പുതിയ സാമ്പത്തികവര്‍ഷം നാളെ ആരംഭിക്കുകയാണ്. ഏപ്രില്‍ 1 മുതല്‍ പല സാമ്പത്തിക പരിഷ്കാരങ്ങളും രാജ്യത്ത് നടപ്പിലാകാന്‍ പോകുകയാണ്. പുതിയ ആദായ നികുതി നിയമം, റിബേറ്റ് പരിധികളിലെ പരിഷ്കാരം, ബാങ്കിംഗ്, ട്രാവല്‍ നിയമങ്ങളിലെ പരിഷ്കാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നാളെ മുതല്‍ നിങ്ങളുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുന്ന ഈ പരിഷ്കാരങ്ങള്‍ എന്തെല്ലാമാണെന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
- ആദായ നികുതി നിയമം, 2025
- റിബേറ്റ് നേട്ടം
- ടിഡിഎസ് അപേക്ഷയില്‍ മാറ്റം
- പാന്‍ കാര്‍ഡ് നിയമം കര്‍ശനമാക്കല്‍
- സോവറീന്‍ ഗോള്‍ഡ് ബോണ്ട് മാറ്റങ്ങള്‍
- അന്താരാഷ്ട്ര യാത്രകളിലെ ടിസിഎസ്
- എടിമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍
- ഐടിആര്‍ അന്തിമതീയതി
- എല്‍പിജി നിരക്ക് വര്‍ധന
- ട്രെയിന്‍ ടിക്കറ്റ് ക്യാന്സലേഷന് ചാര്‍ജ്
- English Summary
ആദായ നികുതി നിയമം, 2025
ആറു ദശാബ്ദമായി രാജ്യത്ത് നിലവിലുള്ള 1961-ലെ ആദായ നികുതി നിയമത്തിന് ബദലായി പുതിയ നിയമം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരികയാണ്. ആദായ നികുതി നിയമ പാലനം എളുപ്പമാക്കുക, ഇന്ത്യയിലെ നികുതി വ്യവസ്ഥയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നിവയെല്ലാമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങള്‍. അസസ്മെന്റ് ഇയര്‍, പ്രീവിയസ് ഇയര്‍ എന്നീ പ്രയോഗങ്ങള്‍ക്ക് ബദലായി ടാക്സ് ഇയര്‍ അഥവാ നികുതി വര്‍ഷം എന്ന വാക്ക് അവതരിപ്പിക്കുന്നുവെന്നത് ഈ നിയമത്തിലെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്. 2026 ഏപ്രില്‍ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷ കാലയളവ് 2026-27 നികുതി വര്‍ഷമെന്നാണ് ഇനി അറിയപ്പെടുക.
റിബേറ്റ് നേട്ടം
പരിഷ്കരിച്ച നികുതി വ്യവസ്ഥ പ്രകാരം, 12 ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് ആദായ നികുതി അടക്കേണ്ടതില്ല. സെക്ഷന്‍ 87Aയ്ക്ക് കീഴിലുള്ള ഉയര്‍ന്ന റിബേറ്റ് കൊണ്ടാണിത്. മാത്രമല്ല, 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനിലൂടെ ശമ്പളം പറ്റുന്ന നികുതിദായകര്‍ക്ക് നേട്ടമുണ്ടാക്കാം.
ടിഡിഎസ് അപേക്ഷയില്‍ മാറ്റം
നാളെ മുതല്‍ ഫോം 16-ന് പകരം ഫോം-130 ആയിരിക്കും, അതുപോലെ ഫോം 16A-യ്ക്ക് പകരം ഫോം 131 ആയിരിക്കും. നികുതി സംബന്ധമായ രേഖകള്‍ തയ്യാറക്കല് ലളിതമാക്കുകയെന്നതാണ് ഈ മാറ്റത്തിന് പിന്നില്‍. നികുതി ഫയല്‍ ചെയ്യലില്‍ വ്യക്തത എന്നതിനൊപ്പം ശമ്പളം, പലിശ വരുമാനം എന്നിവ റിപ്പോര്‍ട്ട് ചെയ്യല്‍ ലളിതമാക്കുക, പേപ്പര്‍ നടപടികള്‍ കുറയ്ക്കുക എന്ന ലക്ഷ്യവും ഫോമുകളിലെ മാറ്റത്തിലുണ്ട്.
