ഇന്ത്യക്കെതിരെ ഗുരുതര ആക്ഷേപവുമായി വൈറ്റ്ഹൗസിലെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. 2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 1% മാത്രമായിരുന്നുവെന്നും എന്നാല്‍ അതിനുശേഷം ഇറക്കുമതി പ്രതിദിനം 1.5 മില്യണ്‍ ബാരല്‍ എന്ന കണക്കില്‍ 30 ശതമാനമായി കുത്തനെ ഉയര്‍ന്നുവെന്നും നവാരോ ആരോപിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂടിയത് ആഭ്യന്തര ഉപയോഗം കൂടിയത് കൊണ്ടല്ലെന്നും ഇന്ത്യയിലെ വമ്പന്‍ എണ്ണ ലോബിയാണ് ഇതിലൂടെ ലാഭം കൊയ്യുന്നതെന്നും നവാരോ അവകാശപ്പെട്ടു. വന്‍ കിഴിവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണ ഇന്ത്യയിലെ റിഫൈനറികള്‍ സംസ്കരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന് ആരോപിച്ചു. തിങ്കളാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച അഭിപ്രായ കോളത്തിലായിരുന്നു ഇന്ത്യക്കെതിരെ നവാരോ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
റഷ്യന്‍ എണ്ണയുടെ പ്രധാന ശുദ്ധീകരണ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അതേസമയം ഉപരോധം ഒഴിവാക്കാന്‍ നിഷ്പക്ഷത അവകാശപ്പെടുകയാണെന്നും നവാരോ ആരോപിച്ചു. പ്രതിദിനം ഇന്ത്യ 1 മില്യണ്‍ ബാരലില്‍ അധികം ശുദ്ധീകരിച്ച റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ടെന്നും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയില്‍ അധികമാണ് ഇതെന്നുമാണ് നവാരോയുടെ അവകാശവാദം.
‘ലാഭം ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക്’
റഷ്യയുമായുള്ള ഈ എണ്ണ വ്യാപാരത്തിന്റെ ലാഭം പോകുന്നത് ഇന്ത്യയിലെ ശക്തരായ എണ്ണക്കമ്പനികളിലേക്കാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നത് പോലെ അങ്ങനെ ഇന്ത്യ റഷ്യയുടെ യുദ്ധത്തിന് ഫണ്ട് ചെയ്യുകയാണെന്നും നവാരോ ആരോപിക്കുന്നുണ്ട്. റഷ്യന്‍ എണ്ണയിലുള്ള ഇന്ത്യയുടെ ആശ്രിതത്വം അവസരവാദപരമാണെന്നും പുടിന്റെ യുദ്ധ സാമ്പത്തിക വ്യവസ്ഥയെ ഒറ്റപ്പെടുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നും നവാരോ പറയുന്നു. നിരോധിക്കപ്പെട്ട ക്രൂഡ് മൂല്യമുള്ള കയറ്റുമതികളായിക്കി മാറ്റിക്കൊണ്ട് ഇന്ത്യ റഷ്യന്‍ എണ്ണയുടെ ആഗോള ക്ലിയറിംഹ് ഹൗസ് ആയെന്നും റഷ്യയ്ക്ക് ആവശ്യമുള്ള പണം നല്കുകയാമെന്നും നവാരോ അവകാശപ്പെടുന്നുണ്ട്.
‘അമേരിക്കന്‍ കയറ്റുമതിക്കാര്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടയ്ക്കുന്നു’
യുക്രൈനിലെ പ്രതിരോധ മേഖലയെ പിന്തുണയ്ക്കുന്നതിന് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചിലവഴിക്കുമ്പോള്‍ വിലക്കുറവില്‍ എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ പരോക്ഷമായി റഷ്യയെ സഹായിക്കുകയാമെന്നും നവാരോ ആരോപിക്കുന്നു. യുക്രൈനിനെ സഹായിക്കുന്നതിന്റെ ചിലവ് അമേരിക്കയിലെയും യൂറോപ്പിലെയും നികുതിദായകര്‍ പേറുമ്പോള്‍ ഇന്ത്യ വിലകുറഞ്ഞ ക്രൂഡിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും നവാരോ ആരോപിക്കുന്നു.
‘തന്ത്രപ്രധാന പങ്കാളിയാകണമെങ്കില്‍ സ്വഭാവം മാറ്റണം’
അമേരിക്ക ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇരട്ട താരിഫ് റഷ്യയ്ക്കുള്ള സാമ്പത്തിക പിന്തുണ അവസാനിപ്പിക്കാനും യുഎസ് വിപണികളില്‍ ഇന്ത്യയ്ക്കുള്ള അനുമതി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളി എന്ന നിലയില്‍ ഇന്ത്യയെ കണക്കാക്കണമെങ്കില്‍ ഇന്ത്യ സ്വഭാവം മാറ്റണമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടാണ് നവാരോയുടെ ലേഖനം അവസാനിക്കുന്നത്.