ജിഎസ് ടി പരിഷ്കാരം ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ നേട്ടമായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. മുമ്പ് 12 ശതമാനം ജിഎസ് ടി വിഭാഗത്തിലുണ്ടായിരുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ 5 ശതമാനം ജിഎസ് ടിയിലേക്ക് മാറിയെന്നും ചെന്നൈയില്‍ നടന്ന വ്യാപാര, വ്യാവസായിക സംയുക്ത കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
140 കോടി ജനങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പരിഷ്കാരമാണിത്. 10 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലുള്ള ജിഎസ് ടി നിരക്കിളവ് സാധാരണ ജനങ്ങള്‍ക്ക് ചിലവ് കുറയ്ക്കാനും അതിലൂടെ ഉണ്ടാകുന്ന ലാഭം മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കായി വിനിയോഗിക്കാനും സാധിക്കും – മന്ത്രി പറഞ്ഞു.
ജിഎസ് ടി നിരക്കിളവിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ കമ്പനികള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. 2017-ല്‍ ജിഎസ് ടി അവതരിപ്പിച്ചപ്പോള്‍ 65 ലക്ഷം നികുതിദായകരാണ് ഉണ്ടായിരുന്നതെന്നും എന്നാലിപ്പോള്‍ അത് 1.51 കോടിയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2017-ല്‍ 7.19 ലക്ഷം കോടി ആയിരുന്ന ജിഎസ് ടി റെസിപ്റ്റുകള്‍ ഇന്ന്ന 22 ലക്ഷം കോടിയായി. ഒരുമാസം ശരാശരി, 1.9 ലക്ഷം കോടി രൂപ അല്ലെങ്കില്‍ 2 ലക്ഷം കോടി രൂപ ജിഎസ് ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നു. മാസം 1.8 ലക്ഷം കോടി രൂപ ജിഎസ് ടി ആയി ലഭിച്ചാല്‍, 90,000 കോടി രൂപ സംസ്ഥാനങ്ങൡ നിന്നും 90,000 കോടി രൂപ കേന്ദ്രത്തില്‍ നിന്നുമാണ് വരുന്നത്. കേന്ദ്രത്തിന്റെ 90,000 കോടി രൂപയില്‍ നിന്ന് 41 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എട്ടുമാസം സമയം എടുത്താണ് ജിഎസ് ടി 2.0 പരിഷ്കാരങ്ങള്‍ക്ക് രൂപം നല്‍കിയതെന്നും എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരുടെ സഹകരണത്തോടെയാണ് നിരക്കുകളില്‍ അന്തിമ തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.350 ഓളം ഉല്‍പ്പന്നങ്ങളുടെ ജിഎസ് ടി കുറച്ചതായും മന്ത്രി വ്യക്തമാക്കി. വെറും മൂന്നുദിവസം കൊണ്ട് ജിഎസ് ടി രജിസ്ട്രേഷന് സാധ്യമാകുന്ന രീതിയില്‍ ജിഎസ് ടി വ്യവസ്ഥ വളരെ ലളിതമാക്കി. ഉല്‍പ്പന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും ജിഎസ് ടി 2.0ലൂടെ സാധിച്ചു.
മുമ്പ് ജിഎസ് ടി നിരക്കുകളുമായി ബന്ധപ്പെട്ട് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിയമങ്ങളായിരുന്നു. ഇപ്പോള്‍ എല്ലാ ഭക്ഷ്യവസ്തുക്കളെയും 5 ശതമാനം അല്ലെങ്കില്‍ നികുതിരഹിതമാക്കി. അതുകൊണ്ട് പട്ടികപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോഴില്ലെന്നും മന്ത്രി അവകാശപ്പെട്ടു.




