റിലയന്‍സിന്റെ ടെലികോം ഡിജിറ്റല്‍ വിഭാഗമായ ജിയോ, ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ മറികടന്ന് ഏറ്റവും ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡായി തുടരുന്നുവെന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ‘ഗ്ലോബല്‍- 500 2024’. ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023 റാങ്കിംഗിലും ജിയോ ഇന്ത്യയുടെ ശക്തമായ ബ്രാന്‍ഡുകളില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയിരുന്നു.
വീചാറ്റ്, യൂട്യൂബ്, ഗൂഗിള്‍, ഡെലോയിറ്റ്, കൊക്ക കോള, നെറ്ഫ്ലിക്സ് എന്നിവ മുന്‍ നിരയിലുള്ള 2024-ലെ റാങ്കിംഗില്‍, 88.9 എന്ന ബ്രാന്‍ഡ് സ്ട്രെംഗ്ത് ഇന്‍ഡക്സുമായി ലോകത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളുടെ ലിസ്റ്റില്‍ ജിയോ 17-ാം സ്ഥാനം നേടി. പട്ടികയില്‍ എല്‍ഐസി 23-ാം സ്ഥാനത്തും എസ്ബിഐ 24-ാം സ്ഥാനത്തുമാണ്. ഈവൈ, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ബ്രാന്‍ഡുകളേക്കാള്‍ മുന്നിലാണ് ഇത്.
‘ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ താരതമ്യേന പുതുതായി കടന്നുവന്ന ജിയോ, ബ്രാന്‍ഡ് മൂല്യത്തില്‍ 14 ശതമാനം വര്‍ദ്ധനയോടെ 6.1 ബില്യണ്‍ ഡോളറിലെത്തി. 89.0 എന്ന ഉയര്‍ന്ന ബ്രാന്‍ഡ് കരുത്ത് സൂചിക സ്കോറും അനുബന്ധ എഎഎ ബ്രാന്‍ഡ് റേറ്റിംഗും നേടി ശക്തമായ ബ്രാന്‍ഡായി ഉയര്‍ന്നുവരുന്നു,’ റിപ്പോര്‍ട്ട് പറയുന്നു.
‘റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബ്രാന്‍ഡ് നിക്ഷേപം ടെലികോം വ്യവസായത്തിലെ ജിയോയുടെ ഉയര്‍ച്ചയ്ക്ക് പിന്തുണ നല്കുന്നു, ഇത് അതിവേഗ ഉപഭോക്തൃ അടിത്തറ വളര്‍ച്ചയും വരുമാന വളര്‍ച്ചയും നല്കുന്നു. ബ്രാന്‍ഡിന്റെ ഉയര്‍ന്ന ബ്രാന്‍ഡ് ശക്തി സൂചികയും എഎഎ റേറ്റിംഗും അതിന്റെ ദ്രുതഗതിയിലുള്ള ഉപഭോക്തൃ അടിത്തറ വളര്‍ച്ച, വിപണി നവീകരണം, ശക്തമായ സ്വീകാര്യത എന്നിവയില്‍ പ്രതിഫലിക്കുന്നു.’, റിപ്പോര്‍ട്ട് പറഞ്ഞു.