അമേരിക്കയുടെ പിഴച്ചുങ്കവും പകരച്ചുങ്കവും പ്രാബല്യത്തില്‍ വന്ന ആഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 16.3 ശതമാനം ഇടിവുണ്ടായി. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലും ജൂലൈയെ അപേക്ഷിച്ച് 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോടെ അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന ഏറ്റെടുത്തു.
ആഗസ്റ്റില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 0.67 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 10.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ആഗസ്റ്റില്‍ ചൈന നടത്തിയത്. ചൈനയിലേക്കുള്ള കയറ്റുമതി 22.38 ശതമാനം വര്‍ധിച്ച് 1.21 ബില്യണ്‍ ഡോളറിന്റേതായി. മൊത്തത്തില്‍ 12.1 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ മാസം നടന്നത്. ഇങ്ങനെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന നേടിയത്.
അമേരിക്കയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ മാസം 6.6 ബില്യണ്‍ ഡോളറായി ചുരുങ്ങി. ജൂലൈയില്‍ ഇത് 8 ബില്യണ്‍ ഡോളറായിരുന്നു. അമേരിക്കയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് ഏപ്രിലിലെ 10 ശതമാനത്തില്‍ നിന്ന് ആഗസ്റ്റ് 7-ന് 25 ശതമാനമായും ആഗസ്റ്റ് 27-ന് 50 ശതമാനമായും ഉയര്‍ന്നിരുന്നു. ആദ്യത്തെ വര്‍ധന പകരച്ചുങ്കവും രണ്ടാമത്തേത് പിഴച്ചുങ്കവുമായിരുന്നു.
പൊതുവെ കഴിഞ്ഞ മേയ്ക്ക് ശേഷം ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മെയില്‍ 8.8 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ജൂണില്‍ അത് 8.3 ബില്യണ്‍ ഡോളര്‍ ആയും ജൂലൈയില്‍ 8 ബില്യണ്‍ ഡോളറായും കുറഞ്ഞു. എന്നാല്‍ അമേരിക്കയുടെ താരിഫ് വര്‍ധന നിലവില്‍ വന്നതിന് ശേഷം കയറ്റുമതിയില്‍ 16.3 ശതമാനത്തിന്റെ കുറവുണ്ടായി. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയും ജൂലൈയെ അപേക്ഷിച്ച് 20.8 ശതമാനം കുറഞ്ഞ് 3.6 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവാണ് ഉണ്ടായത്.
മൊത്തത്തില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ വ്യാപാരം 10.4 ബില്യണ്‍ ഡോളറിന്റേതായി ചുരുങ്ങി. അതേസമയം 50 ശതമാനം താരിഫ് . 2026 സാമ്പത്തിക വര്‍ഷം അവസാനം വരെതുടര്ന്നാല് ഇന്ത്യയ്ക്ക് 30-35 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ കയറ്റുമതി നഷ്ടപ്പെട്ടേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വര്‍ഷം മുഴുവന്‍ ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളിയായി ചൈന തുടര്‍ന്നേക്കും.




