2022-ല്‍ യുക്രൈന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി കണക്കുകള്‍. ഫിന്‍ലന്‍ഡിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിന്റെ (CREA) കണക്കുകള്‍ പ്രകാരം റഷ്യ-യുക്രൈന് യുദ്ധം തുടങ്ങിയ 2022 തുടക്കം മുതല്‍ ഇന്ത്യ 132 ബില്യണ്‍ ഡോളറിന്റെ, അതായത് ഏകദേശം 13.39 ലക്ഷം കോടി രൂപയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. ഈ കാലയളവില്‍ എണ്ണ കയറ്റുമതിയിലൂടെ റഷ്യ നേടിയ മൊത്തം വരുമാനമായ 640 ബില്യണ്‍ രൂപയുടെ 20 ശതമാനത്തോളം വരും ഇന്ത്യയുടെ വിഹിതമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയെ ചൊല്ലി ഇന്ത്യ-അമേരിക്ക ബന്ധം മോശമാകുകയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങി ഇന്ത്യ യുക്രൈനിലെ റഷ്യന്‍ യുദ്ധത്തെ ഫണ്ട് ചെയ്യുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും വിമര്‍ശിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണികളില്‍ റഷ്യന്‍ എണ്ണ ഇപ്പോഴും ലഭ്യമാണ്. സമ്പൂര്‍ണ്ണ ഉപരോധം ഇല്ലാത്തതിനാല്‍ ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങുകയും ചെയ്യുന്നു.
എന്നാല്‍ ഇതിനെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ എണ്ണ വാങ്ങുന്ന ഇന്ത്യന്‍ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും നിശിതമായി വിമര്‍ശിക്കുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ നേട്ടം ഇന്ത്യയിലെ സാധാരണക്കാര്‍ക്കല്ല, രാജ്യത്തെ സമ്പന്ന കുടുംബങ്ങള്‍ക്കാണെന്ന് കഴിഞ്ഞിടെ അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആരോപണം ഉന്നയിച്ചിരുന്നു. 16 ബില്യണ്‍ ഡോളറിന്റെ അധികലാഭമാണ് ഇതിലൂടെ ഇവര്‍ ഉണ്ടാക്കുന്നതെന്നും കണക്കുകളിലെ യുക്തി വിശദീകരിക്കാതെ ബെസന്റ് ആരോപിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനാണ് അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം പിഴത്തീരുവ ഏര്‍പ്പെടുത്തിയതും.
ആഗസ്റ്റ് 27-ന് പ്രാബല്യത്തില്‍ വരുന്ന ഈ തീരുവ വര്‍ധനവിനെതിരെ ഇന്ത്യ ശബ്ദമുയര്‍ത്തുകയും ചെയ്തു. അമേരിക്കയുടെ നടപടി യുക്തിരഹിതമാണെന്നും അന്യായമാണെന്നും ഇന്ത്യ ആരോപിച്ചു. അതേസമയം അമേരിക്ക പിഴത്തീരുവ ചുമത്തിയാലും റഷ്യയില്‍ നിന്നും തുടര്‍ന്നും എണ്ണ വാങ്ങാനാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ തീരുമാനം.
എണ്ണയല്ലാതെ, 16 ബില്യണ്‍ രൂപയുടെ കല്‍ക്കരിയും ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതുംകൂടി കൂട്ടിയാല്‍ മൊത്തത്തില്‍ 148 ബില്യണ്‍ രൂപയുടെ ഫോസില്‍ ഇന്ധനങ്ങളാണ് ഇ്ന്ത്യ 2022-ന് ശേഷം റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. എണ്ണ, വാതകം, കല്‍ക്കരി കയറ്റുമതിയിലൂടെ ഇക്കാലയളവില്‍ റഷ്യ 931 ബില്യണ്‍ രൂപ സ്വന്തമാക്കിയിട്ടുണ്ടെന്ന് CREA കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചൈനയാണ് റഷ്യയുടെ പ്രധാന എണ്ണ ഉപഭോക്തൃരാജ്യം. 193 ബില്യണ്‍ രൂപയുടെ എണ്ണയാണ് 2022 തുടക്കം മുതല്‍ ചൈന റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്. മൊത്തത്തില്‍ 268 ബില്യണ്‍ രൂപയുടെ ഫോസില്‍ ഇന്ധനം ചൈന റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ട്. അതിനുശേഷം ഏറ്റവും യൂറോപ്യന്‍ യൂണിയന് – 213 ബില്യണ്‍ രൂപ, ഇന്ത്യ – 148 ബില്യണ്‍ രൂപ, തുര്‍ക്കി – 111 ബില്യണ്‍ രൂപ എന്നീ രാജ്യങ്ങളാണ് റഷ്യന്‍ ഫോസില്‍ ഇന്ധന ഇറക്കുമതിയില്‍ മുന്നില്‍.




