ജപ്പാനിലെ റേറ്റിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഇന്ക് (R&I) ഇന്ത്യയുടെ വിദേശനാണ്യ ഇഷ്യൂവര്‍ റേറ്റിംഗ് BBB എന്നതില്‍ നിന്നും BBB+ ആയി ഉയര്‍ത്തി. സ്ഥിരത, ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, സാമ്പത്തിക അച്ചടക്കം എന്നിവയെ മുന്‍നിര്‍ത്തിയാണ് റേറ്റിംഗ് ഉയര്‍ത്താന്‍ R&I തീരുമാനിച്ചത്. കമ്പനി ഇന്ത്യയ്ക്ക് വിദേശ നാണ്യ ഹ്രസ്വകാല ഡെബിറ്റ് റ്റേിംഗ് 2 ആണ് നല്‍കിയത്.
കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുന്ന മൂന്നാമത്തെ ഏജന്‍സിയാണ് R&I. ഇതിനുമുമ്പ് S&P ആഗസ്റ്റില്‍ ഇന്ത്യയുടെ റേറ്റിംഗ് BBB_ ല്‍ നിന്നും BBB ആയി ഉയര്‍ത്തിയിരുന്നു. മേയില്‍ മോര്‍ണിംഗ് സ്റ്റാര്‍ DBRS, BBB (താഴ്ന്നത്) എന്നതില്‍ നിന്നും ഇന്ത്യയുടെ റേറ്റിംഗ് BBB ആയി ഉയര്‍ത്തി.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലവില്‍ ഡെമോഗ്രാഫിക് ഡിവിഡന്‍സ് (ജനസംഖ്യ ലാഭവിഹിത) ഘട്ടത്തിലാണെന്ന് R&I അഭിപ്രായപ്പെട്ടു. അതിനാല്‍ ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ശക്തമായ വളര്‍ച്ച നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കും. 2026 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യ 6 ശതമാനത്തോട് ചേര്‍ന്നുള്ള വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ജനസംഖ്യയിലെ വളര്‍ച്ചയും വരുമാനത്തിലെ വിടവ് ചുരുങ്ങലും സര്‍ക്കാരിന്റെ പൊതുമേഖലയിലെ നിക്ഷേപങ്ങളും സാമ്പത്തിക നയങ്ങളും അടക്കമുള്ള ഘടകങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു.
R&I-യുടെ റേറ്റിംഗ് ഉയര്‍ത്തല്‍ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു. ലോകത്തിലെ ഏറ്റവും സജീവമായ, വെല്ലുവിളികളെ അതിജീവിക്കുന്ന സുപ്രധാന സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്ഥാനം അടിവരയിടുന്നതാണ് റേറ്റിംഗ് ഏജന്‍സിയുടെ നടപടിയെന്നും സര്‍ക്കാര്‍ പറഞ്ഞു. അഞ്ചുമാസത്തിനിടെ ഇന്ത്യയ്ക്ക് അനുകൂലമായി മൂന്ന് ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ച്ചകള്‍ ഉണ്ടായതെന്നും അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഗോളതലത്തില്‍ ഉണ്ടാകുന്ന വിശ്വാസ്യതയ്ക്കുള്ള തെളിവാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
2024 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.5 ശതമാനം ജിഡിപി വളര്‍ച്ചയാണ് നേടിയത്. 2025 ഏപ്രില്‍-ജൂണ്‍ കാലയളവിലും 7.8 ശതമാനത്തില്‍ വളര്‍ച്ച ശക്തമായി തുടര്‍ന്നു.




