ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ ഇന്ന് ന്യൂഡെല്‍ഹിയില്‍ ആരംഭിക്കും. ചര്‍ച്ചകള്‍ക്കായി ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടന്‍ ലിഞ്ചും സംഘവുമാണ് ചര്‍ച്ചയ്ക്കായി അമേരിക്കയില്‍ നിന്നും ന്യൂഡെല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിന് പിഴച്ചുങ്കമായി ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് ശേഷം ഇരുരാജ്യത്തെയും പ്രതിനിധികള്‍ മുഖാമുഖം നടത്തുന്ന ആദ്യചര്ച്ചയെന്ന സവിശേഷതയും ഈ ചര്‍ച്ചയ്ക്കുണ്ട്. ആഗസ്റ്റ് 27-നാണ് ഇന്ത്യക്കെതിരെ അമേരിക്കയുടെ 50 ശതമാനം താരിഫ് നിലവില്‍ വന്നത്. മുമ്പ് ആഗസ്റ്റ് 25 മുതല്‍ ആഗസ്റ്റ് 27 വരെ അമേരിക്കന്‍ വ്യാപാര പ്രതിനിധി സംഘം ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള ആറാംഘട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ അമേരിക്കയുടെ താരിഫ് നടപടിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനതീയതി നീട്ടുകയായിരുന്നു. എങ്കിലും കരാറിന്മേലുള്ള വിര്‍ച്വല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
കരാറില്‍ ഇനിയെന്താണ് മുമ്പില്‍ എന്ന കാര്യമാണ് പ്രധാനമായും അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയെന്ന് വാണിജ്യ മന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ സൂചന നല്‍കിയതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പദ്ധതി രൂപരേഖകള്‍ ചര്‍ച്ച ചെയ്യുകയെന്നത് മാത്രമാണ് ചര്‍ച്ചയുടെ ലക്ഷ്യം. ഇനി വരാനിരിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്ന് ചര്‍ച്ച ചെയ്യില്ല. ഒറ്റദിവസത്തെ ഈ ചര്‍ച്ച അടുത്ത ഔപചാരിക ചര്‍ച്ചയ്ക്ക് മുന്നോടിയാണ്. ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം അടുത്ത ചര്‍ച്ചയുടെ തീയതി നിശ്ചയിക്കും. ഇത് ഔപചാരിക ചര്‍ച്ച അല്ലെങ്കിലും വ്യാപാര ബന്ധം ഊഷ്മളമാക്കുന്നതിനുള്ള കാര്യങ്ങളും ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയില്‍ സമവായമുണ്ടാക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ചയായേക്കുമെന്ന് യുഎസുമായി വ്യാപാര ചര്‍ച്ചകള്‍ നടത്തുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്കുന്ന രാജേഷ് അഗര്‍വാള്‍ അറിയിച്ചു.
ഇതിന് മുമ്പ് പല തലങ്ങളിലായി ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്മേല് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തിങ്കളാഴ്ച പുറത്തുവന്ന വ്യാപാര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആഗസ്റ്റില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ജൂലൈയിലെ 8.01 ബില്യണ്‍ ഡോളറില്‍ നിന്നും 6.86 ബില്യണ്‍ ആയി കുറഞ്ഞു.