ക്രിസ്തുവിന് 27 വര്‍ഷം മുന്‍പ് ആരംഭിച്ച് 200 വര്‍ഷക്കാലം നീണ്ടുനിന്ന പാക്സ് റൊമാന അഥവാ റോമന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണകാലം. അസാമാന്യമായ ഭരണ സ്ഥിരത, സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, മേധാവിത്തം, സമാധാനം എന്നിവയെല്ലാം നിലനിന്ന കാലം. പാക്സ് എന്ന ലാറ്റിന്‍ വാക്കിന് അര്‍ത്ഥം തന്നെ സമാധാനം, അഭിവൃദ്ധി എന്നൊക്കെയാണ്. അങ്ങനെയെങ്കില്‍ മൂന്നാം നൂറ്റാണ്ടു മുതല്‍ ആറാം നൂറ്റാണ്ട് വരെയുള്ള ഗുപ്ത സാമ്രാജ്യ കാലത്തെ പാക്സ് ഇന്ത്യാന എന്നു വിളിക്കാം. ഇന്ത്യയുടെ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു ചന്ദ്രഗുപ്തന് ഒന്നാമന്റെയും സമുദ്രഗുപ്തന്റെയും കാലം. സൈനികമായും സാമ്പത്തികമായും സാംസ്കാരികമായും വികസിച്ച, ഉപഭൂഖണ്ഡത്തില്‍ സമാധാനം നിലനിന്ന 300 വര്‍ഷങ്ങള്‍. ഇനി പാക്സ് അമേരിക്കാനയിലേക്ക് വന്നാല്‍, 1945 ല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് പാക്സ് അമേരിക്കാന നിലവില്‍ വന്നത്. ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയെന്ന നിലയില്‍ ലോകത്തെ എട്ട് പതിറ്റാണ്ടായി അമേരിക്ക അടക്കി ഭരിക്കുന്നു. പാക്സിന് അഥവാ സമാധാനത്തിന് അതെത്ര ഉതകി എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെങ്കില് തന്നെ.
അങ്ങനെ നോക്കുമ്പോള്‍ സമാധാനത്തിന്റെ പുതിയ കാലത്തെ പേരാണ് പാക്സ് സിലിക്ക. സിലിക്ക എന്നാല്‍ സിലിക്കണ്‍ ഡൈ ഓക്സൈഡ്. കംപ്യൂട്ടറുകള്‍ മുതല്‍ വാഹനങ്ങള്‍ വരെ പുതിയകാല ടെക്നോളജിയുടെ തലച്ചോറായ സെമികണ്ടക്റ്ററുകളുടെ അടിസ്ഥാന നിര്‍മാണ ഘടകമാണ് സിലിക്കണ്‍ ഡൈ ഓക്സൈഡ്. ചുരുക്കത്തില്‍ സിലിക്കണിന്റെ വിതരണ ശൃംഖലയെ സ്വതന്ത്രമായി നിലനിര്‍ത്തി ആഗോള സമാധാനത്തിനും പുരോഗതിയും നേടിയെടുക്കാനുള്ള സഖ്യം, അതാണ് പാക്സ് സിലിക്ക.
സ്വാതന്ത്ര്യം വ്യാളിയില്‍ നിന്ന്
സിലിക്കണടക്കം റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ നിയന്ത്രണം നേടിക്കഴിഞ്ഞ, സെമികണ്ടക്റ്റര്‍ ചിപ്പുകളിലൂടെയും മാഗ്നറ്റുകളിലൂടെയും ലോകത്തെ നിയന്ത്രിക്കാനൊരുങ്ങിയിരിക്കുന്ന ചൈനയില്‍ നിന്നാണ് സ്വാതന്ത്ര്യം നേടിയെടുക്കേണ്ടത്. വലിയ മുന്നേറ്റം ഈ മേഖലയില്‍ ചൈന നടത്തിക്കഴിഞ്ഞു. ഇന്ന് ലോകത്തെ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ 70% ഖനനം ചെയ്യുന്നത് ചൈനയാണ്. പ്രതിവര്‍ഷം ഏതാണ് 2,70,000 ടണ്‍ അപൂര്‍വ ലോഹങ്ങള്‍ അവര്‍ ഖനനം ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ അത്ര അപൂര്‍വമല്ല ഈ അപൂര്‍വ ലോഹങ്ങള്‍. ഭൂമിയില്‍ ഇവയുടെ നിക്ഷേപം ധാരാളമുണ്ട്. ഖനനത്തേക്കാള്‍ വേര്‍തിരിച്ചെടുക്കലും ശുദ്ധീകരണവുമാണ് ചെലവേറിയതും ദുഷ്കരവുമായ പ്രക്രിയ. ഈ മേഖലയിലാണ് ചൈന കാലേകൂട്ടി കണ്ണെറിഞ്ഞത്. ഇന്ന് ലോകത്തെ അപൂര്‍വ ലോഹങ്ങളുടെ വേര്‍തിരിച്ചെടുക്കലിന്റെയും ശുദ്ധീകരണത്തിന്റെയും 90 ശതമാനത്തോളം നിര്‍വഹിക്കുന്നതും ചൈനയാണ്.
