കാലിഫോര്‍ണിയ, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന അതിരില്ലാത്ത സമ്പത്തിന്റെയും ഈറ്റില്ലം. പക്ഷേ, ഇന്ന് കാലിഫോര്‍ണിയ ഒരു പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ്. ആധുനിക രാഷ്ട്രീയത്തിലെ സാമ്പത്തിക ആശയങ്ങളിലൊന്നായ വെല്ത്ത്് ടാക്സ് അഥവാ സാമ്പത്തിന് മേലുള്ള പ്രത്യക്ഷ നികുതി. സ്റ്റേറ്റിലെ ഏറ്റവും സമ്പന്നരായ നിവാസികളെ ലക്ഷ്യമിട്ട് വെല്‍ത്ത് ടാക്സിനുള്ള ബാലറ്റ് നടപടിക്രമം പരിഗണനയിലാണ്. ഇതെച്ചൊല്ലി ടെക് സ്ഥാപകരും നിക്ഷേപകരും കാലിഫോര്‍ണിയ ഗവര്‍ണര്‍ തന്നെയും ഉള്‍പ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയാണ്.
ബില്യണയര്‍ ടാക്സ് എന്നും പറയപ്പെടുന്ന ഈ നികുതി നിര്‍ദ്ദേശത്തെ ചൊല്ലിയുള്ള പോര് രാഷ്ട്രീയ നാടങ്ങള്‍ക്കും അപ്പുറമാണ്; കാലിഫോര്‍ണിയയിലെ മൂലധനം, കണ്ടുപിടിത്തങ്ങള്‍, നികുതി നയം എന്നിവയുടെ ഭാവി സംബന്ധിച്ച് നിരവധി അതിശയകരമായതും നിര്‍ണ്ണായകമായതുമായ വസ്തുതകള്‍ ഈ പോരിലൂടെ വെളിവാക്കപ്പെടുന്നു.
ബില്യണയര്‍ നികുതിയും അതെച്ചൊല്ലിയുള്ള വിവാദങ്ങളും ഒന്ന് ഇഴകീറി പരിശോധിക്കാം.
വരുമാനത്തിനല്ല, സമ്പത്തിനാണ് നികുതി
സാമ്പ്രദായിക ആദായ നികുതിയല്ല വെല്‍ത്ത് ടാക്സ്. ഒരു ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള നിവാസികളുടെ മൊത്തം സമ്പത്തിന് മേല്‍ 5 ശതമാനം ഒറ്റത്തവണ നികുതിയാണ് വെല്‍ത്ത് ടാക്സ് മുന്നോട്ടുവെക്കുന്നത്. ഒരു വര്‍ഷം സ്വന്തമാക്കുന്ന ആസ്തിക്കല്ല ഓഹരി ഉടമസ്ഥത, റിയല്‍ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ ഉള്‍പ്പടെ ഒരു വ്യക്തിയുടെ ആകെ ആസ്തിക്ക് ബാധകമാകുന്ന രീതിയിലാണ് ഈ നികുതി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഉദാഹരണത്തിന് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഒരാളുടെ ആകെ ആസ്തി 20 ബില്യണ്‍ ഡോളാറാണെങ്കില് അതിന്റെ 5 ശതമാനം അതായത്, 1 ബില്യണ്‍ ഡോളര്‍ ബില്യണയര്‍ ടാക്സായി കൊടുക്കേണ്ടിവരും. 