നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന 6.3-6.8% പരിധിയുടെ ഉയര്‍ന്ന മേഖലയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ സൂചിപ്പിക്കുന്നത് രണ്ടാം പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 7% ന് അടുത്തെത്തിയേക്കാമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
”ഈ ശ്രേണിയുടെ താഴ്ന്ന അറ്റത്തേക്കാള്‍, ഈ ശ്രേണിയുടെ ഉയര്‍ന്ന അറ്റത്തേക്ക് നമ്മള് നീങ്ങുമെന്ന് പറയുന്നതില്‍ എനിക്ക് ഇപ്പോള്‍ കൂടുതല്‍ ആതമവിശ്വാസമുണ്ട്,” നാഗേശ്വരന്‍ പറഞ്ഞു.
ജനുവരിയില്‍ അവതരിപ്പിച്ച 2024-25 ലെ സാമ്പത്തിക സര്‍വേയില്‍, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.3-6.8% ആയി വളരുമെന്ന് സര്‍ക്കാര്‍ പ്രവചിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.5% വളര്‍ച്ചയാണ് കൈവരിച്ചിരുന്നത്. ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയായിരുന്നു. ദുര്‍ബലമായ ഉപഭോഗവും ഉല്‍പ്പാദനവുമാണ് വളര്‍ച്ച മന്ദഗതിയിലാക്കിയത്.
ജിഎസ്ടി 2.0 മൂലം 1 ലക്ഷം കോടിയുടെ സേവിംഗ്സ്
ജിഎസ്ടി 2.0 പ്രകാരമുള്ള ഏറ്റവും പുതിയ നികുതി മാറ്റങ്ങള്‍ കുടുംബങ്ങള്‍ക്കും വിശാലമായ സമ്പദ്വ്യവസ്ഥയ്ക്കും ഗണ്യമായ നേട്ടങ്ങള്‍ നല്‍കുമെന്ന് നാഗേശ്വരന്‍ പറഞ്ഞു. മാറ്റങ്ങളില്‍ നിന്നുള്ള മൊത്തം ഗാര്‍ഹിക നികുതി ലാഭം ഒരു ലക്ഷം കോടി രൂപ (ഒരു ട്രില്യണ്‍ ഡോളര്‍) വരെ ഉയരുമെന്ന് അദ്ദേഹം കണക്കാക്കുന്നു. ഗാര്‍ഹിക ഉപഭോഗ രീതികള്‍ കണക്കിലെടുക്കുമ്പോള്‍, സമ്പദ്വ്യവസ്ഥയിലുടനീളം ഈ ഫലം വര്‍ദ്ധിക്കും. ഫലം രണ്ടോ മൂന്നോ ഇരട്ടിയായാല്‍ സമ്പദ്വ്യവസ്ഥയില് ആകെ ആഘാതം 2.5 ലക്ഷം കോടി രൂപയില്‍ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




