ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ആഗസ്റ്റ് 15ന് അവസാനിച്ച ആഴ്ചയില്‍ 1.48 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 695.10 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ്വ് ബാങ്ക് അറിയിച്ചു. വിദേശ കറന്‍സി ആസ്തിയിലുണ്ടായ വര്‍ധനയാണ് കരുതല്‍ ശേഖരത്തില്‍ പ്രതിഫലിച്ചത്. വിദേശനാണ്യശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തിയിലുണ്ടായ 1.92 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് നേട്ടമായത്. വിദേശ കറന്‍സി ആസ്തി 585.90 ബില്യണ്‍ ഡോളറിലെത്തി. അതേസമയം കരുതല്‍ സ്വര്‍ണ്ണ ശേഖരം 2.16 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 86.16 ബില്യണ്‍ ഡോളറിലേക്ക് എത്തി.
ആഗസ്റ്റ് 8ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ നാണ്യശേഖരം 4.747 ബില്യണ്‍ ഡോളര്‍ ആസ്തി വര്‍ധിച്ച് 693.618 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. വിദേശ കറന്‍സി ആസ്തിയിലും സ്വര്ണ്ണശേഖരത്തിലുമുണ്ടായ വര്‍ധനയാണ് അന്ന് നേട്ടമായത്.
ഈ വര്‍ഷം ഇതുവരെ വിദേശനാണ്യശേഖരത്തില്‍ 53 ബില്യണ്‍ ഡോളര്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2024-ല്‍ 20 ബില്യണ്‍ ഡോളര്‍ വര്‍ധനയാണ് ഉണ്ടായിരുന്നത്. 2023-ല്‍ വിദേശനാണ്യ ശേഖരത്തില്‍ 58 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2022-ല്‍ കരുതല്‍ ശേഖരത്തില്‍ 71 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായിരുന്നു.
യുഎസ് ഡോളര്‍, യൂറോ, ജപ്പാനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ് തുടങ്ങിയ പ്രധാന കറന്‍സികളില്‍ റിസര്‍വ്വ് ബാങ്കിനുള്ള ആസ്തി ശേഖരമാണ് വിദേശ നാണ്യ കരുതല്‍ ശേഖരം. രൂപ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ഡോളര്‍ വാങ്ങിയും ദുര്‍ബലപ്പെടുമ്പോള്‍ വില്‍ക്കുകയും ചെയ്താണ് റിസര്‍വ്വ് ബാങ്ക് കരുതല്‍ നാണ്യശേഖരം നിലനിര്‍ത്തുന്നത്.