ചൈനീസ് കുത്തക
ഭാവികാലത്ത് അതിര്ത്തികളിലാവില്ല യുദ്ധങ്ങള്‍ നടക്കുക, എണ്ണക്ക് വേണ്ടിയുമാവില്ല, തീര്‍ച്ചയായും അത് അപൂര്‍വ ലോഹങ്ങള്‍ക്കും സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ക്കും വേണ്ടിയാവും. റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം ചൈന നിര്‍ത്തിയപ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെല്ലാം ഒന്നു പതറി. വാഹന, പ്രതിരോധ, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ മേഖലകളെല്ലാം സമ്മര്‍ദ്ദത്തിലായി. റെയര്‍ എര്‍ത്ത് മേഖലയിലെ പിടി എത്രമാത്രം മുറുക്കാനാകും എന്ന ചൈനയുടെ പരീക്ഷണം കൂടിയായിരുന്നു ഇത്. പ്രതിരോധ മേഖലയില്‍ ഉപയോഗിക്കില്ലെന്ന ഉറപ്പിന്മേലാണ് പിന്നീട് ഇന്ത്യന്‍ വാഹന നിര്‍മാണ മേഖലയ്ക്കുള്ള റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍ ചൈന നല്കിത്തുടങ്ങിയത്. ഒരു പടി കൂടി കടന്ന് ലോകത്തെ ഏറ്റവും വലിയ സെമികണ്ടക്റ്റര്‍ ചിപ്പ് നിര്‍മാണ കേന്ദ്രമായ തായ്വാനെ പിടിച്ചെടുക്കാനുള്ള ശ്രമവും ചൈന നടത്തിവരികയാണ്. അപകടം മണത്ത അമേരിക്ക ബെയ്ജിംഗിനെതിരെ രൂപം കൊടുത്ത സഖ്യമാണ് പാക്സ് സിലിക്ക.
ഇന്ത്യയുടെ ലേറ്റസ്റ്റ് എന്‍ട്രി
2025 ഡിസംബര്‍ 12 ന് വാഷിംഗ്ടണില്‍ പാക്സ് സിലിക്ക പ്രഖ്യാപിക്കുമ്പോള്‍ യുഎസിനൊപ്പം ചൈന വിരുദ്ധ ക്വാഡ് സഖ്യത്തിലടക്കം അംഗമായ ഇന്ത്യ അതിന്റെ ഭാഗമല്ലായിരുന്നത് ശ്രദ്ധേയമായിരുന്നു. ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണിക്കും ഓപ്പറേഷന് സിന്ദൂറിന് ശേഷം പാകിസ്ഥാനുമായും സൈനിക മേധാവി അസിം മുനീറുമായുള്ള യുസ് പ്രസിഡന്റിന്റെ സ്നേഹ പ്രകടനത്തിനും ശേഷം ഇന്ത്യയും ചൈനയും കൂടുതല്‍ അടുത്ത കാലമായിരുന്നു അത്. അഞ്ചു വര്‍ഷം നീണ്ട ശത്രുതക്ക് അവധി നല്കി ഇന്ത്യയും ചൈനയും ഇക്കാലത്ത് കൂടുതല്‍ അടുത്തു. ഏതാനും മാസങ്ങള്‍ക്കിപ്പുറം യുഎസുമായി വ്യാപാര കരാര്‍ നിലവില്‍ വന്ന ശേഷമാണ് ഇന്ത്യ പാക്സ് സിലിക്കയിലെത്തുന്നത്. ഡെല്‍ഹിയില്‍ സംഘടിപ്പിച്ച എഐ ഇംപാക്റ്റ് ഉച്ചകോടി ഇതിന് വേദിയായി. ഓസ്ട്രേലിയ, ജപ്പാന്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, യുകെ, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, യുഎഇ, ഗ്രീസ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് സ്ഥാപകാംഗങ്ങളായത്. കാനഡയും യൂറോപ്യന്‍ യൂണിയനും തായ്വാനും സഹകരിക്കുന്ന പങ്കാളികള്‍. ഈ കൂട്ടുകെട്ടിലേക്കാണ് ഇന്ത്യയുടെ ഗ്രാന്‍ഡ് എന്‍ട്രി.

