എല്ലാ കാലാവസ്ഥയിലെയും ഉറ്റ ചങ്ങാതിമാര്‍ എന്നാണ് പാകിസ്ഥാനുമായുള്ള ബന്ധത്തെ ചൈന വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യക്കെതിരായി പാകിസ്ഥാന് നടത്തുന്ന നീക്കങ്ങളിലെല്ലാം ചെനയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ലഭിച്ചു. എന്നാല്‍ ചൈന ആറ്റുനോറ്റു വളര്‍ത്തിക്കൊണ്ടു വന്ന പാകിസ്ഥാന് ഓപ്പറേഷന് സിന്ദൂറിനു ശേഷം അമേരിക്കയുടെ പക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പൊടുന്നനെയുള്ള ഇന്ത്യാ വിരോധമാണ് പഴയ വളര്‍ത്തച്ഛനായ അമേരിക്കയുടെ മടിയിലേക്ക് വീണ്ടും ചാടിക്കയറാന്‍ പാകിസ്ഥാന് അവസമൊരുക്കിയിരിക്കുന്നത്.
മുനീര്‍ നയിക്കുന്നു
പാക് സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലാണ് തന്ത്രപരമായ ഈ മാറ്റം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടു തവണ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച മുനീറിന് ട്രംപ് അത്താഴവിരുന്ന് നല്കി. സൈനികമായും സാമ്പത്തികമായും സഹായിക്കാമെന്ന വാഗ്ദാനം വേറെയും. ഇതിന്റെ പിന്നാലെ ്ര്രടംപിന്റെ മുറ്റത്തുനിന്ന് മുനീര്‍ ഇന്ത്യയെ വെല്ലുവിളിച്ചു. ആണവായുധം പ്രയോഗിക്കുമെന്നാണ് വീണ്ടും ഭീഷണി.
ഞെട്ടലില്‍ ഷി ജിന്‍പിംഗ്
ഏതായാലും പാകിസ്ഥാന്റെ കാലുമാറ്റത്തിന്റെ ഞെട്ടലില്‍ നിന്ന് ബെയ്ജിംഗ് ഇതുവരെ മുക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു കൊടിയ വഞ്ചന അവര്‍ പ്രതീക്ഷിച്ചിട്ടില്ല. അത്രമാത്രം ആളും അര്‍ത്ഥവും നല്കി സഹായിച്ചിട്ടുണ്ട് ഇസ്ലാമാബാദിനെ. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിലെ (ബിആര്‍ഐ) ഏറ്റവും തന്ത്രപരമായതും ചെലവേറിയതുമായ പദ്ധതികളിലൊന്ന് പാകിസ്ഥാനാണ് അനുവദിച്ചിരിക്കുന്നത്, ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി (സിപിഇസി). പാകിസ്ഥാനുമായി വ്യാപാരം നടത്തി വലിയ ലാഭം കൊയ്യാമെന്നൊന്നും ഉദ്ദേശിച്ചല്ല. ഇന്ത്യയെ വടക്കു പടിഞ്ഞാറന്‍ വശത്തുകൂടി ഒന്ന് വളയാം എന്നതാണ് നോട്ടം.
മുടക്കിയ കോടികള്‍
ഏകദേശം 62 ബില്യണ്‍ ഡോളറാണ് അഥവാ 5.42 ലക്ഷം കോടി രൂപയാണ് സിപിഇസിക്കായി ചൈന നിക്ഷേപിക്കുന്നത്. ഹൈവേകള്‍, തുറമുഖങ്ങള്‍, പവര്‍ പ്ലാന്റുകള്‍, ഊര്‍ജ്ജ പൈപ്പ്ലൈനുകള് എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികളിലും ചൈന മറ്റൊരു 60 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരിക്കുന്നു. വികസനത്തിനും പ്രതിരോധ സംഭരണത്തിനുമുള്ള വന്‍ വായ്പകളും ചൈന ഇസ്ലാമാബാദിന് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന് ചൈനീസ് ബാങ്കുകള്‍ നല്കിയ വായ്പ മാത്രം ഏകദേശം 83 ബില്യണ്‍ ഡോളറിലധികം വരും. പാകിസ്ഥാന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) 50 ശതമാനവും ചൈനയില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. സൈനികമായും പാകിസ്ഥാനെ തയാറാക്കി വന്നിരുന്നത് ചൈനയായിരുന്നു. പാകിസ്ഥാന്റെ സൈനിക ഉപകരണങ്ങളുടെ 80%ത്തിലധികവും ചൈനയില്‍ നിന്നാണ്.
ഇതെല്ലാം ഒരു വശത്തു നില്‍ക്കെത്തന്നെയാണ് യുഎസ് പക്ഷത്തേക്ക് പാകിസ്ഥാന് ചാഞ്ഞിരിക്കുന്നത്. ഏതായാലും ഇനി പാകിസ്ഥാനില്‍ നിക്ഷേപം നടത്തുന്നത് കടലില്‍ കായം കലക്കുന്നതുപോലെയാണ് എന്ന് മനസിലാക്കിയാല്‍ ഷീ ജിന്‍ പിംഗിന് കൊള്ളാം. മുന്‍ ഇന്ത്യന്‍ ആര്‍മി ജനറല്‍ ജിഡി ബക്ഷി പറയുന്നതു കൂടി കേള്‍ക്കുക. ‘പാകിസ്ഥാന് ജനറല്‍മാര്‍ അവരുടെ ആയുധങ്ങളുടെ 80% ത്തിലധികവും 83 ബില്യണ്‍ ഡോളറിലധികം വായ്പയും നല്കിയ ചൈനയെ സന്തോഷത്തോടെ ഉപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും അവസരവാദപരവും വിശ്വസനീയമല്ലാത്തതുമായ രാജ്യമാണിത്. ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധങ്ങളും തിരിച്ചടയ്ക്കാന്‍ കഴിയാത്ത വായ്പകളും പാക്കിസ്ഥാന് എന്ന വഞ്ചക രാജ്യത്തിലേക്ക് മുക്കുന്നതിനുമുമ്പ് ബീജിംഗ് അത് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ജനറല്‍ ബക്ഷി മുന്നറിയിപ്പ് നല്കുന്നു.
ഒരു ക്രിപ്റ്റോ ബന്ധം
ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുള്ള ഒരു കമ്പനി പാകിസ്ഥാനില്‍ ക്രിപ്റ്റോകറന്‍സി ബിസിനസില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയോടുള്ള വൈരം മാത്രമല്ല ട്രംപിന്റെ പെട്ടെന്നുള്ള പാകിസ്ഥാന് സ്നേഹത്തിന്റെ കാരണമെന്ന് സാരം. വലിയ ബിസിനസ് താല്‍പ്പര്യങ്ങളും ഇതിന് പിന്നിലുണ്ടായേക്കും. ക്രിപ്റ്റോ കറന്‍സിയില്‍ വലിയ താല്‍പ്പര്യമാണ് പാകിസ്ഥാനും കാട്ടി വരുന്നത്. ക്രിപ്റ്റോ മൈനിംഗ് വര്‍ധിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാക് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് ചെലവഴിക്കേണ്ട വലിയ തോതിലുള്ള വൈദ്യുതി തങ്ങളുടെ പക്കലുണ്ടെന്നാണ് പാക് അവകാശവാദം.