ഇന്ത്യന്‍ കോഫി ഹൗസ് എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കം. തലപ്പാവ് വച്ച വെയിറ്റര്‍മാര്‍ വിളമ്പുന്ന കോഫിയും കട്ട്ലറ്റും ഓര്‍മയില്‍ സൂക്ഷിക്കാത്തവര്‍ വിരളം. എന്നാല്‍ ഇതില്‍ എത്രപേര്‍ക്ക് ഇന്ത്യന്‍ കോഫി ഹൗസിന്റെ ചരിത്രം അറിയാം?
ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം ആരംഭിക്കുന്നത് 1780 ല്‍ കല്‍ക്കട്ടയിലാണ്, അതായത് ഇന്നത്തെ കൊല്‍ക്കത്ത. രണ്ടാമത്തേത് 1892 ല്‍ മദിരാശിയിലും മൂന്നാമത്തേത് 1909 ല്‍ ബാംഗ്ലൂരിലും ആണ് സ്ഥാപിതമായത്. 1940 ല്‍ കാപ്പി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാര്‍ക്കറ്റ് എക്സ്പാന്ഷന് ബോര്‍ഡ് രൂപവത്കരിക്കപ്പെട്ടു.

1942 ല്‍ ആണ് കോഫീ ഹൗസുകള്‍ എന്ന നിലയിലേക്കുള്ള മാറ്റം. അതോടെ എല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകള്‍ നിലവില്‍ വന്നു. (എന്നാല്‍ 1957 ല്‍ കോഫി ബോര്‍ഡ് കോഫി ഹൗസുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളില്‍ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ല്‍ പിരിച്ചു വിട്ടു. ഇതിനെ എതിര്‍ത്ത എ കെ ഗോപാലന്(എ.കെ.ജി) മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കോഫിബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിച്ചു.)
1958 ല്‍ തൃശൂരില്‍ കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവില്‍ വന്നു. 1958-ല്‍ തൃശൂരില്‍ രൂപം നല്കിയ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷന് എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യന്‍ കോഫീ ഹൗസ് ശൃംഖല നടത്തുന്നത്.