5 വര്‍ഷത്തേക്ക് ഇത് അടയ്ക്കേണ്ടിവരും. സര്‍വ്വീസ് എംപ്ലോയീസ് ഇന്റെര്‍നാഷണല്‍ യൂണിയന്- യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ വര്‍ക്കേഴ്സ് വെസ്റ്റിന്റെ പിന്തുണയും ഈ നിര്‍ദ്ദേശത്തിനുണ്ട്. ഈ വകയിലൂടെ വരുമാനം സമാഹരിച്ച് ആരോഗ്യസേവന മേഖലയ്ക്കായുള്ള ഫെഡറല്‍ ഫണ്ടിംഗ് കുറയ്ക്കുകയെന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. വിവിധ നിക്ഷേപങ്ങളിന്മേലും അതില്‍ നിന്നുള്ള ലാഭത്തിന്മേലുമുള്ള നികുതിയായ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സില്‍ നിന്നും വിഭിന്നമായി, തങ്ങളുടെ കമ്പനി ഓഹരികള്‍ പൊതുവിപണിയില്‍ വ്യാപാരം നടത്തുന്നില്ലെങ്കില്‍ പോലും സ്ഥാപകര്‍ക്ക് ബില്യണ്‍ കണക്കിന് തുക നികുതി അടയ്ക്കാനായി കണ്ടെത്തേണ്ടിവരുമെന്നത് ടെക് സ്ഥാപകരെ സംബന്ധിച്ചെടുത്തോളം വലിയ ആശങ്കയാണ്. സിലിക്കണ്‍ വാലിയുടെ സമ്പത്തിന് ഇന്ധനമായ പേപ്പര്‍ സമ്പത്തിന് അടിസ്ഥാനപരമായ വെല്ലുവിളിയാണിത്.
ആദ്യ കമ്പനിയില്‍ നിന്നും പണമുണ്ടാക്കി, അതിന് ദശലക്ഷക്കണക്കിന് ഡോളര്‍ നികുതി നല്കി, ബാക്കിയുള്ളത് കൊണ്ട് അടുത്ത കമ്പനി തുടങ്ങുകയും ആറായിരത്തോളം പേരെ ജീവനക്കാരായി നിയമിക്കുകയും ചെയ്ത തനിക്കും സഹ-സ്ഥാപകര്‍ക്കും ഇനി ബില്യണ്‍കണക്കിന് ഡോളര്‍ നികുതിയടയക്കാന് പണം കണ്ടെത്തേണ്ട സ്ഥിതിയാണെന്ന് അണ്ഡ്യൂരില് കമ്പനിയുടെ സഹസ്ഥാപകനായ പാമര്‍ ലക്കി വെല്‍ത്ത് ടാക്സ് നികുതി നിര്‍ദ്ദേശത്തെ കുറിച്ച് പരിഭവപ്പെടുന്നു.
സംസ്ഥാനം വിട്ടാലും രക്ഷയില്ല
നിര്‍ദ്ദേശം മുന്നില്‍ കണ്ട് സ്റ്റേറ്റ് വിടാനൊരുങ്ങുന്നവരെയും വെറുതെ വിടില്ലെന്നതാണ് വെല്‍ത്ത് ടാക്സ് നിര്‍ദ്ദേശത്തിന്റെ മറ്റൊരു പ്രത്യേകത. നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയും വോട്ടര്‍മാരുടെ അനുമതി ലഭിക്കുകയും ചെയ്താല്‍, 2026 ജനുവരി 1-ന് സ്റ്റേറ്റില്‍ ഉണ്ടായിരുന്ന ഏതൊരാളും വെല്‍ത്ത് ടാക്സ് അടയ്ക്കാന്‍ നിര്‍ബന്ധിതരാകും.