പാന്‍ കാര്‍ഡ് നിയമം കര്‍ശനമാക്കല്‍
പാന്‍ കാര്‍ഡ് അപേക്ഷകളില്‍ ആധാര്‍ കാര്‍ഡ് ഒരു തെളിവായി സ്വീകരിക്കില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്ച്ച്, ജനന സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകള്‍ പാന്‍കാര്‍ഡിനായി സമര്‍പ്പിക്കേണ്ടിവരും.
സോവറീന്‍ ഗോള്‍ഡ് ബോണ്ട് മാറ്റങ്ങള്‍
സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ കാലാവധിയെത്തുമ്പോള്‍ ഉണ്ടാകുന്ന മൂലധന നേട്ടം മുമ്പ് നികുതിരഹിതമായിരുന്നു. എന്നാലിപ്പോള്‍ ആ ഇളവ് ആര്‍ബിഐ മുഖേന നേരിട്ട് എടുക്കുന്നവര്‍ക്ക് മാത്രമായിരിക്കും. ഓഹരിവിപണികള്‍ മുഖേന വാങ്ങിക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് നികുതി ഈടാക്കും.
അന്താരാഷ്ട്ര യാത്രകളിലെ ടിസിഎസ്
7 ലക്ഷം രൂപ വരെയുള്ള വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നേരത്തെ 5% ടിസിഎസ് ആണ് ഉണ്ടായിരുന്നത്. അതിന് മുകളിലുള്ളവയ്ക്ക് 20%വും. ഏപ്രില്‍ 1 മുതല്‍ക്ക് ഇവയെല്ലാം 2% ടിസിഎസ് പരിധിയില്‍ വരും.
എടിമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍
പല ബാങ്കുകളും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. യുപിഐ എടിഎം മുഖേനയുള്ള പണം പിന്‍വലിക്കല്‍ സൗജന്യ ഇടപാട് പരിധിയിലേക്ക് വരുമെന്ന് എച്ച്ഡിഎഫ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം അഞ്ച് തവണ സൗജന്യ പിന്‍വലിക്കല്‍ കഴിഞ്ഞാല്‍ 23 രൂപ ഫീസ് ഈടാക്കും. ബന്ധന് ബാങ്ക് മെട്രോ നഗരങ്ങളില്‍ മൂന്ന് സൗജന്യ പിന്‍വലിക്കലുകളും അല്ലാത്ത ഇടങ്ങളില്‍ 5 സൗജന്യ പിന്‍വലിക്കലും അനുവദിക്കും. പിന്നീടുള്ള ഓരോ എടിഎം ഇടപാടിനും 23 രൂപ ഫീസ് ഈടാക്കും. മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് പൂര്‍ത്തിയാകാത്തതിന് 25 രൂപ ഫീസ് നല്‍കേണ്ടിവരും.
ഐടിആര്‍ അന്തിമതീയതി
ഐടിആര്‍ സമര്‍പ്പിക്കുന്നതിന് ഒമ്പത് മാസങ്ങള്‍ക്ക് പകരം 12 മാസങ്ങളാണ് ഇനി നികുതിദായകര്‍ക്ക് ലഭിക്കുക. പക്ഷേ ആദ്യ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള റിട്ടേണ്‍ സമര്‍പ്പിക്കലിന് പിഴ നല്‍കണം.
എല്‍പിജി നിരക്ക് വര്‍ധന
പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
ട്രെയിന്‍ ടിക്കറ്റ് ക്യാന്സലേഷന് ചാര്‍ജ്
ഇന്ത്യന്‍ റെയില്‍വേ റീഫണ്ട് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നു. യാത്ര തുടങ്ങുന്നതിന് 8 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ല. മുമ്പ് ഇത് 4 മണിക്കൂര്‍ ആയിരുന്നു.