കരുത്തുറ്റ കൂട്ടുകെട്ട്
ചൈനയെ കൂട്ടായി നേരിടാനാണ് സഖ്യത്തിന്റെ ശ്രമം. ഓസ്ട്രേലിയയാണ് ലിഥിയവും വമ്പന്‍ റെയര്‍ എര്‍ത്ത് നിക്ഷേപവുമായി സഖ്യത്തിന്റെ ഖനി. നെതര്‍ലന്‍ഡ്സിലെ എഎസ്എംഎലാണ് ചിപ്പ് നിര്‍മാണത്തിനുള്ള ആധുനികവും സങ്കീര്‍ണവുമായ മെഷീനറികള്‍ സപ്ലൈ ചെയ്യുന്നത്. മെമ്മറി ചിപ്പ് നിര്‍മാണത്തില്‍ ദക്ഷിണ കൊറിയക്കും സിംഗപ്പൂരിനുമാണ് വൈദഗ്ധ്യം. തായ്വാനിലെ സെമികണ്ടക്റ്റര്‍ ഫാബുകള്‍ നേരത്തെ തന്നെയുണ്ട്. ജപ്പാനും യുകെയും ഇസ്രയേലുമാണ് റിസര്‍ച്ചിലും ഡിസൈനിലും കരുത്തു കാട്ടുന്നത്. ഇതിലേക്കാണ് ഇന്ത്യയുടെ താരതമ്യേന വലിയ റെയര്‍ എര്‍ത്ത് നിക്ഷേപവും എന്‍ജിനീയറിംഗ് മികവും എത്തുന്നത്.
ഇന്ത്യക്ക് നിര്‍ണായകം
8.52 ദശലക്ഷം ടണ്‍ അപൂര്‍വ ലോഹ നിക്ഷേപമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ഉല്‍പ്പാദനം തീരെ കുറവ്. ഖനനത്തിനും അപൂര്‍വ ലോഹങ്ങളുടെ ശുദ്ധീകരണത്തിനുമായി കൂടുതല്‍ മികച്ച സാങ്കേതിക വിദ്യകളും നിക്ഷേപവും പാക്സ് സിലിക്കയില് നിന്ന് ഇന്ത്യക്ക് ലഭിക്കും. 10 സെമികണ്ടക്റ്റര്‍ നിര്‍മാണ യൂണിറ്റുകളാണ് ഇന്ത്യയില്‍ തയാറായി വരുന്നത്. ചിപ്പുകളുടെ വാണിജ്യ ഉല്‍പ്പാദനം വൈകാതെ തന്നെ ആരംഭിക്കും. എഎസ്എംഎല്‍, മൈക്രോണ്‍ പോലെയുള്ള ബഹുരാഷ്ട്ര വമ്പന്മാരുടെ സഹകരണം, സെമികണ്ടക്റ്റര്‍ പവര്‍ഹൗസ് എന്ന ഇന്ത്യയുടെ സ്വപ്നത്തിന് നിറം പകരുന്നു. ഇന്ത്യയെ ചൈനക്ക് ബദലായ ഒരു സെമികണ്ടക്റ്റര്‍ നിര്‍മാണ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് പാക്സ് സിലിക്കയും ലക്ഷ്യമിടുന്നത്. ഭൂമിയുടെ ലഭ്യത, വിദഗ്ധരായ തൊഴിലാളികളുടെ ലഭ്യത, വലിയ തൊഴില്‍ ശേഷി, കുറഞ്ഞ കൂലി, സര്‍ക്കാരിന്റെ ഉയര്‍ന്ന താല്‍പ്പര്യം തുടങ്ങി ഇന്ത്യക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്.

കേരളത്തിന് അവസരം
ചവറയും നീണ്ടകരയും ആലപ്പുഴയുമടക്കം കേരള തീരം മോണസൈറ്റും ഇല്‍മനൈറ്റും റൂട്ടൈലും സിര്ക്കോണുമടക്കം അപൂര്‍വ ധാതുക്കളുടെ നിക്ഷേപമാണ്. തോറിയം, നിയോഡൈമിയം, സെറിയം, ലാന്താനം, സമേറിയം തുടങ്ങിയ അപൂര്‍വ ലോഹങ്ങളുടെ സ്രോതസുകളാണിവ. ആഗോള സെമികണ്ടക്റ്റര്‍ ഭൂപടത്തിലേക്ക് കേരളത്തിനും കസേര വലിച്ചിട്ടിരിക്കാനുള്ള സമയമായിരിക്കുന്നെന്ന് സാരം. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി റെയര്‍ എര്‍ത്ത് കോറിഡോര്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അപൂര്‍വ ലോഹങ്ങളുടെ ഖനനത്തിനും ശുദ്ധീകരപണത്തിനും കേന്ദ്ര സഹായം ലഭിക്കും. ഇത്തരത്തില്‍ വലിയ അവസരങ്ങളാണ് പാക്സ് സിലിക്ക നമ്മുടെ മുന്നില്‍ തുറന്നിടുന്നത്. ചൈനയെ പ്രതിരോധിക്കാനുള്ള മാര്ഗമെന്നതിനപ്പുറം കൂടുതല്‍ സ്വതന്ത്രമായ കുത്തക രഹിതമായ എഐ, സെമികണ്ടക്റ്റര്‍ ലോകത്തേക്കുള്ള വാതിലായും പാക്സ് സിലിക്ക മാറട്ടെ.