നിര്‍ദ്ദേശം നിലവില്‍ വന്നാല്‍ സ്റ്റേറ്റ് വിട്ടേക്കാവുന്ന ആളുകളെ കണക്കിലെടുത്താണ് അവരെ കൂടി വെല്‍ത്ത് ടാക്സില്‍ തളച്ചിടാനുള്ള ഈ നിര്‍ദ്ദേശം. ടെക് നിക്ഷേപകനായ പീറ്റര്‍ തെയിലും ഗൂഗിള്‍ സഹസ്ഥാകനായ ലാറി പേജും പോലുള്ള പ്രമുഖര്‍ കാലിഫോര്‍ണിയ വിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് കേള്‍വി. ഇത്തരം പുതിയ നികുതികള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഭാവിയില്‍ നിക്ഷേപകര്‍ അവരുടെ സംരംഭങ്ങള്‍ക്കും താമസത്തിനുമായി ഒരു സ്റ്റേറ്റിന്റെ നികുതി ഘടന കൂടി പരിഗണനാവിഷയമാക്കിയേക്കും. ഉല്‍പ്പാദനക്ഷമരായ സംരംഭകര്‍ കൂടി സ്റ്റേറ്റ് വിട്ടാല്‍ അവരില്‍ നിന്നുള്ള നികുതിയും അവരിലടെയുള്ള തൊഴിലവസരങ്ങളും മറ്റൊരിടത്തിന് നേട്ടമായി മാറുമെന്നും പെര്‍ഷിംഗ് സ്ക്വയറിന്റെ സിഇഒ ബില്‍ ഓക്മാന് അഭിപ്രായപ്പെടുന്നു.
ബില്യണയര്‍മാര്‍ മാത്രമല്ല എതിര്‍ക്കുന്നത്
പ്രത്യക്ഷത്തില്‍ ഈ നികുതി നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നത് പ്രമുഖരായ ബില്യണയര്മാരാണെങ്കിലും കാലിഫോര്‍ണിയയുടെ ഗവര്‍ണറായ ഗവിന്‍ ന്യൂസോമും വെല്‍ത്ത് ടാക്സിന് എതിരാണ്. താന്‍ ബില്യണയര്‍ ടാക്സിന് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
അസമത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമ്പോഴും സമ്പത്ത് സൃഷ്ടിക്കുന്നതിന് ഏറ്റവും മികച്ച ഇടമായി കാലിഫോര്‍ണിയ തുടരുമെന്ന് സ്്റ്റേറ്റിലെ ബിസിനസ്, ടെക് വ്യക്തിത്വങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പ്രതിനിധിയാണ് ന്യൂസോമെന്ന് വേണം കരുതാന്‍. ഭയക്കേണ്ട ഒരു കാര്യമല്ല ഇതെന്നും വരുമാന, സാമ്പത്തിക അസമത്വത്തിലുപരിയായി ഈ രാജ്യമൊന്നാകെ രൂപപ്പെട്ടിരിക്കുന്ന ഒരു ആശങ്കയാണെന്നും ന്യൂസോം അഭിപ്രായപ്പെടുന്നു.
വെല്‍ത്ത് ടാക്സിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കാലിഫോര്‍ണിയയെ നിര്‍ണ്ണായക വഴിത്തിരുവില്‍ നിര്‍ത്തിയിരിക്കുകയാണ്. ഒരുവശത്ത്, സാമ്പത്തിക അസമത്വത്തെയും പൊതു സേവനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെയും അഭിമുഖീകരിക്കേണ്ട സ്ഥിതി. അതിനായി സ്റ്റേറ്റിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ സഹായം വേണ്ടെന്ന് വെക്കാന്‍ കഴിയില്ല. മറുവശത്ത് ദശാബ്ദങ്ങളായി സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജം പകര്‍ന്ന മൂലധനം, പ്രതിഭകള്‍, കണ്ടുപിടിത്തങ്ങള്‍ എന്നിവ മറ്റൊരിടത്തേക്ക് ഒഴുകുമെന്ന പ്രതിസന്ധിയും. കണ്ടുപിടിത്തങ്ങളുടെയും സാമ്പത്തിക സുരക്ഷയുടെയും നെടുംതൂണായ ടെക് നിക്ഷേപകരെയും സ്ഥാപകരെയും പിണക്കാതെ സാമ്പത്തിക അസമത്വമെന്ന പ്രതിസന്ധിയെ നേരിടാനുള്ള മികച്ച പരിഹാരം മുന്നോട്ടുവെക്കാന്‍ കാലിഫോര്‍ണിയയ്ക്ക് കഴിയുമോ?




