച രീതിയില്‍ തന്നെ തുടരുന്നുണ്ടെങ്കിലും അതിന്റെ വേഗത സാധാരണഗതിയിലേക്ക് എത്തുന്നു എന്നതാണ് സെപ്റ്റംബര്‍ PMI സൂചിപ്പിക്കുന്നത്.
അതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
കയറ്റുമതി അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. കയറ്റുമതി ഓര്ഡുകളിലെ വളര്‍ച്ച ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അമേരിക്ക താരിഫ് ഉയര്‍ത്തിയത് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.
ആഭ്യന്തര ഡിമാന്‍ഡ് ജിഎസ് ടി നിരക്കിളവ് ഉള്‍പ്പടെയുള്ള സാഹചര്യത്തില്‍ രാജ്യത്തിനകത്ത് നിന്നുള്ള ഓര്‍ഡറുകള്‍ പോസിറ്റീവ് ആയിരുന്നെങ്കിലും ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ നേട്ടം കുറവായിരുന്നു
തൊഴില്‍ നിയമനങ്ങള്‍ കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നടത്താതെ നിലവിലെ കപ്പാസിറ്റി ഉപയോഗിച്ച് ഡിമാന്‍ഡിനെ നേരിട്ടു.
വില നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മാണച്ചിലവ് ഉപഭോക്താക്കളിലേക്ക് പകരുന്നത് മൂലം ഉല്‍പ്പന്നങ്ങളുടെ വില കൂടി. അതേസമയം സേവന മേഖലയില്‍ വില സമ്മര്‍ദ്ദം കുറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെങ്കിലും കയറ്റുമതി ദുര്‍ബലപ്പെട്ടതും പണപ്പെരുപ്പ സമ്മര്‍ദ്ദം നിലനില്ക്കുന്നതും വെല്ലുവിളികളാണ്. സാമ്പത്തിക വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലിതമായി പോകുന്നതില്‍ റിസര്‍വ്വ് ബാങ്കിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായിരിക്കും.




